- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരേന്ത്യൻ സംഗീതലോകം കീഴടക്കിയ നിവേദിത അച്ഛന്റെ വിയോഗമുണ്ടാക്കിയ ഇടവേളയ്ക്കു ശേഷം വീണ്ടും അരങ്ങിലേക്ക്; 14 ഭാഷകളിൽ പാടി ചരിത്രം കുറിച്ച പ്രിയഗായിക ഇനി മലയാളത്തിലും മാറ്റുരയ്ക്കും
കണ്ണൂർ: മുംബൈ സംഗീതവേദികളിലെ പ്രിയശബ്ദത്തിനുടമയായ മലയാളി ഗായിക വീണ്ടും അരങ്ങിലെത്തി. അച്ഛനും പാട്ടുകാരനുമായ ബാലകൃഷ്ണന്റെ ആകസ്മിക വിയോഗത്തിനു ശേഷം അരങ്ങിൽ നിന്നും മാറിനിന്ന നിവേദിത വീണ്ടും വേദിയിലെത്തിയത് കിഴുത്തള്ളിയിലെ തറവാട്ടു ക്ഷേത്രത്തിലാണ്. ഞാനൊരു ഗായികയാകണമെന്ന അച്ഛന്റെ മോഹം അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ തന്നെ സാക്ഷ
കണ്ണൂർ: മുംബൈ സംഗീതവേദികളിലെ പ്രിയശബ്ദത്തിനുടമയായ മലയാളി ഗായിക വീണ്ടും അരങ്ങിലെത്തി. അച്ഛനും പാട്ടുകാരനുമായ ബാലകൃഷ്ണന്റെ ആകസ്മിക വിയോഗത്തിനു ശേഷം അരങ്ങിൽ നിന്നും മാറിനിന്ന നിവേദിത വീണ്ടും വേദിയിലെത്തിയത് കിഴുത്തള്ളിയിലെ തറവാട്ടു ക്ഷേത്രത്തിലാണ്. ഞാനൊരു ഗായികയാകണമെന്ന അച്ഛന്റെ മോഹം അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ തന്നെ സാക്ഷാത്ക്കരിക്കപ്പെട്ടെങ്കിലും പെട്ടെന്നുള്ള വിയോഗം നിവേദിതയുടെ സംഗീത പ്രവാഹത്തിന് പ്രതിബന്ധമാവുകയായിരുന്നു. എല്ലാം ഒരു നിയോഗമാണെന്ന് നിവേദിത പറയുന്നു. ഹിന്ദിയും മറാഠിയും ഉൾപ്പെടെ പതിനാല് ഭാഷകളിലും നിവേദിത പാടിയിട്ടുണ്ട്.
മുബൈവാലകൾ അരങ്ങു തകർത്തു കൊണ്ടിരിക്കുന്ന വേദികളിൽ മലയാളിയായ ഈ പൂങ്കുയിൽ ഹിന്ദി ഗാനങ്ങൾ പാടിത്തുടങ്ങിയപ്പോൾ സ്‌റ്റേജ് ഒന്നടക്കം ഇളകി മറിയുകയായിരുന്നു. 1997 ൽ 'യെ ഉമ്ര് ഐ ഐസെ' എന്ന ആദ്യ ആൽബം തന്നെ പ്രശസ്ത സംഗീത സംവിധായകൻ പ്രിയദർശൻ നിർവ്വഹിച്ചതായിരുന്നു. നല്ലൊരു പാട്ടുകാരനായിരുന്നു അച്ഛൻ ബാല. അമ്മ ഗാർഗി നർത്തകിയും.
ചിലങ്കയണിഞ്ഞായിരുന്നു നിവേദിത വേദിയിൽ ആദ്യം എത്തിയിരുന്നത്. അഞ്ചാം വയസ്സിൽ നൃത്തത്തെ വരിച്ച നിവേദിത നന്നായി പാടുമായിരുന്നു. അച്ഛൻ ബാലയുമായുള്ള ഗാനഗന്ധർവ്വൻ യേശുദാസിന്റെ ബന്ധം ഒരു നിമിത്തമാവുകയായിരുന്നു. മുബൈയിലെ വീട്ടിൽ സന്ദർശനത്തിനെത്തിയ യേശുദാസ് നിവേദിതയുടെ ശബ്ദ സൗന്ദര്യം തിരിച്ചറിഞ്ഞു. ഹിന്ദുസ്ഥാനി പഠിക്കാൻ ഉപദേശിക്കുകയും ചെയ്തു. എട്ടു വയസ്സുകാരി നിവേദിത യേശുദാസിന്റെ ഉപദേശത്തിലൂടെ ഗുലാം മുസ്തഫാ ഖാനിൽ നിന്നും ഗൗതം മുഖർജിയിൽ നിന്നും ഹിന്ദുസ്ഥാനി പഠനം ആരംഭിച്ചു.
ടി.ആർ ബാലാമണിയിൽ നിന്നും കർണാടക സംഗീതവും അഭ്യസിച്ചു. പ്രശസ്തഗായകൻ മുഹമ്മദ് റാഫിയുടെ മകൻ ഷാഹിദ് റാഫിയുമെന്നിച്ച്്് വേദിയിൽ പാടിയതോടെ നിവേദിത സംഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. ഹിന്ദിയിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ മലയാളി പെൺകൊടി കൊച്ചിയിലും കോഴിക്കോട്ടും വേദികൾ കീഴടക്കി. സ്‌റ്റേജ് ഷോകളിൽ ആരാധകരുടെ പ്രശംസയുടെ കൊടുമുടിയിലെത്തിയ നിവേദിത മലയാളിയാണെന്ന്് അധികമാരും അറിഞ്ഞില്ല.
ബംഗളൂരുവിൽ ഹരിഹരനൊപ്പവും നിവേദിത പാടി. ഉത്തരേന്ത്യൻ വാർത്താ മാദ്ധ്യമങ്ങളിൽ 21- ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ നിവേദിത നിറഞ്ഞു നിന്നു. സനിൽ കളത്തിൽ സംവിധാനം ചെയ്ത 'ഉത്തര 'എന്ന മലയാള ചലച്ചിത്രത്തിൽ നായികയായും നിവേദിത അഭിനയപാടവം തെളിയിച്ചു. ശിവ, കൃഷ്ണ, ക്രൈസ്തവ, ഭക്തി ഗാനങ്ങൾ നൂറിലേറെയാണ്. നൂറിലേറെ സായി ഭജൻ ഹിന്ദിയിൽ പാടിയിട്ടുണ്ട്്്. നിവേദിതയുടെ ശ്രുതിക്കും ശരീര ഭാഷക്കും ഇണങ്ങുന്നത് ഹിന്ദിയാണെന്നാണ് ശ്രോതാക്കളുടെ അഭിപ്രായം. പാശ്ചാത്യസംഗീതത്തിൽ സീലിയോ ലോബോ, സോറോസ്്്, എന്നിവരാണ് നിവേദിതയുടെ ഗുരുക്കന്മാർ. ഭരതനാട്യവും ഒഡീസിയും വെസ്‌റ്റേൺ ജാസും ഒക്കെ നിവേദിതക്ക് വഴങ്ങിയിട്ടുണ്ട്്്. ഫിലോസഫിയിൽ ബി.എ. ബിരുദം നേടിയ നിവേദിത മുബൈയെക്കൂടാതെ റായിപ്പൂർ, ദുബായ് എന്നിവിടങ്ങളിലും സ്റ്റേജ് ഷോ അവതരിപ്പിച്ചിട്ടുണ്ട്്്.
ദിൽ കുർബാൻ ജാൻ കുർബാൻ എന്ന ആർദ്രഗാനങ്ങളടങ്ങിയ ആൽബം നിവേദിതയെ ദേശീയതലത്തിലേക്ക്് എത്തിക്കുകയായിരുന്നു. മാതൃരാജ്യത്തിനു വേണ്ടി രാപ്പകൽ കാവൽ നിൽക്കുന്ന പട്ടാളക്കാർ, അവരെക്കാത്ത്് രാജ്യത്തിന്റെ വിവിധ ഗ്രാമങ്ങളിൽ കഴിയുന്ന വേണ്ടപ്പെട്ടവർ, ഒടുവിൽ യാത്രപോലും പറയാനാവാതെ മറ്റേതോ ലോകത്തേക്ക് അവർ വിലയം പ്രാപിക്കുന്നു. കണ്ണുനീർ പൊടിയുന്ന വിരഹം വിഷാദാഗ്രമാകുന്ന ആറു പാട്ടുകളടങ്ങിയ ദിൽ കുർബാൻ.....പട്ടാളക്കാരുടെ വിധവകൾക്കു വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. ഈ ആൽബത്തിലെ വരികൾ രചിച്ചത് ശ്യാം അനുരാഗിയും യോഗേഷുമാണ്. സൂപ്പർ ഹിറ്റ്്് ആൽബം എന്ന്് ഇതിനെ ഹിന്ദിക്കാർ സാക്ഷ്യപ്പെടുത്തി.
അങ്ങ് ഉയരങ്ങളിൽ പാടുമ്പോഴും നിവേദിത വർഷത്തിലൊരിക്കലെങ്ങിലും നാട്ടിലെത്താൻ മോഹിച്ചിരുന്നു. ഹിന്ദിയിലും മറാഠിയിലും ഉയരങ്ങൾ കീഴടക്കിയപ്പോഴും നാടും ഭാഷയും മറന്നിട്ടില്ല ഈ പാട്ടുകാരി. അല്പകാലത്തെ ഇടവേള നിവേദിതയുടെ സ്വരമാധുര്യത്തെ ബാധിച്ചിട്ടില്ല എന്ന്്് രണ്ടാം വരവിലൂടെ തെളിയിച്ചിരിക്കയാണ്. ചിത്രയേയും ജാനകിയേയും ഇഷ്ടപ്പെടുന്ന നിവേദിതക്ക് ഭർത്താവ് കൃഷ്ണയും സംഗീത സംവിധായകനായ ഭർതൃ പിതാവ് രാജശേഖരനും സർവ്വവിധ പിൻതുണയുമായി രംഗത്തുണ്ട്്്. ഈ രണ്ടാം വരവിൽ ഹിന്ദിയോടൊപ്പം മലയാളത്തിലും പാടാൻ തയ്യാറെടുക്കുകയാണ് ഈ വാനമ്പാടി.