കോഴിക്കോട്: കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നു മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി. ആരാധനാ സ്വാതന്ത്ര്യം ഭരണഘടനാപരമാണ്. എന്നിട്ടും തുറക്കാൻ അനുമതി നൽകാത്തതിൽ യോഗം പ്രതിഷേധിച്ചു. ലക്ഷദ്വീപ് വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പത്രപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളെ രാഷ്ട്രീയ കാര്യസമിതി അപലപിച്ചു. മനുഷ്യാവകാശ പ്രവർത്തകർക്കും പൗരത്വ പ്രക്ഷോഭകർക്കുമെതിരെ അന്യായമായി ചുമത്തപ്പെട്ട കേസുകളിൽ നീതിന്യായവ്യവസ്ഥ സ്വീകരിക്കുന്ന നിലപാട് പ്രതീക്ഷയേകുന്നതാണ്.

പൗരത്വ നിയമ ഭേദഗതി പിൻവാതിലിലൂടെ ഒളിച്ചുകടത്താനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതിയിൽ പോരാട്ടം തുടരും. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയപരമായ സമീപനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച നടത്തി. ദേശീയ രാഷ്ട്രീയകാര്യ ഉപദേശക കമ്മിറ്റി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന അംഗത്വ ക്യാംപെയ്ൻ ആരംഭിക്കും. ഡിജിറ്റലായി ഓൺലൈനിലൂടെ അംഗത്വം സ്വീകരിക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. പോഷക സംഘടനകളുടെ അംഗത്വ ക്യാംപെയ്‌നും ഈ വിധത്തിൽ പുനഃക്രമീകരിക്കും.

ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം.ഖാദർ മൊയ്തീൻ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ്, സീനിയർ വൈസ് പ്രസിഡന്റ് എ.പി.അബ്ദുസമദ് സമദാനി, ഇഖ്ബാൽ അഹമ്മദ്, ദസ്തഗീർ ഇബ്രാഹിം ആഗ, ഖുർറം അനീസ് ഒമർ, സിറാജ് ഇബ്രാഹിം സേട്ട്, പ്രത്യേക ക്ഷണിതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.കെ.മുനീർ എംഎൽഎ, കെ.പി.എ.മജീദ് എംഎൽഎ, പി.എം.എ.സലാം തുടങ്ങിയവർ പ്രസംഗിച്ചു.