കോഴിക്കോട്: പാലാ ബിഷപ്പ് നടത്തിയ നാർക്കോട്ടിക് ജിഹാദ് പ്രസ്താവന പിൻവലിക്കണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലിം മത സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ഇനി ആരുടെ ഭാഗത്തു നിന്നും ഇത്തരം പ്രസ്താവന ഉണ്ടാകാതിരിക്കാനാണു പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് നേതാക്കൾ പറഞ്ഞു.

കേസെടുക്കണമെന്നോ നടപടി വേണമെന്നോ ആവശ്യപ്പെടുന്നില്ല. വളരെ പക്വതയോടെയാണു വിഷയത്തിൽ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായത്. കേരള സമൂഹവും ക്രിസ്ത്യൻ സമുദായവും തന്നെ ഇതിനെ പ്രതിരോധിച്ചു മുന്നോട്ടു വന്നതു സ്വാഗതാർഹമാണ്.

കേരളത്തിന്റെ മതസൗഹാർദം നഷ്ടപ്പെടുത്തുന്ന ഒരു പ്രസ്താവനയും ശരിയല്ല. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോൾ സർക്കാർ നോക്കിനിൽക്കാൻ പാടില്ല. ശക്തമായ നടപടികളും ഇടപെടലും ഉണ്ടാവണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മതങ്ങൾ തമ്മിലുള്ള സൗഹാർദം നിലനിർത്തണം. അതിനു തുരങ്കം വയ്ക്കുന്ന നിലപാട് മതനേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സർക്കാർ വിഷയത്തിൽ സർവ കക്ഷിയോഗം വിളിക്കാൻ തയ്യാറായത് സ്വാഗതാർഹമാണ്. വിവാദ പ്രസ്താവന നടത്തിയിട്ടും വളരെ പക്വതയോടെയാണ് മുസ്ലിം സംഘടനകൾ വിഷയത്തിൽ പ്രതികരിച്ചതെന്ന് യോഗത്തിന് ശേഷം ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇത് ഏറെ സ്വാഗതാർഹമാണ്. എന്നാൽ സർക്കാരിന്റെ നിസ്സംഗതയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങൾ സങ്കീർണമാക്കാൻ മുസ്ലിം സംഘടനകൾ ആഗ്രഹിക്കുന്നില്ല. മന്ത്രി വാസവൻ പാലാ ബിഷപിനെ സന്ദർശിച്ച കാര്യം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ പ്രതികരിക്കാനില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

തങ്ങൾ ഇക്കാര്യത്തിൽ കൃത്യമായി പറഞ്ഞുകഴിഞ്ഞു. കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കാനോ കുറയ്ക്കാനോ ഇല്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.



സമസ്ത, കെ.എൻ.എം, ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമ, എം.എസ്.എസ്, എം.ഇ.എസ്., തുടങ്ങി 13 മുസ്ലിം സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. എ.പി സുന്നി വിഭാഗം യോഗത്തിൽ നിന്ന് വിട്ടുനിന്നു. സച്ചാർ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ന്യൂനപക്ഷ സ്‌കോളർഷിപ്പുൾപ്പെടെ സച്ചാർ പദ്ധതികളിൽ സർക്കാർ നിലപാടിനെതിരെ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.