ന്യൂഡൽഹി: യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി എത്തിയപ്പോൾ സമ്പൂർണ കാവിവൽക്കരണം നടക്കുമെന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. എന്നാൽ, താൻ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കുമെന്നും ഒരുവിഭാഗത്തയും മാറ്റിനിർത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ യുപിയിൽനിന്ന് പുറത്തേക്ക് വരുന്ന വാർത്തകൾ പോലെയല്ല അവിടെയുള്ള മുസ്ലീങ്ങളുടെ ജീവിതമെന്നാണ് റിപ്പോർട്ടുകൾ. ഇത് തങ്ങളുടെ രാജ്യം തന്നെയോ എന്ന അരക്ഷിതാവസ്ഥ ഓരോരുത്തരിലും വളർന്നുകൊണ്ടിരിക്കുന്നു.

സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തിയാൽ അത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടേക്കാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രാജ്യദ്രോഹിയെന്ന് ചിത്രീകരിക്കപ്പെടാനും വലിയ പ്രയാസമില്ല. ഓരോ ദിവസവും മതത്തിന്റെ പേരിൽ പുതിയ വിവാദങ്ങളുണ്ടാക്കുന്നു. യുവാക്കൾക്കിടയിൽപ്പോലും ഭിന്നത മുമ്പെന്നത്തേക്കാളും രൂക്ഷമായിട്ടുണ്ട്. കോളേജുകളിലും സ്‌കൂളുകളിലും സുഹൃത്തുക്കൾക്കിടയിൽപ്പോലും ചേരിതിരിവ് പ്രകടമാണ്.

പൊതുപരിപാടികളിൽനിന്ന് മുസ്ലീങ്ങൾ വിട്ടുനിൽക്കുന്ന സ്ഥിതിയാണുള്ളതെന്ന് അലിഗഢ് മുസ്ലിം സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഫിറോസ് അഹമ്മദ് പറയുന്നു. അഭിപ്രായങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നുവെന്നും പ്രകടമായ വിവേചനം നേരിടേണ്ടിവുമെന്നതുകൊണ്ടൊക്കെയാണ് ഈ വിട്ടുവിൽക്കൽ. സോഷ്യൽ മീഡിയയയാണ് വിവേചനത്തിന്റെ കേന്ദ്രം. എന്തുപറഞ്ഞാലും രാജദ്രോഹിയാക്കാനുള്ള ശ്രമങ്ങൾ ഒരുവിഭാഗം നടത്തുന്നു. മുസ്ലീങ്ങൾ ആകെപ്പാടെ അസ്വസ്ഥരാണെന്ന് അദ്ദേഹം പറയുന്നു.

മുസ്ലീങ്ങൾക്കെതിരെ രാജ്യവ്യാപകമായി ഇത്തരമൊരു മാനസികാവസ്ഥ നിലനിൽക്കുന്നതായാണ് സൂചന. അടുത്തിടെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് ഗുജറാത്ത്, ഹരിയാണ, കർണാടക, ഒഡിഷ എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ അത് പ്രകടമായിരുന്നു. മുസ്ലീങ്ങൾ രാജ്യസ്‌നേഹികളാണെന്ന് കരുതുന്ന ഹിന്ദുക്കൾ 13 ശതമാനം മാത്രമാണ്. സ്വയം രാജ്യസ്‌നേഹികളാണെന്ന് വിലയിരുത്തുന്ന മുസ്ലീങ്ങൾ 77 ശതമാനമുണ്ടെങ്കിലും മറ്റുള്ളവർ അതംഗീകരിക്കുന്നില്ല.

ലൗ ജിഹാദ്, മുത്തലാഖ്, ഘർ വാപ്‌സി, ഗോരക്ഷ തുടങ്ങിയവയൊക്കെ മുസ്ലിം സമൂഹത്തെ ലക്ഷ്യമാക്കാൻ ഉപയോഗിക്കുന്നതായും അവർ പരാതിപ്പെടുന്നു. ഇതിന് കാരണം പ്രധാനമന്ത്രിയല്ലെന്ന് ഫിറോസ് അഹമ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ പേരുപയോഗിക്കുന്ന മറ്റുചിലരാണ് ഇതിന് പിന്നിൽ. അവർ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറയുന്നു.

ബാഴ്‌സലോണയെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാൽ രാജ്യസ്‌നേഹിയും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷായിദ് അഫ്രീഡിയെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാൽ രാജ്യദ്രോഹിയുമാകുന്ന കാലമാണ് ഇതെന്ന് എംബിഎ വിദ്യാർത്ഥി ഷഹാബ് ഖാൻ പറഞ്ഞു. രാജ്യസ്‌നേഹത്തെപ്പോലും സൗകര്യപൂർവം വളച്ചൊടിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറയുന്നു.