കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി യോഗം നാളെ കോഴിക്കോട് ചേരും. നേരത്തെ കോയമ്പത്തൂരിൽ നടത്താൻ തീരുമാനിച്ചിരുന്ന യോഗമാണ് കോഴിക്കോടേക്ക് മാറ്റിയത്.

ഈ വർഷം മെയ് ജൂൺ മാസങ്ങളിലായി കേരളത്തിലടക്കം വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പ്, കുഞ്ഞാലിക്കുട്ടിയുടെ രാജിയും തുടർന്ന് ഒഴിവു വരുന്ന മലപ്പുറം ലോകസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായിരിക്കും പ്രധാന ചർച്ച വിഷയം. കേരളത്തിന് പുറമെ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ള പ്രതിനിധകളും ദേശീയ സംസ്ഥാന നേതാക്കളും എംഎൽഎമാരും എംപിമാരും നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.

കേരളത്തിലെ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നടപടികൾക്കൊപ്പം ഇതര സംസ്ഥാനങ്ങളിലെ തരെഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെ കുറിച്ചും പിന്തുണ നൽകുന്നതിനെ കുറിച്ചുമെല്ലാം നാളെ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി മത്സരിക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് മുസ്ലിം ലീഗിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയായിരിക്കുമെന്നാണ് വിലയിരുത്തൽ.

കുഞ്ഞാലിക്കുട്ടിയടക്കമുള്ള ദേശീയ നേതാക്കളുടെ വാക്കുകൾ ധിക്കരിച്ച് ഉവൈസിയുടെ പാർട്ടിക്ക് പ്രാദേശിക നേതൃത്വങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ നടക്കുന്ന യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് നിർണ്ണായക തീരുമാനമുണ്ടേയേക്കും. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പലയുടത്തും പരജയപ്പെട്ടെങ്കിലും പാർട്ടിയെന്ന നിലയൽ മുസ്ലിം ലീഗിന് നേട്ടമുണ്ടായതായാണ് വിലയിരുത്തൽ. മലപ്പുറമടക്കമുള്ള മുസ്ലിം ലീഗിന്റെ പരമ്പരാഗത കോട്ടകളിൽ വിള്ളലുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. കുഞ്ഞാലിക്കുട്ടി എംപി മുന്നിൽ നിന്ന് നയിച്ചതുകൊണ്ടാണ് യുഡിഎഫ് തകർന്നപ്പോഴും മുസ്ലിം ലീഗ് കരുത്ത് കാട്ടിയത് എന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.

അതുകൊണ്ട് തന്നെ നിയമസഭ തെരഞ്ഞെടുപ്പിലും പാർട്ടിയെ നയിക്കേണ്ടത് കുഞ്ഞാലിക്കുട്ടിയാണ് എന്ന പൊതുവികാരമാണ് പാർട്ടി പ്രവർത്തകർക്കിടിയിൽ ഉള്ളത്. ഇക്കാരണം കൊണ്ടാണ് എംപി സ്ഥാനം രാജിവെച്ച് വീണ്ടും നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഇക്കാര്യങ്ങളെല്ലാം നാളെ നടക്കുന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. കുഞ്ഞാലിക്കുട്ടി രാജി വച്ചാൽ ഒഴിവു വരുന്ന ലോകസഭ മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിലും നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫയർപാർട്ടിയുമായുണ്ടാക്കിയ സഖ്യം നിയമസഭ തെരഞ്ഞെടുപ്പിലും തുടരണമോ എന്ന കാര്യവും നാളെ ചർച്ച ചെയ്യും.