- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്; വേങ്ങരയിൽ കെപിഎ മജീദ്; അബ്ദുൾ വഹാബിന് മ്ങ്കടയിൽ മത്സരിച്ച് മന്ത്രിയാകാനും മോഹം; പെരിന്തൽമണ്ണയിൽ അലിക്ക് വേണ്ടിയും സമ്മർദ്ദം; കൊടുവള്ളിയിൽ മുനീർ; കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകനും; വനിതാ സ്ഥാനാർത്ഥിക്ക് ജയ സാധ്യതയുള്ള മണ്ഡലവും നൽകിയേക്കും; മുസ്ലിംലീഗിൽ എല്ലാവർക്കും മത്സരിക്കണം
കോഴിക്കോട്: മുസ്ലിംലീഗിൽ സ്ഥാനാർത്ഥി നിർണ്ണയം ഏറെ വിവാദമുണ്ടാകും. എല്ലാ മുതിർന്ന നേതാക്കളും മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. മന്ത്രിസ്ഥാനമാണ് എല്ലാവരുടേയും ലക്ഷ്യം. ഇതോടെ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം കിട്ടാത്ത സ്ഥിതിവരും. കൊടുവള്ളിയിലേക്ക് എംകെ മുനീറിനെ മാറ്റുന്നത് പോലും വിവാദമായേക്കും. കേസുകളിൽ പെട്ട ഇബ്രാഹിംകുഞ്ഞും കമറുദ്ദീനും ഇത്തവണ മത്സരിക്കാൻ ഇടയില്ല. കുറഞ്ഞത് മൂന്ന് പുതിയ സീറ്റുകളും യുഡിഎഫിൽ നിന്ന് മത്സരിക്കാൻ അവസരം ഉണ്ടാകും.
എംപി സ്ഥാനം രാജിവച്ചു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മത്സരിക്കാനാണ് സാധ്യത. കെ എൻ എ ഖാദറാണ് വേങ്ങരയിലെ എംഎൽഎ. അങ്ങനെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനെത്തിയാൽ ഖദർക്ക് സീറ്റ് നഷ്ടമാകും. രാജ്യസഭാ എംപിയായ പി.വി. അബ്ദുൽ വഹാബും നിയമസഭാ തിരഞ്ഞെടുപ്പിലെ കന്നി മത്സരത്തിന് ഒരുങ്ങുകയാണ്. ഏപ്രിലിൽ രാജ്യസഭാ കാലാവധി തീരുന്ന വഹാബ് മഞ്ചേരി, മങ്കട എന്നിവയിലൊന്നിൽ മത്സരിക്കാനാണ് ആഗ്രഹം കാട്ടുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ബദൽ വിഭാഗത്തിന് ലീഗിൽ നേതൃത്വം നൽകുന്നത് വഹാബാണ്.
ചെറുപ്പക്കാരുടെ ഒരു നിര ലീഗ് പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. രണ്ടു ടേം നിബന്ധന കർശനമായി പാലിക്കാനാണ് നീക്കം. അങ്ങനെ വന്നാൽ പല സിറ്റിങ് എംഎൽഎമാർക്കും സീറ്റ് നഷ്ടമാകും. പി.കെ. ഫിറോസ്, പി.എം. സാദിഖലി, നജീബ് കാന്തപുരം, ടി.പി. അഷ്‌റഫലി, സി.എച്ച്. റഷീദ്, നൗഷാദ് മണ്ണിശേരി, കെ.പി. മുസ്തഫ, ഡോ. അൻവർ അമീൻ, എ.കെ.എം. അഷ്‌റഫ്, എം,എ. സമദ് തുടങ്ങിയവരുടെ പേരുകൾ നേതൃത്വം പരിഗണിക്കുന്നു. ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ എണ്ണത്തെ കൂടി ആശ്രയിച്ചാകും പുതുമുഖ പ്രാതിനിധ്യം. വിമർശനങ്ങൾ കണക്കിലെടുത്ത് ഒരു വനിതാ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനും സാധ്യതയുണ്ട്.
ഇതിനൊപ്പമാണ് മുതിർന്ന നേതാക്കളെല്ലാം മത്സരത്തിന് തയ്യാറെടുക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടിയോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും മത്സരിച്ചേക്കും. വേങ്ങരയിലേക്കു തന്നെ കുഞ്ഞാലിക്കുട്ടി മടങ്ങിയില്ലെങ്കിൽ മജീദ് വേങ്ങര തിരഞ്ഞെടുത്തേക്കും. കുഞ്ഞാലിക്കുട്ടി മലപ്പുറത്തു ജനവിധി തേടാനും സാധ്യതയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് പകരം ഉപതിരഞ്ഞെടുപ്പിൽ വേങ്ങരയിൽ വിജയിച്ച കെ.എൻ.എ ഖാദറിന് ഇത്തവണ സീറ്റ് നഷ്ടമാകാനാണ് സാധ്യത.
മന്ത്രി കെ.ടി. ജലീലിനെതിരെ തവനൂരിൽ മത്സരിച്ചാൽ കൊള്ളാം എന്നു കരുതുന്ന ലീഗ് കോൺഗ്രസിനോട് ആ സീറ്റ് ആവശ്യപ്പെട്ടേക്കും. പകരം പെരിന്തൽമണ്ണ നൽകാമെന്നാണ് വാഗ്ദാനം. അതു സംഭവിച്ചാൽ മഞ്ഞളാംകുഴി അലി പെരിന്തൽമണ്ണ വിട്ട് പഴയ മണ്ഡലമായ മങ്കടയിലേക്ക് മടങ്ങും. എന്നാൽ ജയസാധ്യത കണക്കിലെടുത്ത് അലി പെരിന്തൽമണ്ണയിൽ തന്നെ മത്സരിക്കണമെന്ന വാദമുണ്ട്. എൻ. ഷംസുദ്ദീനും മണ്ഡലം മാറിയേക്കാം. മണ്ണാർക്കാടിനു പകരം തിരൂരിൽ അദ്ദേഹം നിൽക്കാനുള്ള സാധ്യതയുണ്ട്.
കോഴിക്കോട് സൗത്തിൽനിന്നു കൊടുവള്ളിയിലേക്ക് എം.കെ. മുനീർ മാറും. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ സിറ്റിങ് എംഎൽഎ: ടി.എ. അഹമ്മദ് കബീർ (മങ്കട) മത്സരിക്കാനുള്ള സാധ്യത കുറവാണ്. 5 തവണ വിജയിച്ച മുന്മന്ത്രി പി.കെ. അബ്ദുറബ്ബും മാറി നിൽക്കും. ഇബ്രാഹിം കുഞ്ഞിനു പകരം മകനെ കളമശ്ശേരിയിൽ സ്ഥാനാർത്ഥിയാക്കാനുള്ള സമ്മർദമുണ്ട്. കെ.എം. ഷാജി അഴിക്കോട് മത്സരിക്കും.