ന്യൂഡൽഹി: യുപിയിൽ ബിജെപി മുന്നേറ്റം ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും ഒരുമിച്ചതോടെ ഏവരും ആശക്കുഴപ്പത്തിലായി. മുസ്ലിം വോട്ട് ബാങ്കും ദളിതരും ബിജെപിയെ കൈവിടുമെന്നും വിജയം എസ് പി സഖ്യത്തനാകുമെന്നും വിലയിരുത്തലെത്തി. ദളിത് വോട്ടുകൾ മായാവതി കൈയിലാക്കുമെന്നായിരുന്നു വിലയിരുത്തൽ. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ ജാട്ട് സമുദായവും മോദിയെ കൈവിട്ടുവെന്ന് ഏവരും കരുതി. യാദവരുടേയും മുസ്ലീമിന്റേയും കരുത്തിൽ അഖിലേഷ് തുടർ ഭരണം മുന്നിൽ കണ്ടു. എന്നാൽ വോട്ട് എണ്ണിയപ്പോൾ ഇതൊന്നുമല്ല സംഭവിച്ചത്. എല്ലായിടവും ബിജെപി തൂത്തുവാരി. സാമുദായിക കണക്കുകളൊന്നും വിജയിച്ചില്ല.

യുപിയിൽ ബിജെപി നേടിയത് 312 സീറ്റുകളാണ്. ഇതിൽ മുസ്ലിം മേഖലയിലും പതിവില്ലാതെ ബിജെപി വെന്നിക്കൊടി പാറിച്ചു. ഇതിന് രണ്ട് കാരണമുണ്ടെന്ന് കരുതുന്നവരുണ്ട്. ഒന്ന് മുസ്ലീങ്ങളും ബിജെപിക്ക് വോട്ട് ചെയ്തു. രണ്ട് മുസ്ലിം വോട്ട് ബി എസ് പിയും എസ് പിയും ഭിന്നിപ്പിച്ചപ്പോൾ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ ബിജെപി ജയിച്ചു കയറി. മുസ്ലിം ഭൂരിപക്ഷ മണ്ഡമായ 59 ഇടത്ത് എസ് പിയും ബി എസ് പിയും ചേർന്ന് 47 ശതമാനം വോട്ടാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതു തന്നെയാണ് സംഭവിച്ചത്. എന്നിട്ടും ബിജെപിക്ക് സീറ്റ് കൂടി. ഇതാണ് രാഷ്ട്രീയ നിരീക്ഷകരെ ചിന്തിപ്പിക്കുന്നത്. 39 സീറ്റാണ് ബിജെപി ഇവിടെ നേടിയത്. എസ് പിക്ക് 17ഉം. ഈ കണക്കിലെ രസതന്ത്രം ആർക്കും ഇനിയും പിടികൂടിയിട്ടില്ല.

ദളിത് വോട്ടുകളും ബിജെപിക്ക് കിട്ടി. പരമ്പരാഗതമായി ബി എസ് പിയുടെ വോട്ട് ബാങ്കായിരുന്നു ദളിതർ. വലിയ പിന്തുണയാണ് ദളിത് മേഖലയിൽ ബിജെപി നേടിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജാട്ടുകളുടെ പിന്തുണയാണ് മോദിക്ക് തുണയായത്. അതിന് ഇളക്കം തട്ടുന്നുമില്ല. ഏറെ നേട്ടമുണ്ടാവുകയും ചെയ്തു. ജാട്ട് നേതാവായ അജിത് സിംഗിനെ സമുദായം കൈവിടുന്നതും ഇത്തവണ കണ്ടു. അങ്ങനെ മുസ്ലിം-ദളിത്-ജാട്ട് വോട്ടുകൾ അനുകൂലമാക്കിയാണ് ബിജെപി അൽഭുത വിജയം നേടിയത്. എന്നാൽ ഇത് എങ്ങനെ സാധ്യമായെന്നതാണ് ആർക്കും പിടികിട്ടാത്തത്. യുപിയിലെ ജാതി രാഷ്ട്രീയത്തിന് ഇത് അന്ത്യം കുറിക്കുമെന്ന് കരുതുന്നവരുമുണ്ട്. ജാതിക്ക് മുകളിൽ വികസന അജണ്ട ഇടം നേടാനുള്ള സാധ്യതയും തെളിയുന്നു.

മണ്ഡൽ/സംവരണ രാഷ്ട്രീയം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. ഈ രാഷ്ട്രീയം, അതിന്റെ അടിത്തറയായ സ്വത്വവാദ രാഷ്ട്രീയമുന്നേറ്റങ്ങൾ എന്നിവ അതിന്റെ ചരിത്രപരമായ പ്രാധാന്യത്തിന് ശേഷം ദുർബ്ബലമാകുന്നു എന്നുകൂടിയാണ് ഇത് കാണിക്കുന്നത്.