- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനയിൽ പറഞ്ഞിട്ടുള്ള ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോദി സർക്കാർ ശ്രമിക്കുമോ എന്ന ശങ്ക മുസ്ലിം സംഘടനകൾക്ക് ശക്തമാകുന്നു; ഭരണഘടനയുടെ 44-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കണ്ടു; ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം നൽകി
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 44ാം വകുപ്പ് റദ്ദാക്കണമെന്നു മുസ്‌ലിം ലീഗ് പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് മുഖർജിയോട് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒരു കോടി പേർ ഒപ്പിട്ട നിവേദനം സംഘം രാഷ്ട്രപതിക്കു കൈമാറി. ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ആശങ്ക ശക്തമാണ്. ചില കോടതി വിധികളെ ഉയർത്തിക്കാട്ടി ഇതിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നാണ് മുസ്ലിം സംഘടനകളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ കാണുന്നത്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ടു വിവിധ സമുദായങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ സംഘപരിവാർ സംഘടനകൾ നിരന്തരം ശ്രമിക്കുന്നു. ഭരണഘടനയിലെ 44ാം വകുപ്പ് മുൻനിർത്തിയാണു ഈ പ്രചാരണം നടത്തുന്നത്. എല്ലാമതങ്ങൾക്കും സ്വന്തം വ്യക്തിനിയമങ്ങളുണ്ട്. മറ്റുള്ളവർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാത്തിടത്തോളം സ്വന്തം വ്യക്തി നിയമമനുസരിച്ചു ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഏക സിവിൽകോഡ് ശരിഅത്തിനും മുസ്ലിം വ്യക്തിനിയ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 44ാം വകുപ്പ് റദ്ദാക്കണമെന്നു മുസ്‌ലിം ലീഗ് പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് മുഖർജിയോട് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഒരു കോടി പേർ ഒപ്പിട്ട നിവേദനം സംഘം രാഷ്ട്രപതിക്കു കൈമാറി. ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ആശങ്ക ശക്തമാണ്. ചില കോടതി വിധികളെ ഉയർത്തിക്കാട്ടി ഇതിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്നാണ് മുസ്ലിം സംഘടനകളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ കാണുന്നത്.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ടു വിവിധ സമുദായങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ സംഘപരിവാർ സംഘടനകൾ നിരന്തരം ശ്രമിക്കുന്നു. ഭരണഘടനയിലെ 44ാം വകുപ്പ് മുൻനിർത്തിയാണു ഈ പ്രചാരണം നടത്തുന്നത്. എല്ലാമതങ്ങൾക്കും സ്വന്തം വ്യക്തിനിയമങ്ങളുണ്ട്. മറ്റുള്ളവർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാത്തിടത്തോളം സ്വന്തം വ്യക്തി നിയമമനുസരിച്ചു ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഏക സിവിൽകോഡ് ശരിഅത്തിനും മുസ്‌ലിം വ്യക്തിനിയമത്തിനും എതിരാകുമെന്ന ആശങ്ക മുസ്‌ലിം സമുദായത്തിനുണ്ട്. ഈ ആശങ്ക പരിഹരിക്കാൻ ഈ ചട്ടം റദ്ദാക്കണമെന്നാണ് ആവശ്യം. ദേശീയ അധ്യക്ഷൻ ഇ.അഹമ്മദ്, എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, ദേശീയ ജനറൽ സെക്രട്ടറി ഖാദർ മൊയ്തീൻ, സെക്രട്ടറി ഖുറം അനീസ് ഉമർ, അബ്ദുൽ ബാസിത് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
ജാതിക്കും മതത്തിനും ദേശത്തിനും അതീതമായ സൗഹൃദവും സാഹോദര്യവും നിലനിർത്തൽ ഓരോ പൗരന്റേയും മൗലിക ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 51എ വകുപ്പ് നിഷ്‌കർഷിക്കുന്നു. എന്നാൽ ഭരണഘടനയുടെ 44ാം വകുപ്പ് ഇതിന് ഘടകവിരുദ്ധമാണെന്ന് മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടുന്നു. രാജ്യം മുഴുവൻ ഏക സിവിൽ കോഡിനു കീഴിൽ കൊണ്ടുവരണമെന്ന് നിർദ്ദേശിക്കുന്ന 44ാം വകുപ്പ് നേരത്തെപറഞ്ഞ മൗലികാവകാശങ്ങളുമായും മൗലിക ചുമതലകളുമായും പൊരുത്തപ്പെട്ടു പോകാത്തതാണ്. വ്യക്തി നിയമങ്ങൾക്ക് ബദലായി ഏക സിവിൽകോഡ് കൊണ്ടുവരാൻ ഗവണ്മെന്റ് തീരുമാനമെടുത്താൽ ഒരു മുസ്‌ലിമിനും രാജ്യത്ത് മുസ്‌ലിമായി ജീവിക്കാൻ കഴിയില്ല. അത്തരമൊരു നിയമം നടപ്പാക്കിയാൽ രാജ്യത്തിന്റെ ബഹുസ്വര സ്വഭാവം കൈമോശം വരും. വൈജാത്യത്തിനിടയിലും ഐക്യത്തോടെ കഴിയുന്ന ജനങ്ങൾക്കിടയിൽ പ്രശ്‌നങ്ങളും ശത്രുതയും വളർത്താൻ ഇത് ഇടയാക്കും.
ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ അട്ടിമറിക്കപ്പെടും. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വവും മതവിശ്വാസവും നഷ്ടമാവും. ഭരണഘടനയുടെ ആമുഖത്തിൽ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഇല്ലാതാകുമെന്നും മുസ്ലിം ലീഗ് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതക്കും എതിരായ, ഏക സിവിൽക്കോഡിനെക്കുറിച്ച് നിർദ്ദേശിക്കുന്ന 44ാം വകുപ്പ് അടിയന്തരമായി റദ്ദാക്കണം. ഭരണഘടനയും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും ജനങ്ങൾക്കിടയിലുള്ള സാമുദായിക സൗഹാർദ്ദവും സാഹോദര്യവും നിലനിർത്തുന്നതിനും 44ാം വകുപ്പ് കാലോചിതമായി ഭേദഗതി ചെയ്യണമെന്നും ലീഗ് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു.
വിവാഹ കാര്യങ്ങളിൽ രാജ്യത്തെ എല്ലാ സമുദായങ്ങൾക്കുമായി പൊതുനിയമം വേണമെന്ന് സുപ്രീം കോടതി വാക്കാൽ പറഞ്ഞിട്ടുണ്ട്. ക്രൈസ്തവർക്കു ബാധകമായ ഇന്ത്യൻ വിവാഹമോചന നിയമത്തിലെ 10 എ(1) വ്യവസ്ഥ ചോദ്യംചെയ്ത് ആൽബർട്ട് ആന്റണി നൽകിയ ഹർജിയിലായിരുന്നു പരാമർശം. രണ്ടു വർഷമായി വേർപിരിഞ്ഞു കഴിയുന്നവർക്കു മാത്രമേ വിവാഹമോചനം നൽകുകയുള്ളൂ എന്ന വ്യവസ്ഥയാണു ഹർജിക്കാരൻ ചോദ്യംചെയ്തത്. സ്‌പെഷൽ മാര്യേജ് നിയമം, ഹിന്ദു വിവാഹനിയമം, പാഴ്‌സി വിവാഹനിയമം തുടങ്ങിയവ ഒരു വർഷമായി പിരിഞ്ഞു കഴിയുന്നവർക്കു വിവാഹമോചനം അനുവദിക്കുന്നതാണ്. ക്രൈസ്തവർക്കു ബാധകമായ നിയമത്തിനു കേന്ദ്രംതന്നെ ഭേദഗതി കൊണ്ടുവരേണ്ടതാണെന്നു കോടതി വാക്കാൽ പറഞ്ഞു. ഏതു മതത്തിലുള്ള വ്യക്തിക്കും ബാധകമാകുന്ന പൊതുനിയമം കൊണ്ടുവരാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും കോടതി പറഞ്ഞു.
ഇതിൽ തന്നെ ഏകീകൃത സിവിൽ കോഡിന്റെ സാധ്യത തന്നെയാണ് സർക്കാർ വിശദീകരിക്കുന്നത്. ഇന്ത്യൻ വിവാഹമോചന നിയമത്തിലെ രണ്ടുവർഷ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു കേരള, കർണാടക ഹൈക്കോടതികൾ നേരത്തേ നിലപാടെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഈയിടെ ബോംബെ ഹൈക്കോടതി കാലാവധി ഒരുവർഷമാക്കി കുറച്ചു വിധി പ്രസ്താവിച്ചിരുന്നു. കേരള, കർണാടക ഹൈക്കോടതികളുടെ വിധികളെ കേന്ദ്ര സർക്കാർ ചോദ്യംചെയ്തിട്ടില്ലെന്നതും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമത്തിലെ ഈ വിവേചനങ്ങളെ കോടതി തന്നെ ചോദ്യം ചെയ്യുമ്പോൾ കോമൺ സിവിൽ കോഡിന്റെ പ്രസക്തി ഉയർന്നു. ഇത് മുതലെടുക്കാൻ മോദി സർക്കാർ ശ്രമിക്കുന്നവെന്ന ആശങ്ക ശക്തമാണ്. സമാനമായ പരാമർശങ്ങൾ നിരവിധി വിഷയങ്ങളിൽ കോടതി നടത്തുന്നുമുണ്ട്.
ഇന്ത്യൻ പീനൽ കോഡ് ഇന്ത്യയിലെ എല്ലാ ജന വിഭാഗങ്ങളെയും ഒരു പോലെ ബാധിക്കുന്നു. ക്രിസ്ത്യൻ ആയാലും ഇസ്ലാം ആയാലും ഹിന്ദു ആയാലും നിയമം ഒന്ന് തന്നെ. സിവിൽ കോഡ് എന്ന് പറഞ്ഞാൽ വ്യക്തി നിയമം വ്യക്തി നിയമങ്ങളിൽ ഹിന്ദുവിന് ഒരു നിയമം, ഇസ്ലാമിന് ഒരു നിയമം, ക്രിസ്ത്യാനിക്ക് ഒരു നിയമം അങ്ങനെ ആണ്. ഇതിനു കാരണം മത നിയമങ്ങൾ സംരക്ഷിക്കുക ആയിരുന്നു. എന്നാൽ ഹിന്ദു നിയമങ്ങളിൽ ഒരു പാടു പരിഷ്‌കരണങ്ങൾ വന്നിരുന്നു. ഏക ഭാര്യാത്വം, ഹിന്ദു വിവാഹ നിയമം, ഇവയൊക്കെ പരിഷ്‌കരിക്കപ്പെട്ടു. ഇസ്ലാമിക വ്യക്തി നിയമങ്ങൾ കാര്യമായ മാറ്റമില്ലാതെ ഇന്ത്യ നില നിർത്തി. ക്രൈസ്തവ നിയമങ്ങളും ചെറിയ മാറ്റങ്ങൾക്കു വിധേയമായി എങ്കിലും എല്ലാവർക്കും പ്രത്യേകം നിയമങ്ങൾ നില നിൽക്കുന്നു. ഇത് ഏകീകരിക്കപ്പെട്ടു കൊണ്ട്, എല്ലാവര്ക്കും ഒരേ പോലെ ബാധകമായ സിവിൽ കോഡ് വരണം എന്നതാണ് ബിജെപിയുടെ ആഗ്രഹം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്.
സമുദായ, ധർമ ആവശ്യങ്ങൾക്കായി സ്വത്ത്ദാനം ചെയ്യുന്നതിന് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിൽ ക്രൈസ്തവർക്കുള്ള നിയന്ത്രണം നീക്കുന്ന ഉത്തരവിലുംസുപ്രിം കോടതി ഏകീകൃത സിവിൽ നിയമം അഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പരിഷ്‌കൃത സിവിൽ സമൂഹത്തിൽ മതനിയമങ്ങളും വ്യക്തിനിയമങ്ങളും തമ്മിൽ ബന്ധമില്ലെന്ന് മൂന്നംഗ ബെഞ്ച് അന്ന് ൂണ്ടിക്കാട്ടിയിരുന്നു. പൊതു സിവിൽ കോഡ് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 44ാം വകുപ്പ് ഇനിയും പ്രാബല്യത്തിലായിട്ടില്ലെന്നത് ഖേദകരമാണെന്നും വിശദീകരിച്ചു. അന്ന് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണമെന്ന സുപ്രിം കോടതിയുടെ ആവശ്യം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് തള്ളിയിരുന്നു. പൊതു സിവിൽ കോഡ് ഏതെങ്കിലും പ്രത്യേക മതവിഭാഗക്കാർക്ക് മേൽ അടിച്ചേൽപിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്.

