മുംബൈ: തൊഴിൽ സ്ഥാപനങ്ങൾ അടപ്പിച്ചാണ് നമ്മുടെ സമരങ്ങളും പ്രതിഷേധങ്ങളും. എന്നാൽ ജപ്പാനിലെ പ്രതിഷേധം അങ്ങനെയല്ല. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കിയാണ് സമരങ്ങൾ. പ്രതിഷേധത്തിന് തയ്യാറാകുന്ന ജീവനക്കാർ കൂടുതൽ സമയം സ്ഥാപനത്തിന് വേണ്ടി പണിയെടുക്കും. അതു തന്നെയാണ് ജപ്പാനെ വികസനത്തിൽ മുന്നിലെത്തിച്ചത്. ഈ പാഠമുൾക്കൊണ്ട് വ്യത്യസ്തമായൊരു സമരത്തിന് ഒരുങ്ങുകയാണ് മുബൈയിലെ മുസ്ലിം ലീഗ്.

മതത്തിന്റെ പേരിൽ മുസ്ലിം യുവാവിന് ജോലി നിഷേധിച്ചതിനെതിരെയാണ് മുസ്ലിം ലീഗ് പ്രതിഷേധം. ഇതിന് പക്ഷേ ജപ്പാൻ മോഡൽ സമരവുമായി ഒരു സാമ്യമയുണ്ട്. ഒരു മുസ്ലീമിന് ജോലി നിഷേധിച്ചാൽ പത്ത് ഹിന്ദുക്കൾക്ക് ജോലി നൽകുമെന്നാണ് മുസ്ലിം ലീഗ് മഹാരാഷ്ട്ര ഘടകത്തിന്റെ പ്രഖ്യാപനം. മുസ്ലിം മതവിശ്വാസിക്ക് ജോലി നിഷേധിച്ചതിന് മറുപടിയായി പത്ത് ഹിന്ദു മത വിശ്വാസികൾക്ക് മുസ്ലിം ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി നൽകാൻ തീരുമാനിച്ചതായി മുംബൈ മുസ്ലിം ലീഗ് പ്രസിഡന്റ് പർവേസ് ലക്ക്ഡാവാല അറിയിച്ചു. ഇത് ഒരു ഗാന്ധിയൻ ശൈലിയിലുള്ള ശ്രമമാണെന്നും അദ്ദേഹം അറിയിച്ചു.

മതത്തിന്റെ പേരിൽ ജോലി നിഷേധിക്കുക എന്നത് നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും അപകടകരമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണഘടനക്കും മതസൗഹാർദത്തിനും വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ സ്വദേശിയായ നെസ്ഹാൻ അലി ഖാൻ എന്ന യുവാവിനാണ് മതത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ടത്. മുംബൈയിലെ ഹരേ കൃഷ്ണ എക്‌സ്പോർട്സ് എന്ന കമ്പനിയാണ് നെഹ്‌സാന് ജോലി നിഷേധിച്ചത്.

പുതിയ പ്രതിഷേധത്തിലൂടെ മതനിരപേക്ഷതയുടെ ആവശ്യകത കൂടി സമൂഹത്തിന് പകർന്ന് നൽകുകയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് കൂടിയാണ് ലീഗിന്റെ നീക്കത്തിന് വ്യാപകമായി കൈയടി കിട്ടുന്നതും.