- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുമത വിശ്വാസിയായ തന്നെ വിവാഹം കഴിച്ചത് ബലപ്രയോഗത്തിലൂടെ; വിവാഹ ശേഷം പീഡനം അറബി ഭാഷയും ഭർത്താവിന്റെ മതസംസ്കാരവും പഠിക്കണം എന്നാവശ്യപ്പെട്ട്; രണ്ടു വർഷം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിനെതിരെ പരാതിയുമായി രംഗത്ത്; മധ്യപ്രദേശിൽ മുസ്ലിം യുവാവ് അറസ്റ്റിലായത് ലൗ ജിഹാദ് നിയമമനുസരിച്ച്
ഭോപ്പാൽ: ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിൽ ലൗ ജിഹാദ് നിയമമനുസരിച്ച് മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു. ഇർഷാദ് ഖാൻ എന്ന യുവാവാണ് അറസ്റ്റിലായത്. യുവാവിന്റെ കുടുംബം തന്നെ പീഡിപ്പിക്കുകയാണെന്നും ഇസ്ലാം സംസ്കാരം തന്നിൽ അടിച്ചേൽപ്പിക്കുകയുമാണെന്നാണ് ഇയാളുടെ ഭാര്യ ആരോപിക്കുന്നത്. സംസ്ഥാനത്തെ നിലവിലുള്ള മത സ്വാതന്ത്ര്യ നിയമമായ മധ്യപ്രദേശ് സ്വാതന്ത്ര്യ ബിൽ 2020 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
2018ലാണ് ഇർഷാദ് ഖാൻ ഹിന്ദുമതവിശ്വാസിയായ യുവതിയെ വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹം ബലപ്രയോഗത്തിലൂടെയായിരുന്നുവെന്നും തന്നെ ഇർഷാദ് പീഡിപ്പിക്കുന്നുവെന്നുമാരോപിച്ച് യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച യുവതി തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോകുകയായിരുന്നു.
അദ്ദേഹത്തിന്റെ മത സംസ്കാരം പഠിക്കാനും, അറബി ഭാഷ പഠിക്കാനും എന്നെ നിർബന്ധിച്ചിരുന്നു. ഇതിനായി ഇർഷാദ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. പീഡനം സഹിക്കാനാവാതെയാണ് മാതാപിതാക്കളുടെ അടുത്തേക്ക് പോയതെന്ന് യുവതി പറഞ്ഞു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയിന്മേൽ കേസെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഭരത് ദുബൈ പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും സമാനമായ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘ലൗ ജിഹാദ്' തടയാനെന്ന പേരിൽ ഉത്തർപ്രദേശ് സർക്കാർ പുതുതായി കൊണ്ടുവന്ന ആന്റി കൺവേർഷൻ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാദ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തർപ്രദേശ് സർക്കാർ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. ഡിയോറാനിയ പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം ലൗ ജിഹാദിനെതിരെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ചർച്ചകൾ ചൂടുപിടിച്ച് നടക്കുകയാണ്. ' ലൗ ജിഹാദ്' തടയാൻ എന്ന പേരിൽ യു.പി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് ഗവർണർ ആനന്ദി ബെൻ പട്ടേൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം തടയൽ ഓഡിനൻസ് നാലു ദിവസം മുൻപാണ് ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തത്. ഓർഡിനൻസ് പ്രകാരം ഒരു സ്ത്രീ വിവാഹത്തിനായി മതപരിവർത്തനം നടത്തിയാൽ ആ വിവാഹത്തെ അസാധുവായി പരിഗണിക്കും. വിവാഹ ശേഷം മതം മാറാൻ ആഗ്രഹിക്കുന്നവർ കളക്ടർക്ക് അപേക്ഷ നൽകേണ്ടതുണ്ട്.
അതിനിടെ, അസമിലും വിവാഹ നിയമങ്ങളിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. വധുവിന്റെയും വരന്റെയും മതവും വരുമാനവും വിവാഹത്തിന് മുമ്പ് നിർബന്ധമായി രേഖപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അസം സർക്കാരിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമ്മാണമെന്ന് അസം ധനകാര്യമന്ത്രി ഹിമന്ത് ബിശ്വ പറഞ്ഞു. മധ്യപ്രദേശിലും ഉത്തർപ്രദേശിലും നടപ്പാക്കിയ നിയമനിർമ്മാണമല്ല പുതിയ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ വ്യവസ്ഥയിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും പാസാക്കിയ വിവാഹനിയമത്തിന്റെ ചില ഘടകങ്ങൾ ഉണ്ടായിരിക്കും. വധുവിന്റെയും വരന്റെയും മതം പരസ്യമായി രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ മതത്തെപ്പറ്റി സുതാര്യത സൃഷ്ടിക്കാനാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്. അതിന് നിയമസാധുത നൽകാനാണ് സർക്കാർ മേൽനോട്ടം നൽകുന്നതെന്നും ബിശ്വ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വരെ മതം വെളിപ്പെടുത്തേണ്ടതായുണ്ട്. മതം വെളിപ്പെടുത്താതിരിക്കാൻ കഴിയില്ല. എന്നാൽ ഇതൊരിക്കലും ലൗ ജിഹാദിനെതിരെയുള്ള നിയമമല്ല. ഭാര്യയും ഭർത്താവും തമ്മിൽ സുതാര്യതയില്ലെങ്കിൽ അവരുടെ ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ ഇരുവരുടെയും എല്ലാ കാര്യങ്ങളും പരസ്പരം വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മതം, ജോലി, എത്രയാണ് വരുമാനം, കുടുംബത്തിന്റെ മത പശ്ചാത്തലം, ബിസിനസ്സ് തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തണം. ഇതിലൂടെ തന്റെ പങ്കാളി എന്തെങ്കിലും തെറ്റായ ബിസിനസിൽ ഏർപ്പെടുന്നുണ്ടോയെന്ന കാര്യത്തിലും വ്യക്തത വരുത്താനാകുമെന്നും മന്ത്രി ബിശ്വ ചൂണ്ടിക്കാട്ടി.
മറുനാടന് ഡെസ്ക്