നിഘണ്ടുക്കളുടെ കാര്യത്തില് നമ്മള് അതിസമ്പന്നരാണ്. ഇന്ത്യയില് ഏറ്റവുമധികം നിഘണ്ടുക്കള് വില്ക്കപ്പെടുന്നതും മലയാളത്തില്ത്തന്നെയാണ്. അങ്ങനെയാകാതെ തരവുമില്ല. പ്രദേശികഭാഷയില് ഏറ്റവുമധികം പദസമ്പത്തുള്ള ഭാഷകളുടെ പട്ടികയില് ആദ്യത്തെ പത്തില് മലയാളമുണ്ടായിരിക്കും തീര്ച്ച. ഭാഷ വികസിക്കുന്നതോടൊപ്പം ഭാഷയുടെ ചൈതന്യവും ആശയസംവഹനക്ഷമതയും ഉള്‌ക്കൊള്ളുന്ന പുതിയ നിഘണ്ടുക്കള് ആധുനികഭാരതീയഭാഷയില് ഉണ്ടാകുന്നത്/ഉണ്ടായിക്കൊണ്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും മാത്രമാണ്. ഭാഷയുടെ കാര്യത്തില് മാത്രമല്ല, കലയുടെ കാര്യത്തിലും ഈ ശുഷ്‌കാന്തി നിലനിര്ത്തുന്നു എന്നതിനുത്തമദൃഷ്ടാന്തമാണ് വി ടി സുനിലിന്റെ സംഗീതനിഘണ്ടു.

സംഗീതം ഇഷ്ടപ്പെടാത്ത മനസ്സുകളില്ല. ഏതൊരു ജീവജാലത്തെയും ഒരു വിധത്തിലല്ലെങ്കില് മറ്റൊരു വിധത്തില് സ്വാധീനിക്കാന് കഴിയുന്ന കലയാണ് സംഗീതം. അതുകൊണ്ടുതന്നെയാണ് കലകളില് വച്ച് ഏറ്റവും ശ്രേഷ്ഠമായത് എന്ന് സംഗീതത്തിന് വിശേഷണം വന്നുചേര്ന്നത്. പ്രകൃതിയുടെ എല്ലാ ചലനത്തിലും സംഗീതത്തിന്റെ സാന്നിധ്യമുണ്ട്. ഗ്രീക്ക് ചിന്തകനായ പ്ലേറ്റോ മുതല് ചൈനീസ് ചിന്തകനായ കണ്ഫ്യൂഷ്യസ്വരെ സംഗീതത്തിന്, മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും സ്വാധീനിക്കാനുള്ള കഴിവിനെപ്പറ്റി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏതൊരു ശാസ്ത്രത്തെക്കാളും തത്ത്വചിന്തയെക്കാളും ഉയര്ന്നുനില്ക്കുന്ന ഒരു വെളിപാടാണ് സംഗീതമെന്ന് വിഖ്യാത സംഗീതജ്ഞനായിരുന്ന ബീഥോവന് (17701827) അഭിപ്രായപ്പെട്ടിട്ടുണ്ട്.ഭാഷ, ദേശം, ജാതി, മതം, കുലം മുതലായ അതിര്വരമ്പുകള് സംഗീത ത്തിനില്ല. പള്ളികളിലെ 'വാങ്ക്' വിളിയിലും ക്ഷേത്രാങ്കണത്തിലെ മന്ത്രശ്ലോക ങ്ങളിലും പള്ളിമണിയിലും മുഴങ്ങിനില്ക്കുന്നത് സംഗീതമല്ലാതെ മറ്റൊന്നുമല്ല. സാമൂഹികജീവിയായ മനുഷ്യന് തന്റെ സാമൂഹികവും മതപരവും സാംസ്‌കാരി കവുമായ എല്ലാ മേഖലകളിലും സംഗീതത്തെ ഒഴിവാക്കി കടന്നുപോകാനാവില്ല.

സംഗീതം ഒരു കല മാത്രമല്ല, ഒരു ശാസ്ത്രംകൂടിയാണ്. ശാസ്ത്രപരമായ വിഷയങ്ങള് അതിഗഹനമായ ചിന്തകളും പഠനങ്ങളും നിരീക്ഷണങ്ങളും ഗവേഷണവും ആവശ്യമായവയാണ്. മറ്റ് ശാസ്ത്രങ്ങളിലെന്നപോലെ സംഗീത ത്തിലും അടിസ്ഥാനപരമായ കാര്യങ്ങളില് പരിണാമം ഉണ്ടാകുന്നില്ലാ എങ്കിലും സംഗീതത്തെ സംബന്ധിച്ചും നിരന്തര പഠനഗവേഷണങ്ങള് നടക്കേണ്ടതുണ്ട്. മ്യൂസിക് തെറാപ്പിപോലുള്ള ചികിത്സാസമ്പ്രദായങ്ങളിലൂടെ മറ്റ് ശാസ്ത്രമേഖലകളുമായും സംഗീതം കൈകോര്ത്ത് മുന്നേറുന്ന ഈ ആധുനികയുഗത്തില് സംഗീതശാസ്ത്രപരമായ വിഷയങ്ങള് അധികരിച്ചുള്ള അനേകം ഗ്രന്ഥങ്ങള് ഉണ്ടാകുന്നുണ്ട്. മലയാളത്തിലും സംഗീതസംബന്ധിയായ മികച്ച ഗ്രന്ഥങ്ങള് ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു ഭാഷകളെ അപേക്ഷിച്ച് അവ എണ്ണത്തില് കുറവാണ്; പ്രത്യേകിച്ചും കോശഗ്രന്ഥങ്ങള്‌പോലെയുള്ളവ. അത്തരമൊരു കുറവു പരിഹരിക്കുന്നതിനുള്ള അഭിനന്തനാര്ഹമായ ശ്രമമാണ് സംഗീതനിഘണ്ടുവിന്റെ രചനയിലൂടെ സ്വാതിതിരുനാള് സംഗീതകോളേജിലെ പ്രൊഫസറും സംഗീതഗവേഷകനുമായ വി ടി സുനില് നിര്വഹിച്ചിരിക്കുന്നത്.

പുസ്തകം : സംഗീതനിഘണ്ടു
ഗ്രന്ഥകാരന് : വി.ടി സുനില്
വിഭാഗം : നിഘണ്ടു/ സംഗീതം
പേജ് : 827
വില : 425
പ്രസാധകര് : ഡിസി ബുക്‌സ്
ISBN : 9788126436002