സൈബർ ലോകത്തോളം വർഗീയത വഴിഞ്ഞൊഴുകുന്ന ഒരിടം ലോകത്ത് മറ്റെങ്ങും ഉണ്ടാകില്ല. ഓരോരുത്തരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് വർഗീത ഛർദിക്കാൻ മത്സരിക്കുന്നു. അത്തരക്കാർക്കുള്ള ഏറ്റവും വലിയ ആയുധമാണ് അന്യമതസ്ഥരായ യുവതീയുവാക്കളുടെ വിവാഹം.

രണ്ടു മനസുകൾ തമ്മിൽ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചാൽ പണ്ടൊക്കെ വിപ്ലവകരമായ ജീവിത തീരുമാനം ഉള്ള ഉറച്ച ദമ്പതികളായാണ് കണക്കാക്കിയിരുന്നതെങ്കിൽ ലൗ ജിഹാദിന്റെ കാലത്ത് അതു മാറി.

ഇന്ന് അന്യമതസ്ഥരെ അടിച്ചുകൊണ്ടു പോകുന്നത് ഏറ്റവും വലിയ വർഗീയവാദികൾ ആണെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ധാരാളം ഹിന്ദു പെൺകുട്ടികൾ മുസ്ലിം ചെറുപ്പക്കാരുടെ കൂടെ ഒളിച്ചോടിയപ്പോളാണ് ലൗ ജിഹാദ് ഉണ്ടായത്. കേരള കൗമുദി ആയിരുന്നു അതിന്റെ സ്രഷ്ടാക്കൾ. മനോരമ അടക്കം എല്ലാ പത്രങ്ങളും പിന്നീട് അത് ഏറ്റുപിടിച്ചതോടെ ആർഎസ്എസുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രചാരണായുധമായി അത്.

പെട്ടെന്നുതന്നെ വടക്കേ ഇന്ത്യയിൽ പോലും ആ വാക്കു ചെന്നെത്തി. ഒളിച്ചോടി പോകുന്ന ഓരോ ഹിന്ദു പെൺകുട്ടിയെയും ഓർത്ത് അനേകം ഹിന്ദു വർഗീയവാദികൾ വിഷം വമിപ്പിച്ചു. തിരിച്ചാണു സംഭവിക്കുന്നതെങ്കിൽ ഇറങ്ങിപ്പോയ മുസ്ലിം പെൺകുട്ടികളെ കുറിച്ചു പറയാവുന്നതിലധികം കഥകൾ പറഞ്ഞു മുസ്ലിം തീവ്രവാദികളും നാറ്റിക്കാൻ ഇറങ്ങി. ഏറ്റവും ഒടുവിൽ ഒരു ക്ഷേത്രപൂജാരിയോടൊപ്പം ഇറങ്ങിപ്പോയ ഒരു മുസ്ലിം പെൺകുട്ടിയെയാണ് സൈബർ ലോകം വിചാരണ ചെയ്യുന്നത്.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് രണ്ടുദിവസം മുമ്പാണ് കുഞ്ഞിമംഗലം സ്വദേശി അബ്ദുൾ ലത്തീഫിന്റെ മകൾ മുബഷിറ(21) ക്ഷേത്രപൂജാരിയായ കുഞ്ഞിമംഗലം സ്വദേശി രാഹുലിനൊപ്പം പോയത്. രണ്ടുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാമുകനൊപ്പം പോകുന്നതിനിടെ വിവാഹം ഉറപ്പിച്ചിരുന്ന യുവാവിനെ മുബഷിറ ഇക്കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം.

ഇതിനു പിന്നാലെയാണ് സംഭവം ഏറ്റുപിടിച്ച് ഹിന്ദുത്വവാദികൾ രംഗത്തെത്തിയത്. 'അങ്ങനെ തിരിച്ചറിവു നേടിയ ഒരു മുസ്ലിം പെൺകുട്ടികൂടി സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി. പയ്യന്നൂർ കൊയപ്പാറയിൽ അബ്ദുൽ ലത്തീഫിന്റെ മകൾ മുബാഷിറ തന്റെ ജീവിത പങ്കാളിയായി കുഞ്ഞി മംഗലം സ്വദേശിയും മാടേക്കാവ് ക്ഷേത്രത്തിലെ പൂജാരിയുമായ രാഹുലിനെ സ്വീകരിച്ചു. പർദ്ദയുടെ ഉഷ്ണത്തിൽ നിന്നും മോചിതയായി ഹിന്ദുമതം സ്വീകരിച്ചു. മുബാഷിറക്കും രാഹുലിനും ആശംസകൾ. സ്വധർമ്മത്തിലേക്ക് സ്വാഗതം.' എന്ന തരത്തിൽ സോഷ്യൽ മീഡിയയിലെ ഹിന്ദു വർഗീയവാദികൾ സംഭവം ഏറ്റെടുത്തിരിക്കുകയാണ്.

കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യവർഷമായിരുന്നു ഇതിനു മറുപക്ഷത്തിന്റെ മറുപടി. തെറിവിളിയും ആരോപണ പ്രത്യാരോപണങ്ങളും ഈ വിഷയത്തിൽ സൈബർ ലോകത്തുകൊഴുക്കുകയാണ്.