കുവൈത്ത്: മതനിരപേക്ഷ രാജ്യത്തു മതത്തിന്റെ പേരിൽ രാഷ്ട്രീയം പറയുന്നതു വിഡ്ഢിത്തവും അർഥശൂന്യവുമായതിനാൽ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷിയോടു വിടപറയുന്നുവെന്നു മലപ്പുറം സ്വദേശിയും പ്രവാസിയുമായ കെ എ അഷ്‌കർ. ലീഗിന്റെ മത രാഷ്ട്രീയത്തിൽ മനംമടുത്തു സിപിഎമ്മുമായി കൈകോർത്തു പ്രവർത്തിക്കാനാണ് അഷ്‌കറിന്റെ തീരുമാനം.

സിപിഐ.എമ്മിൽ ചേരുന്നതായി പ്രഖ്യാപിച്ചുള്ള അഷ്‌കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. കോൺഗ്രസ് കുടുംബത്തിൽ നിന്നും വന്ന അഷ്‌കർ ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതം മുറുകെ പിടിക്കുന്ന രാഷ്ട്രീയമല്ല, മതേതര രാഷ്ട്രീയമാണ് വേണ്ടത് എന്നു ഫേസ്‌ബുക്കിൽ കുറിച്ചാണ് അഷ്‌കർ ലീഗിനോടു വിടപറയുന്നത്.

സമാനതകളില്ലാതെ വർഗീയ ഫാസിസ്റ്റുകൾ ഇന്ത്യയിൽ അഴിഞ്ഞാടുമ്പോൾ മുസ്ലിം ലീഗ് തുടരുന്ന മൗനവും വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവുമാണ് തന്നെ ഈ തീരുമാനത്തിൽ എത്തിച്ചത് എന്നാണ് അഷ്‌കർ വ്യക്തമാക്കുന്നത്. 'മതേതര ഇന്ത്യയിൽ.. 'മതേതരം'' എന്നത് അത്രമേൽ പാലിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട കാലത്ത്, അതിന് കവചമൊരുക്കി ജീവൻ നഷ്ടപ്പെടുന്നവർക്കിടയിൽ, അതിന്റെ മഹത്വം പറഞ്ഞവരെ രാജ്യദ്രോഹികളാക്കുന്നിടത്ത്, അതിനായി മുഷ്ടി ചുരുട്ടിയവരെ തുറുങ്കിലടക്കുമ്പോൾ, ഇനിയും ഒരു മതത്തിന്റെ പേരിൽ രാഷ്ടീയം പറയുന്നത് വിഡ്ഢിത്തവും അർത്ഥ ശൂന്യവുമെന്ന് പറയാതെ വയ്യ.' എന്നാണ് രാജിക്കത്തിൽ അഷ്‌കർ പറയുന്നത്.

ജീവിതത്തിലാദ്യമായിട്ടാണ് ''സഖാക്കളേ'' എന്ന വിളിയിൽ തുടങ്ങുന്നത്. എല്ലാ കുലീനതകൾക്കുമതീതമായ ഈ സ്ഹേഭിവാദ്യത്തെ പകർത്താൻ കാലമൊത്തിരി വൈകിപ്പോയതിൽ സദയം ക്ഷമിക്കുമല്ലോ..? എന്നു മുഖവുരയായി പറഞ്ഞുകൊണ്ടാണു ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

''വാപ്പാക്ക് മത്സ്യ വിൽപ്പനയായിരുന്നു ജോലി എന്റെ ജനന സമയത്ത്. പിന്നീട് ഗൾഫിലേക്ക് ചേക്കേറി. ദാരിദ്ര്യം തന്നെയായിരുന്നു അന്നൊക്കെയെന്ന് പിന്നീട് കേട്ടും, ഏതാണ്ട് പത്ത് വയസ്സ് വരെ അനുഭവിച്ചും അറിഞ്ഞു. ആദ്യം വീട്ടിൽ വൈദ്ദ്യുതി എത്തിക്കാൻ, നല്ലൊരു കക്കൂസുണ്ടാക്കാൻ, മക്കൾ വലുതായപ്പൊ തറവാട്ടിൽ നിന്ന് മാറി ഒരു വീട് വക്കാൻ, ഏക മകളെ കല്ല്യാണം കഴിപ്പിക്കാൻ, മുടിയനായ എന്നെപ്പോലൊരു മകനെയും രണ്ട് അനിയന്മാരെയും പോറ്റാനും പഠിപ്പിക്കാനും, അങ്ങനെ രുചികരമല്ലാത്ത അനുഭവങ്ങളുടെ പൈതൃകം ഞങ്ങൾക്ക് കൈമാറാതിരിക്കാൻ രണ്ടര പതിറ്റാണ്ടാണ് പിതാവ് ഗൾഫിൽ ചിലവഴിച്ചത്. അദ്ധേഹമാണ് എന്നെ ഞാനാക്കുന്നത്. നെടുമ്പശ്ശേരി എയർപ്പോട്ടാണ് എന്റുമ്മ സഞ്ചരിച്ചിട്ടുള്ള വലിയ ദൂരം. മക്കളുടെ ഭക്ഷണപ്പാത്രത്തിൽ മാത്രമുണ്ണുന്ന, ജീവിതത്തിലൊരിക്കൽ പോലും തന്റേതായി ഒരാവശ്യവും ഭർത്താവിനോട് പറയാത്ത, മക്കളുടെയും ഭർത്താവിന്റെയും വസ്ത്രം കഴുകലും ഭക്ഷണം വെക്കലും വീട് വൃത്തിയാക്കലും ജീവിത നിയോഗമാക്കിയ, ഈ ലോകത്ത് ഞാൻ മുഴുവനായും ശെരിയാണെന്ന് പറയുന്ന ഏക വെക്തിയാണെന്റുമ്മ.

എന്റെ ലോകം തുടങ്ങുന്നതും അവസാനിക്കുന്നതും അവരിലാണ്.

നമ്മെ പരിചയപ്പെടുത്താൻ നമ്മെക്കുറിച്ച് പറയുന്നതിലും നല്ലത് നമ്മുടെ മാതാപിതാക്കളെക്കുറിച്ച് പറയുന്നതാണെന്ന് കേട്ടിട്ടുണ്ട്. അവരുടെ പരിച്ഛേദമാണ് ഞാനെന്ന അവകാശവാദമൊന്നുമല്ല ഇത്. നല്ല തന്തക്കും തള്ളക്കും ജനിക്കുക എന്നതാണല്ലോ നാലാളുടെ മുന്നിൽ നിലപാട് പറയാനുള്ള മിനിമം യോഗ്യത. അത്കൊണ്ട് മാത്രം പങ്കുവച്ചതാണ്.

ബുദ്ധിയുറച്ച കാലം മുതൽ ഞാൻ ലീഗുകാരണ്. കോൺഗ്രസ് കുടുംബമാണെങ്കിലും എന്റെ രാഷ്ടീയ ബോധ്യം ലീഗിനൊപ്പമായിരുന്നു. പത്താം ക്ലാസിന് മുൻപുള്ള അറബിക് കോളേജിലെ പഠന കാലത്ത് അതൊന്നുകൂടി ശക്തിപ്പെടുകയും, പത്തിൽ നാട്ടിലെ സ്‌ക്കൂളില് വന്ന് ചേർന്നതോടെ സജീവമായി രാഷ്ടീയത്തിലിറങ്ങിത്തുടങ്ങുകയും ചെയ്തു. പിന്നീട് പാലപ്പെട്ടിയിലെ ലീഗ് രാഷ്ട്രീത്തിലായിരുന്നു ഇക്കാലമത്രയും. എന്നെ ഞാൻ തന്നെ അളന്ന് തൂക്കുവാനോ, ആത്മാർത്ഥയുടെ ചങ്ക് പറിച്ച് കാണിക്കാനോ, വളർച്ചയിൽ ഭാഗവാക്കായതിന്റെ കണക്ക് പറയാനോ മുതിരുന്നില്ല. ലീഗ് എന്ന രാഷ്ടീയ പാർട്ടിയുടെ സാമൂഹിക പ്രസക്തിയിലുള്ള എന്റെ ബോധ്യങ്ങൾ തന്നെയാണ് ആ പാർട്ടിയിൽ എന്നെ പിടിച്ച് നിർത്തിയത്. സ്വയം നേതാവായോ, കൂടെ നാലാളുള്ള സ്വയം പ്രഖ്യാപിത പ്രസ്ഥാനമായോ പാർട്ടിക്കകത്ത് പ്രവർത്തിച്ചിട്ടില്ല. എന്റെ മഹത്വം കൊണ്ട് ആരെങ്കിലും ലീഗുകാരനായതായും കണക്കാക്കുന്നില്ല. ആരെയും അക്രമിച്ചിട്ടില്ല. വിഭാഗീയതക്കോ വിദ്ധ്വേഷത്തിനോ വഴിമരുന്നിട്ടിട്ടില്ല. ചുരുക്കത്തിൽ പൊതു പ്രവർത്തകൻ എന്ന നിലയിൽ പൂർണ്ണ സംതൃപ്തിയാണ് ലീഗ് രാഷ്ടീയത്തിൽ എനിക്ക്.

പക്ഷേ,

മതേതര ഇന്ത്യയിൽ.. ''മതേതരം'' എന്നത് അത്രമേൽ പാലിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ട കാലത്ത്, അതിന് കവചമൊരുക്കി ജീവൻ നഷ്ടപ്പെടുന്നവർക്കിടയിൽ, അതിന്റെ മഹത്വം പറഞ്ഞവരെ രാജ്യദ്രോഹികളാക്കുന്നിടത്ത്, അതിനായി മുഷ്ടി ചുരുട്ടിയവരെ തുറുങ്കിലടക്കുമ്പോൾ, ഇനിയും ഒരു മതത്തിന്റെ പേരിൽ രാഷ്ടീയം പറയുന്നത് വിഡ്ഢിത്തവും അർത്ഥ ശൂന്യവുമെന്ന് പറയാതെ വയ്യ. ഫാസിസ്റ്റ് ഭീകരത ഭയാനകമായി പിടി മുറുക്കുമ്പോഴും ഭീരുത്വത്തിന്റെ മൗനം പേറിയിരിക്കാൻ വയ്യ. ഞാനീ 'മത' രാഷ്ട്രീയത്തിനപ്പുറത്തെ വിശാലതയിലേക്ക് ചേക്കേറുകയാണ്. മാനവികതയുടെ രാഷ്ട്രീയത്തിനൊപ്പം ചേരുകയാണ്. സർഗാത്മകതയുടെ രാഷ്ടീയത്തിന്റെ ചലനമാവുകയാണ്. പ്രതിരോധത്തിന്റെ രാഷ്ടീയത്തിന് ശക്തി പകരുകയാണ്. എന്റെ ഹൃദയ പക്ഷം ഇടതാവുകയാണ്.
ഇനിയങ്ങോട്ട്..
ഞാനും കമ്മ്യൂണിസ്റ്റാണ്....
ഞാനും മാർക്കിസ്റ്റുകാരനാണ്...
സഖാവാണ്....

( ഈ തീരുമാനം മൂലം മാനസികമായി വിഷമമുണ്ടാകുന്ന പഴയ സഹപ്രവർത്തകരോടും, സ്നേഹിതരോടും, ക്ഷമ ചോദിക്കുന്നതോടൊപ്പം അവരെയും ഈ മാനവികതയുടെ പക്ഷത്തേക്ക് വിനീതമായി ക്ഷണിക്കുന്നു. എന്റെ സൗഹൃദങ്ങളും സ്നേഹങ്ങളും രാഷ്ടീയ അടിസ്ഥാനത്തിലുള്ളതല്ല. അവ കാത്ത് സൂക്ഷിക്കാൻ നിങ്ങളെയും ഞാൻ എന്നെത്തന്നെയും ഓർമിപ്പിക്കുന്നു. )''

ഒരു വർഷം മുൻപ് രാഷ്ടീയപരമല്ലാത്ത കാരണത്താലുള്ള പിന്മാറ്റം പിൻവലിച്ച പോലൊന്ന് പ്രതീക്ഷിക്കരുതെന്നും ഇത് സ്ഥായിയായതും അന്തിമവുമാണെന്നും അനിവാര്യവും ഉചിതവുമാണെന്നും അഷ്‌കർ പറയുന്നു.

സഖാക്കളേ,ജീവിതത്തിലാദ്യമായിട്ടാണ് ''സഖാക്കളേ'' എന്ന വിളിയിൽ തുടങ്ങുന്നത്. എല്ലാ കുലീനതകൾക്കുമതീതമായ ഈ സ്ഹേഭിവാദ്യ...

Posted by Ashkar KA on Monday, 11 April 2016