തിരുവനന്തപുരം: ദളിത് യുവാവ് നായർ പെൺകുട്ടിയ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന് ജോലി നൽകിയ മുസ്ലിം യുവാവിനും കുടുംബത്തിനും ബിജെപി നേതാക്കളുടെ ക്രൂര മർദ്ദനം. സംഭവം യുപിയിലോ ഗുജറാത്തിലോ അല്ല കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപിയുടെ ഒരേ ഒരു എംഎൽഎ ഒ. രാജഗോപാലിന്റെ മണ്ഡലത്തിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രാവച്ചമ്പലം സ്വദേശിയായ ഫ്രൂട്ട്സ്റ്റാൾ ഉടമ ഷമീറിനും ഭാര്യക്കും മക്കൾക്കും ബിജെപി നേതാക്കളുടെ മർദ്ദനം നേരിടേണ്ടിവന്നത്.

ബിജെപിയുടെ വാർഡ് കൗൺസിലർ പാപ്പനംകോട് സജി, മറ്റൊരു കൗൺസിലറായ എംആർ ഗോപന്റെ മകൻ വിവേക് ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ തന്നെയും കുടുംബത്തേയും മർദ്ദിക്കുകയായിരുന്നു. താൻ ഒരു മുസ്ലീമായതു കൊണ്ടാണോ തന്നെ ആക്രമിച്ചതെന്നാണ് ഷമീർ പറഞ്ഞത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഉദാസീനമായ നിലപാടാണ് ഇത് വരെ ഉണ്ടായിട്ടുള്ളതെന്നും ശമീറിന് പരാതിയുണ്ട്.

സംഭവത്തെക്കുറിച്ച് ഷമീർ പറയുന്നത് ഇങ്ങനെ:

എന്റെ കൂടെ ജോലി ചെയ്യുന്ന വിജിത്തിനെ ഒളിച്ചോടാൻ സഹായിച്ചുവെന്നാണ് എന്നെ അവർ ക്രൂരമായി മർദ്ദിച്ചത്. മേത്തനായ നിന്നെ കത്തിച്ച് കളയുമെന്നുൾപ്പടെ ആക്രോശിച്ചാണ് മർദ്ദിച്ച് അവശനാക്കിയത്. വിജിത്ത് ഒരു ദളിത് യുവാവായതും ഞാൻ ഒരു മുസ്ലിം ആയതുമാണ് അവരുടെ പ്രശ്നം. വിജിത്ത് പ്രണയിച്ച നായർ പെൺകുട്ടിയായ വൈഷ്ണവിയുടെ അച്ഛൻ ഒരു ബിജെപി അനുഭാവിയാണ്. നേതാക്കളുമായി ഇയാൾക്ക് നല്ല അടുത്ത ബന്ധമാണ്. മുൻപ് ഒരിക്കലും വിജിത്തിനെ ഇയാളുടെ ആളുകൾ കൊണ്ട് പോയി മർദ്ദിച്ച ശേഷം പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നെയും അവർ ബന്ധം തുടരുകയും കഴിഞ്ഞയാഴ്ച സ്വമേധയാ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇവരെ ഞാൻ സഹായിച്ചുവെന്നാരോപിച്ചായിരുന്നു ട്രെയിനിന്് ഉള്ളിൽ വെച്ച് എന്നെയും ഭാര്യയെയും മർദ്ദിച്ചത്.

ഭാര്യക്കും മക്കൾക്കുമൊപ്പം നിലമ്പൂരിലെ ബന്ധു വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തരമണിയോടൊണ് സംഭവം നടക്കുന്നത്. ട്രെയിൻ പുറപ്പെട്ടപ്പോൾ ചങ്ങല വലിച്ച് വണ്ടി നിർത്തിയ ശേഷമാണ് മർദ്ദനം തുടർന്നത്. പെൺകുട്ടിയേയും വിജിത്തിനേയും കാണാനില്ലെന്നാരോപിച്ച് ഇവർ എന്നെ സംശയിച്ചിരുന്നു. അവരുടെ മകൾ ഒരാൾക്കൊപ്പം പോയതിന് എന്നെയും കുടുംബത്തേയും അടിക്കാനും കൊല്ലാനും വരുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. മകളെയും വിജിത്തിനേയും അന്വേഷിച്ചിറങ്ങിയ ബിജെപി നേതാക്കളും സംഘവും വിജിത്തിന് ജോലി നൽകിയ എന്റെ വീട്ടിലും അന്വേഷിച്ച് എത്തുകയായിരുന്നു. അവിടെ എത്തി അന്വേഷിച്ചപ്പോഴാണ് ഞാൻ നിലമ്പൂരിലേക്ക് പോകുന്നുവെന്ന ഇവർ അറിഞ്ഞത്.

ഭാര്യയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാനാണ് ഞാനും കുടുംബവും റെയ്ൽവേ സ്റ്റേഷനിലേക്ക് പോയത്. എന്നാൽ വിജിത്തിനേയും ഭാര്യയേയും ഒപ്പം കൂട്ടി എന്നാണ് അവർ കരുതിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ അവർ 40ഓളം പോരുണ്ടായിരുന്നു. പിന്നീട് ട്രെയിനിന്റെ പരിസരത്ത് തന്നെ എവിടേടെ ഷെമീർ എന്നുൾപ്പടെ അലറിയാണ് ഇവർ വന്നത്. ഇവർക്കൊപ്പം നേമം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. മകളെ കാണാനില്ലെന്നാരോപിച്ച് നേമം സ്റ്റേഷനിൽ പരാതി അവർ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർ വന്നത്. ഇവരെ കണ് ഭയന്ന് ഞാൻ ട്രെയിനിലെ ടോയ്ലെറ്റിൽ ഒളിച്ചു. എന്നാൽ പൊലീസ് ഉൾപ്പടെയുണ്ടെന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ ഞാൻ പുറത്തിറങ്ങുകയായിരുന്നു.

പുറത്തിറങ്ങിയ ഉടനെ ഇവർ ജാതി വിളിച്ച് അലറിയ ശേഷം മർദ്ദിക്കുകയായിരുന്നു. ഇത് കേട്ട് ഓടി വന്ന ഭാര്യയേയും നാല് വയസ്സുള്ള കുട്ടിയേയും 11 മാസം പ്രായമുള്ള കുട്ടിയെ പോലും മർദ്ദിച്ചുവെന്നും എനിക്ക് വിശ്വസിക്കാനായില്ല. ഭാര്യ സജിനയെ മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീട് ട്രെയിൻ സ്റ്റാർട്ട് ചെയ്തപ്പോൾ ചങ്ങല വലിച്ച് വണ്ടി നിർത്തിയ ശേഷമായിരുന്നു മർദ്ദനം. പൊലീസ് സ്ഥലത്തുണ്ടായിട്ടും ഞങ്ങളെ മർദ്ദിച്ചപ്പോൾ ഇടപെട്ടില്ല. തുടർന്ന് സ്റ്റേഷന് പുറത്തിറങ്ങിയ ശേഷം ഒരു ഓട്ടോിൽ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ നിന്നും എന്നെ ജനറൽ ഹോസ്പിറ്റലിലേക്കും ഭാര്യയെ വീട്ടിലേക്കും പറഞ്ഞ് വിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഷമീർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ മർദ്ദനം നടന്നതിൽ പൊലീസിന്റെ ഇത് വരെയുള്ള ഇടപെടൽ തൃപ്തികരമല്ല. ഒരു മിസ്സിങ്ങ് കേസ് മാത്രമാണ് നിലവിലുള്ളതെന്ന് നേമം പൊലീസ് പറയുന്നു. മർദ്ദനം നടന്നത് റെയിൽവേ സ്റ്റേഷന് ഉള്ളിലായതിനാൽ തന്നെ റെയിൽവേ പൊലീസിനാണ് അന്വേഷണ ചുമതലയെന്നാണ് തമ്പാനൂർ പൊലീസ് പറയുന്നത്. കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം ആരംഭിച്ചുവെന്നും ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുമെന്നും റെയിൽവേ പൊലീസ് എസ്ഐ രഘുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.