കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും സമുദായ നേതാക്കള്‍ക്കും ലൈസന്‍സ് ഇല്ലാതെ എന്തും ആരോപിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി മുസ്ലീം ലീഗ് നേതൃത്വം മാറിയിരിക്കുകയാണ് ഇപ്പോള്‍. കോണ്‍ഗ്രസ്സിന്റെ എ മുതല്‍ ഇസ്സഡ് വരെയുള്ള ഗ്രൂപ്പിലെ നേതാക്കള്‍ മാറി മാറിയാണ് ലീഗിനെയും ലീഗ് നേതൃത്വത്തെയും ചീത്ത വിളിക്കുന്നത്. സമുദായ നേതാക്കള്‍ എന്ന നിലയില്‍ അങ്ങേയറ്റം സംയമനങ്ങള്‍ പാലിക്കേണ്ട വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ മുസ്ലീങ്ങള്‍ അല്ലാത്തവരെപ്പോലും അതിശയിപ്പിക്കുകയും മൂക്കത്ത് വിരല്‍ വയ്പ്പിക്കുകയും ചെയ്യുന്നു.

പികെ നാരായണപ്പണിക്കരെപ്പോലെ മഹാനായ ഒരു സമുദായ നേതാവിന്റെ അഭാവം തിരിച്ചറിഞ്ഞ് കേരളം അത്ഭുതപ്പെടുന്ന സാഹചര്യമാണ് സുകുമാരന്‍ നായരുടെ പല പ്രസ്താവനകളും സൃഷ്ടിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ മുന്‍പ് മുതലേ ഇങ്ങനെയൊക്കെ പറയുമായിരുന്നെങ്കിലും ഇത്രനാളും ആരും അതിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ സുകുമാരന്‍ നായര്‍ കൂടി ചേര്‍ന്നതോടെ വെള്ളാപ്പള്ളി പറയുന്നതെല്ലാം തന്നെ വാര്‍ത്താ പ്രാധാന്യമുള്ളവയായി മാറുന്നു. വെള്ളാപ്പള്ളിയുടെ മകനായതു കൊണ്ട് മാത്രം എസ്എന്‍ഡിപിയുടെ രണ്ടാമത്തെ വലിയ നേതാവായ അബ്കാരി കോണ്‍ട്രാക്ടര്‍ തുഷാര്‍ വെള്ളാപ്പള്ളി ഒരു പടികൂടി കടന്ന് ലീഗിനെതിരെ ക്രിസ്ത്യന്‍ നേതൃത്വവുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ക്രിസ്ത്യന്‍ നേതൃത്വം അതിന് സമ്മതിച്ചു എന്നാണ് തുഷാര്‍ പറഞ്ഞിരിക്കുന്നത്. മുസ്ലീം ലീഗിന്റെയും കരുണാകരന്റെയും കരുണ കൊണ്ട് മാത്രം സിപിഎമ്മുകാര്‍ തല്ലിക്കൊല്ലാതെ ഇത്രകാലം വളര്‍ത്തിയ എംവി രാഘവനാണ് ഏറ്റവും ഒടുവില്‍ ലീഗിനെതിരെ കതിനവെടി പൊട്ടിച്ചിരിക്കുന്നത്. പാര്‍ക്കിന്‍സണ്‍ അസുഖം ബാധിച്ച് മിണ്ടാന്‍ വയ്യാതിരുന്ന രാഘവന്‍ അത്യാവശ്യം എണീറ്റ് നില്‍ക്കാവുന്ന പരുവത്തില്‍ ആയപ്പോള്‍ നടത്തിയ ആദ്യ സേവനമാണ് ഈ എരിതീയില്‍ എണ്ണ ഒഴിക്കല്‍.

ഈ മന്ത്രിസഭ അധികാരത്തില്‍ എത്തിയ ശേഷം ലീഗ് നേതൃത്വം എടുത്ത പല നിലപാടുകളും ലീഗ് നേതാക്കള്‍ പറഞ്ഞ പല അഭിപ്രായങ്ങളും ഒട്ടും ഉചിതമല്ല എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങള്‍. അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗ് പിടിവാശി ഉപേക്ഷിക്കണമെന്നും അത് കേരളത്തിലെ സാമുദായിക ധ്രൂവീകരണത്തിന് വഴി വെയ്ക്കും എന്നും ഞങ്ങള്‍ എഡിറ്റോറിയല്‍ എഴുതിയിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയും അളിയന്‍ റൗഫും തമ്മിലുള്ള പ്രശ്‌നങ്ങളും ഐസ്‌ക്രീം പെണ്‍വാണിഭക്കേസിലെ കോടതിയെപ്പോലും സ്വാധീനിച്ചു എന്ന തരത്തിലുളള വെളിപ്പെടുത്തലും എല്ലാം ലീഗിന്റെ അന്തസ്സിനെ ചോദ്യം ചെയ്ത സംഭവങ്ങളാണ്. അക്കൂട്ടത്തിലെ ഏറ്റവും ഗുരുതരമായതാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമിദാന വിവാദം.

ഇതാണ് സാഹചര്യമെങ്കിലും വഴിയേ പോകുന്നവര്‍ക്കെല്ലാം ഓടിച്ചെന്ന് കൊട്ടാന്‍ പാകത്തില്‍ ഒരു മൂന്നാംകിട പ്രസ്ഥാനമായി ലീഗിനെ ചിലര്‍ ചിത്രീകരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. ഒറ്റയ്‌ക്കൊറ്റയ്ക്ക് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കാന്‍ ഇറങ്ങിയാല്‍ അന്തസ്സായി സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ്വം പാര്‍ട്ടിയാണ് ലീഗ് എന്ന കാര്യമാണ് എല്ലാവരും പെട്ടന്ന് മറക്കുന്നത്. ഒരുപക്ഷേ, കേരളത്തില്‍ അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ഇപ്പോള്‍ ഉള്ളതിനെക്കാള്‍ സീറ്റ് ലീഗ് നേടിയെന്നു വരാം. കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ലീഗിനും അല്ലാതെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് സീറ്റ് പിടിക്കാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ലീഗിന്റെ പുറത്ത് ഇവരില്‍ പലരും ചാടി കയറുന്നത്.

ഭൂമിദാന പ്രശ്‌നം വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുകയും ജാതിമത ഭേദമനേ്യ കേരളം ആദരിക്കുന്ന പാണക്കാട്ടെ തങ്ങള്‍ കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പാണക്കാട്ട് തങ്ങള്‍ക്ക് എന്താണിത്ര അപ്രമാദിത്തം എന്നു ചോദിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ ലീഗിന്റെയും മലബാറിലെ മുസ്ലീമുകളുടെയും ചരിത്രം അറിയുന്നവര്‍ ആരും അങ്ങനെ ഒരു ചോദ്യം ചോദിക്കില്ല. ജനസംഖ്യയുടെ നാലില്‍ ഒന്നുപേര്‍ മുസ്ലീമുകളായ കേരളത്തെ ഒരു വര്‍ഗ്ഗീയ വിളനിലമാക്കാതെ കാത്തു സൂക്ഷിച്ചതില്‍ പാണക്കാട്ട് കുടുംബത്തിനുള്ള പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. നാഴികയ്ക്ക് നാല്‍പ്പതു വട്ടം സാമുദായിയ ധ്രുവീകരണം എന്നു വിളിച്ചു പറയുന്നവര്‍ മറന്നു പോകുന്നത് ലീഗിനെയും അതുവഴി മുസ്ലീം സമുദായത്തേയും തുടര്‍ച്ചയായി ആക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ധ്രൂവീകരണത്തിന്റെ കാര്യമാണ്. ജനസംഖ്യ ആനുപാതികമായും നിയമസഭാ സാമാജികരുടെ അംഗബലത്തിന്റെ അടിസ്ഥാനത്തിലും ലീഗ് ചില അവകാശങ്ങള്‍ ചോദിച്ച് വാങ്ങിയപ്പോള്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമല്ലേ ഇപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ലീഗ് വിരുദ്ധ തരംഗം എന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു.

ഇത്രയും വെറുക്കാന്‍ മാത്രം ഒരു മോശ പ്രപസ്ഥാനമാണോ ലീഗ്? കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഓടിച്ചെങ്കിലും നോക്കിയവര്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയില്ല. ലോകമെമ്പാടുമുള്ള മുസ്ലീമുകളുടെ ആത്മാഭിമാന പ്രശ്‌നമായി ഉയര്‍ന്നു വന്ന ബാബറി മസ്ജിദ് ഒരു സംഘം തീവ്രവാദികള്‍ അടിച്ചുപൊളിച്ച് കാവിക്കൊടി നാട്ടിയിട്ടും കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടാതിരുന്നതിന്റെ മേന്മ പറയുന്നവര്‍ അത് ലീഗിന്റെ ഒറ്റ മിടുക്കാണെന്നു മറക്കരുത്. അബ്ദുള്‍ നാസര്‍ മ്അദനിയും പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിഎഫും ഒക്കെ അവസരം ഉള്ളിടത്ത് വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെ അതിനെ എതിര്‍ത്തു തോല്‍പ്പിച്ചത് കമ്യൂണിസ്റ്റുകാരുടെ മിടുക്കു കൊണ്ടോ കോണ്‍ഗ്രസ്സുകാരന്റെ തന്റേടം കൊണ്ടോ ആണ് എന്ന് ആരും കരുതരുത്.

ലീഗ് പ്രവര്‍ത്തകര്‍ എത്ര വികാരപരമായാണ് ഈ ആരോപണങ്ങളെ കാണുന്നതെന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന ചില പ്രതികരണങ്ങള്‍ തന്നെ സാക്ഷി. റസാക്ക് ബാവ കൊണ്ടോട്ടി എന്നൊരു വായനക്കാരന്‍ എഴുതിയ ചുവടെ കൊടുത്തിരിക്കുന്ന ഒരു പാരഗ്രാഫ് മാത്രം കേള്‍ക്കൂ. അപ്പോള്‍ തന്നെ അറിയാം സാധാരണക്കാരനായ മുസ്ലീമുകള്‍ എത്രമാത്രം ദു:ഖിതരാണ് ഈ വിഷയങ്ങളില്‍ എന്ന്.

'പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലേക്ക് വിജിലന്‍സ് വരുന്നേ എന്നുംപറഞ്ഞു സന്തോഷം കൊള്ളുന്നത് കണ്ടു, സ്വന്തം സംസ്ഥാനനേതാവിന്റെ വീട് കാണാന്‍ പോയാല്‍ കൊട്ടേഷന്‍ സംഘത്തിന്റെകയ്യില്‍ പെടുന്ന അഭിനവ ഭീരുസഖാക്കള്‍ക്ക് ഇതൊരു വലിയ കാര്യമായിരിക്കും, ഇന്നു സമയം ഉണ്ടെങ്കില്‍ നിങ്ങള്‍ പാണക്കാട്ടേക്ക് ഒന്ന് പോയി നോക്കണം, അവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ഭയത്വം വേറെ എവിടെയും നിങ്ങള്‍ക്ക് ലഭിക്കില്ല, ഒരു മാര്‍കിസ്റ്റുകാരന്‍ പോലും ഇല്ലാത്ത സ്ഥലമാണ് പാണക്കാട്.. പക്ഷെ എന്നാലും കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവിടുത്തെ ഞങ്ങളുടെ നേതാക്കള്‍ ആദ്യം കാണുന്ന വീടിന്റെ നേരെ മുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചെങ്കൊടിയും സിപിഎം ഒഫീസുമാണ്, ലോകത്ത് ഇതുപോലെ ഒരു മാതൃക ഒരു നേതാവിന്റെ ഭാഗത്ത് നിന്ന് കാണിച്ചുതരുമോ, പുഞ്ചിരി കൊണ്ട്‌പോലും ഒരു സമ്മതം അണികള്‍ക്ക് കൊടുത്താല്‍ ആട് കിടന്നിടത്ത് പിന്നെ പൂടപോലുംകാണില്ല എന്ന സ്ഥിതിവരുത്താം, പക്ഷെ പുറം നാട്ടിലുള്ള സഖാക്കള്‍ ഉണ്ടാക്കിയ സ്വന്തംനാട്ടിലെ ഓഫീസ് കാണുമ്പോള്‍ പോലുംചിരിക്കാന്‍ കഴിയുന്ന മനസ്സിന്റെ ഉടമകളെ നിസാരകാര്യങ്ങള്‍ കൊണ്ട് ഇളക്കാം എന്ന് കരുതരുത്.'

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ലീഗിന് ചില ആവശ്യങ്ങളൊക്കെ ഉന്നയിക്കാനുള്ള അവകാശം ഉണ്ട്. ലീഗ് നേതാക്കളുടെ വായില്‍ നിന്ന് എന്ത് വീണാലും അതെല്ലാം വലിയ അപരാധമായി പെരുപ്പിച്ചു കാട്ടി രംഗത്തിറങ്ങുന്നവരുടെ അജണ്ട എന്താണ് എന്ന് കരുതലോടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ സമുന്നതരായ പല നേതാക്കളും മനസ്സ്‌കൊണ്ടു- ബിജെപിക്കാര്‍ ആണെന്ന സത്യം മറക്കരുത്. ലീഗ് ക്ഷയിച്ചാല്‍ അവിടെ കയറി വിലസാന്‍ തക്കം പാര്‍ത്തിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനും എന്‍ഡിഎഫിനും ഒക്കെ വളം വയ്ക്കാന്‍ ഈ ലീഗ് വിരുദ്ധ തരംഗം ഗുണം ചെയ്യൂ എന്നാണ് ഞങ്ങള്‍ കരുതുന്നത്. അതു കൊണ്ടു തന്നെ ലീഗിനെതിരെയുള്ള കടന്നാക്രമണം നിയന്ത്രിക്കാന്‍ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ക്രിസ്ത്യന്‍ മെത്രാന്‍മാരും മുന്‍കൈ എടുക്കേണ്ടിയിരിക്കുന്നു. ലീഗിനെതിരെയും ലീഗ് നേതൃത്വത്തിനെതിരെയും ലൈസന്‍സ് ഇല്ലാതെ തുടരുന്ന ഈ ആക്രമണം അവസാനിപ്പിക്കാന്‍ ആരെങ്കിലും മുന്‍കൈ എടുത്തില്ലെങ്കില്‍ തകര്‍ന്നടിയുന്നത് കേരളത്തിലെ സാമുദായിക ഐക്യം തന്നെയായിരിക്കുമെന്ന് തീര്‍ച്ച.