- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വത്തക്ക' പരാമർശം നടത്തിയ അദ്ധ്യാപകന്റെ വലിയ ഫാൻ; പെൺകുട്ടികൾ ശബ്ദം ഉയർത്തി സംസാരിച്ചാൽ ഉടൻ കലഹിച്ച് നിങ്ങൾ ഏതെങ്കിലും അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടവരെന്ന് പറയും; ഇന്റേണൽ മാർക്ക് കുറച്ചും ഭാവി തുലയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയും മാനസിക പീഡനം; പഠിച്ചതും പഠിപ്പിക്കുന്നതും ഫാറൂഖ് കോളേജിൽ; വിനോദയാത്രയ്ക്കിടെ ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകനെ പൊന്നുപോലെ നോക്കി ലീഗും കോളേജ് മാനേജ്മെന്റും
കോഴിക്കോട്: വിനോദ യാത്രക്കിടയിൽ ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അദ്ധ്യാപകനെതിരെ നടപടിയെടുക്കാതെ കോഴിക്കോട് ഫാറൂഖ് കോളേജ് അധികാരികൾ. ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ കമറുദ്ദീൻ പരപ്പിലിനെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്ന് ഇത്ര സമയമായിട്ടും അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
മുസ്ലിം ലീഗിന്റെ അധീനതയിലുള്ള റൗളത്തുൽ ഉലൂം മാനേജ്മെന്റാണ് പീഡനക്കേസിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടും സംരക്ഷണം നൽകുന്നത്. അദ്ധ്യാപകനെ പുറത്താക്കാതിരിക്കുന്നതിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വിമർശനവുമായി വിദ്യാർത്ഥികളും രംഗത്തെത്തി. ഇന്ന് കോളേജിലേക്ക് എസ്എഫ്ഐ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രിതഷേധ മാർച്ച് സംഘടിപ്പിച്ചു.ഫാറൂഖ് കോളേജിൽ തന്നെ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് കമറുദ്ദീൻ. പഠിക്കുന്ന കാലത്ത് എംഎസ്എഫിന്റെ നേതാവും രണ്ട് വർഷം വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയുമായിരുന്നു. അദ്ധ്യാപകനായതിന് ശേഷം നിലവിൽ മുസ്ലിം ലീഗിന്റെ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് ടീച്ചേർസ് എന്ന സംഘടനയുടെ ഫാറൂക്ക് കോളേജ് ഘടകത്തിന്റെ നേതാവുമാണ്.
ക്ലാസ് മുറികളിൽ നിന്ന് കമറുദ്ദീൻ നിരന്തരമായി പെൺകുട്ടികളെ അപമാനിച്ച് ഇറക്കിവടാറുണ്ടായിരുന്നതായി ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർത്ഥികളിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പലരും അപമാനിതരായി ഇറങ്ങിപ്പോകാറുമുണ്ടായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനവും അദ്ധ്യാപക സംഘടന പ്രവർത്തനവുമായിരുന്നു. എംഎസ്എഫിന്റെ കീഴിൽ ഇദ്ദേഹത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു പറ്റം വിദ്യാർത്ഥികളുമുണ്ടായിരുന്നു.
അവരെ ഉപയോഗിച്ച് കമറുദ്ദീനെ എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയുന്ന വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യാറുണ്ട്. ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് കുറക്കുകയും കോളേജ് ഓട്ടോണമസാണ് നിങ്ങളുടെ ഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. മാനസിക പീഡനം സഹിക്കാതെ പഠനം നിർത്തിപ്പോകേണ്ടി വന്ന വിദ്യാർത്ഥികളുമുണ്ട്.
ശബ്ദമുയർത്തി സംസാരിക്കുന്ന പെൺകുട്ടികളോട് കമറുദ്ദീൻ നിരന്തരം കലഹിക്കുകയും നിങ്ങളൊക്കെ ഏതെങ്കിലും അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടവരാണെന്ന് പറഞ്ഞ് അത്തരം വിദ്യാർത്ഥികളെ അപമാനിക്കുകയും ചെയ്യും. കോളേജിലെ പ്രധാന സദാചാര പൊലീസും അദ്ദേഹമായിരുന്നു. കോളേജിന്റെ തന്നെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രെയിനിങ് കോളേജിലെ ഒരു അദ്ധ്യാപകൻ നടത്തിയ വത്തക്ക പരാമർശത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ കമറുദ്ദീന്റെ നേതൃത്വലുള്ള അദ്ധ്യാപകർ നിരന്തരം വേട്ടയാടിയിരുന്നു. കോളേജിന്റെ ആഭ്യന്തര വേദികളിലും വത്തക്ക പരാമർശം നടത്തിയ അദ്ധ്യാപകനെ അനുകൂലിച്ച് സംസാരിച്ചിരുന്ന ആളാണ് ഇപ്പോൾ അറസ്റ്റിലായ കമറുദ്ദീനെന്നും വിദ്യാർത്ഥി പറയുന്നു.
2019 ഡിസംബറിൽ കോളേജിൽ നിന്ന് ഉഡുപ്പി കുടജാദ്രി എന്നിവിടങ്ങളിലേക്ക് നടത്തിയ വിനോദ യാത്രക്കിടയിലാണ് അവസാന വർഷം ഡിഗ്രി മലയാളം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിയെ ഖമറുദ്ദീൻ പീഡിപ്പിക്കുന്നത്. ബസിൽ വച്ചാണ് കമറുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. ബസിന്റെ ഏറ്റവും പിറകിലെ സീറ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. മാനസികമായി തളർന്ന വിദ്യാർത്ഥി യാത്ര കഴിഞ്ഞെത്തിയ ഉടൻ ഹോസ്റ്റലിൽ കൂടെ താമസിക്കുന്നവരുമായി പീഡന വിവരം പങ്കുവെക്കുകയായിരുന്നു. വിദ്യാർത്ഥികളും മലയാളം വിഭാഗത്തിലെ വിദ്യാർത്ഥികളും കോളേജ് അധികൃതർക്ക് നൽകിയ പരാതിയിൽ കമറുദ്ദീനെ സസ്പെന്റ് ചെയ്തിരുന്നു.
പിന്നീട് സംഭവമറിഞ്ഞ ഫറോക്ക് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കേസ് പിന്നീട് കോഴിക്കോട് സൗത്ത് പൊലീസിന് കൈമാറുകയുമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലും മുസ്ലിം ലീഗിന്റെ സമ്മർദ്ദത്താലും ഇതുവരെയും കേസിൽ നടപടികളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ വിദ്യാർത്ഥികളിൽ നിന്ന് പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ പൊലീസ് കഴിഞ്ഞ ദിവസം കമറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ്് കോളേജ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിശദീകരണമെങ്കിലും മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇതുവരെയും കമറുദ്ദീനെതിരെ കൂടുതൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
അതേ സമയം ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് എസ്എഫ്ഐ കോഴിക്കോട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും അദ്ധ്യാപകനെ പുറത്താക്കാൻ കോളേജ് അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.പീഡന വിവരം അറിഞ്ഞിട്ടും അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇത്രമേൽ ഹീനമായ കൃത്യം ചെയ്ത വ്യക്തി ഒരു നിമിഷം പോലും അദ്ധ്യാപകനായി തുടരാൻ അർഹനല്ല. ഈ അദ്ധ്യാപകനെ അടിയന്തരമായി കോളേജിൽ നിന്ന് പുറത്താക്കാൻ ഫാറൂഖ് കോളേജ് അധികാരികൾ തയ്യാറാകണമെന്നും വിഷയത്തിൽ വിദ്യാർത്ഥിനിക്കൊപ്പം നിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു