ഹൂസ്റ്റൺ: ഹാർവി ചുഴലിയിലും കനത്ത വെള്ളപ്പൊക്കത്തിലും കിടപ്പാടം ഉൾപ്പടെ സർവതും നഷ്ടപ്പെട്ടവർക്കു അഭയം നൽകുന്നതിനും ഭക്ഷണം ഉൾപ്പടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹൂസ്റ്റൺ ഉൾപ്പടെ ടെക്സസിലെ 25 മുസ്ലിം മോസ്‌കുകളുടെ വാതിലുകൾ സെപ്റ്റംബർ ഒന്നിനു തുറന്നു കൊടുത്തതായി ഭാരവാഹികൾ അറിയിച്ചു.

ഹജ്ജിനുശേഷം നടന്ന മുസ്ലീങ്ങളുടെ ഏറ്റവും വലിയ പെരുന്നാളായ ഈഅൽഅദ്ദയിൽ മോസ്‌കിൽ നിസ്‌കാരത്തിനായി എത്തിയവർക്ക് പുതിയ അതിഥികളെ സ്വീകരിക്കുവാൻ കഴിഞ്ഞതിൽ അതീവ സംതൃപ്തിയുണ്ടെന്ന് ഇസ്ലാമിക് സൊസൈറ്റി ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് എം.ജെ. ഖാൻ പറഞ്ഞു.

ദൈവം സൃഷ്ടിച്ച മനുഷ്യരെയെല്ലാം ഒന്നായി കാണുന്നതിനും അവരുടെ ആവശ്യങ്ങളിൽ പരസ്പരം സഹായിക്കുന്നതിനും കഴിയുന്നതാണ് ഏറ്റവും വലിയ ദൈവസ്നേഹമെന്നും ഖാൻ അഭിപ്രായപ്പെട്ടു. ഹൂസ്റ്റണിൽ ഏകദേശം 250,000 മുസ്ലീമുകൾ വിവിധ സിറ്റികളിലായി താമസിക്കുന്നുണ്ടെന്നും അവരുടെ മോസ്‌കുകളും ചാരിറ്റി പ്രവർത്തനങ്ങളുമാണ് ഹാർവി ദുരിതബാധിതരെ സംരക്ഷിക്കുന്നതിന് ആദ്യമായി മുന്നോട്ടുവന്നതെന്നും ഖാൻ പറഞ്ഞു.