- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എതിർപ്പുകൾ തടയാൻ പുതിയ ട്രിക്കുമായി കുഞ്ഞാപ്പ രംഗത്ത്; സമയമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടി എല്ലാ കമ്മിറ്റികളിലും ഹാജർ; യൂത്ത് ലീഗ് കമ്മിറ്റിയിലെ സാന്നിധ്യം കണ്ട് ഞെട്ടിയത് വിമർശനവുമായി യോഗത്തിനെത്തിയ യൂത്ത് ലീഗ് നേതാക്കൾ; കുഞ്ഞാപ്പയുടെ ട്രിക്കിനെതിരെ അണിയറയിൽ നീക്കം സജീവം
കോഴിക്കോട്: ലീഗ് രാഷ്ട്രീയത്തിന്റെ അവസാന വാക്ക് പാണക്കാട് തങ്ങളാണെങ്കിലും അത് വലം വെക്കുന്നത് എന്നും കുഞ്ഞാപ്പക്ക് ചുറ്റുമായിരിക്കും. അവസാന ബസ്സ് പോയാൽ പിന്നെ ബസ്സുണ്ടോയെന്ന സിനിമയിലെ ചോദ്യം പോലെയാണ് ലീഗിലെ ചില കാര്യങ്ങൾ. പാണക്കാട് തങ്ങൾ പറഞ്ഞാൽ പിന്നെ മറ്റാർക്ക് എന്ത് വില എന്നാണ് ചോദ്യം. എന്നാൽ അവസാനമായി പാണക്കാട് ഹൈദറലി തങ്ങൾ പറഞ്ഞാൽ അവസാന വാക്ക് പൂർത്തിയാക്കുന്നത് കുഞ്ഞാപ്പയായിട്ടുണ്ട്.
ന്യൂജെൻ രാഷ്ട്രീയ കാലത്ത് എല്ലാം റെഡിയാകണമെങ്കിൽ എല്ലാം ശരിക്കും റെഡിയാകണമെന്നതാണ് നിയമം.ആരെങ്കിലും എതിർപ്പുമായി വന്നാൽ അത് മഹാപ്രളയമായി മാറുമെന്നതാണ് സോഷ്യൽ മീഡിയ കാലത്തെ സത്യം. അത് ആരെക്കാളും പി.കെ.കുഞ്ഞാലിക്കുട്ടിയെന്ന കുഞ്ഞാപ്പക്ക് നന്നായി അറിയാം. ആരെ കൂടെ കൂട്ടണമെന്നും ആരെ പാർട്ടിയിൽ എതിർക്കണമെന്നും കീഴ്പ്പെടുത്തണമെന്നും വ്യക്തമായി കുഞ്ഞാലിക്കുട്ടിക്ക് അറിയാം. പേടിപ്പിച്ച് നിർത്തേണ്ടവരെ പേടിപ്പിച്ചും പ്രീതിപ്പെടുത്തി നിർത്തേണ്ടവരെ പ്രീതിപ്പെടുത്തിയും നിർത്തുകയെന്നതാണ് കുഞ്ഞാപ്പ പൊളിട്രിക്ക്സ്.
കഴിഞ്ഞ ആഴ്ച കോഴിക്കോട് നടന്ന ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയിലാണ് ഒരറിയിപ്പും കൂടാതെ കുഞ്ഞാപ്പ കയറി വന്നത്. വഴി തെറ്റി വന്നതാകാണെന്ന അടക്കം പറഞ്ഞവരുമുണ്ട്. എന്നാൽ ജില്ലാ കമ്മിറ്റിയെ പ്രശംസിക്കാൻ വന്നതാകാണെന്ന് കരുതിയവരുമുണ്ട്. എന്നാൽ ആദ്യം ആർക്കും സംഗതി പിടികിട്ടിയിരുന്നില്ല.
കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലും അപ്രതീക്ഷിതമായി ദേശീയ ജനറൽ സെക്രട്ടിയായ കുഞ്ഞാപ്പ കയറി വന്നതോടെയാണ് ചില നേതാക്കൾ സംഗതി പഠിക്കാൻ ശ്രമിച്ചത്. ഇന്ന് വരെയില്ലാത്ത ഒരു കീഴ് വഴക്കം. കുഞ്ഞാപ്പയെ കണ്ടപ്പോൾ തന്നെ ബോഡി ലാഗ്വേജ് കൊണ്ട് പാണക്കാട് മുനവ്വറലി തങ്ങളുടെ മുഖത്ത് കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിന്റെ നീരസം വ്യക്തമായിരുന്നു. ഇതിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ മുനവ്വറലി തങ്ങൾ പോവുകയും ചെയ്തു.
കുഞ്ഞാലിക്കുട്ടി യോഗത്തിൽ പങ്കെടുത്തതോടെ എംപി.സ്ഥാനം രാജിവെക്കുന്ന വിഷയത്തിൽ ശക്തമായി എതിർപ്പുള്ള നേതാക്കൾ വരെ മൗനികളായി. എംപി.മാർ മൽസിക്കുന്നതിനെ യൂത്ത് ലീഗ് സംസ്ഥാന ജനൽ സെക്രട്ടറി പി.കെ.ഫിറോസ് എതിർത്തു. എന്നാൽ കുഞ്ഞാലിക്കുട്ടി വരുന്നതിനെ അനുകൂലിക്കുകയും ചെയ്തു. ഇത് എന്ത് നിലപാടാണെന്നാണ് യൂത്ത് ലീഗ് നേതാക്കൾ തന്നെ ചോദിക്കുന്നത്. നിയമസഭാ സീറ്റ് മോഹിക്കുന്നവരുടെ എണ്ണം യൂത്ത് ലീഗിൽ വർധിച്ചതിനാൽ ആരും എതിർക്കുന്നില്ലെന്ന് മാത്രം.
കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചു വരുന്നുവെന്ന പ്രഖ്യാപനത്തെ അനുകൂലിച്ച് എഫ്.ബി.പോസ്റ്റിടാത്തതിൽ ഫിറോസിനോടും മുനവ്വറലി തങ്ങളോടും കുഞ്ഞാലിക്കുട്ടി കട്ട കലിപ്പിലായിരുന്നു. ചില നേതാക്കളോട് കുഞ്ഞാലിക്കുട്ടി അത്യപ്തി പറഞ്ഞതായാണ് വിവരം. ഷാഫി ചാലിയം എന്ന യൂത്ത് ലീഗ് നേതാവ് കുഞ്ഞാപ്പയെ അനുകൂലിച്ച് പോസ്റ്റിട്ടപ്പോൾ ശക്തമായ എതിർപ്പാണ് ഉയർന്നത്. അവസാനം ഷാഫി ചാലിയത്തിന് തടിയും കൊണ്ട് ഓടേണ്ടി വന്ന കാഴ്ചയാണ് സോഷ്യൽ മീഡിയ കണ്ടത്.
ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി എംപി.സ്ഥാനം രാജിവെക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി ഒരു വിഭാഗം രംഗത്തിറങ്ങുമെന്ന വിവരം കുഞ്ഞാപ്പയുടെ കേന്ദ്രത്തിന് ലഭിച്ചിരുന്നു. അതാണ് പല പരിപാടികളും മാറ്റിവെച്ച് ഓടി കിതച്ച് കുഞ്ഞാപ്പ ജില്ലാ കമ്മിറ്റി യോഗത്തിൽ എത്തിയത്. അതുകൊണ്ട് ലീഗിന്റെ താത്വികാചാര്യൻ കൂടിയായ എം.സി.വടകര മാത്രമാണ് കുഞ്ഞാപ്പ എംപി സ്ഥാനം രാജിവെക്കുന്നതിന്റെ സാഹിത്യ വാരഫലം മോഡലിൽ വിമർശിച്ചത്. അൽപ്പം സാഹിത്യവും ലീഗിന്റെ മഹിത മാതൃകയും വിശദീകരിച്ചുള്ള വാക്കുകൾ പല നേതാക്കൾക്കും മനസ്സിലായില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്.
വരും ദിവസങ്ങളിൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് തുടങ്ങി പോഷക സംഘടനകളുടെ യോഗങ്ങളിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കുഞ്ഞാലിക്കുട്ടി വരുമെന്നാണ് കുഞ്ഞാപ്പയുടെ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഫെബ്രവരി ആദ്യത്തിൽ എംപി.സ്ഥാനം രാജിവെക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അത് വരെ ബഹളം ഒഴിവാക്കണം. പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ കുഞ്ഞാപ്പ വരുന്നതിനെ എതിർത്തുകൊണ്ട് നടത്തിയ പ്രസ്താവന ചില്ലറയൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. കുഞ്ഞാലിക്കുട്ടി ഒരു നിലക്കും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു അത്. അതോടെ തളർന്ന കുഞ്ഞാപ്പ രാജി വെക്കുന്നത് അൽപ്പം മാറ്റിവെക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രാജിവച്ചാൽ മതിയെന്ന ചിന്തയുള്ളവരും കുഞ്ഞാപ്പ ടീമിന്റെ കൂട്ടത്തിലുണ്ട്.