ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തെ അപലപിച്ച് മുസ്ലിം സമുദായ നേതാക്കൾ ഒത്തുകൂടി. ആക്രണമല്ല ഇസ്ലാം മത മുന്നോട്ടു വയ്ക്കുന്ന വിശ്വാസസംഹിതയെന്ന് ലോകത്തെ ഓർമ്മപ്പെടുത്തുന്നതായിരുന്നു ആ കൂടിച്ചേരൽ. ഇതിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീരരുടെ ശവസംസ്‌കാര ചടങ്ങിൽ തങ്ങൾ പ്രർഥന നടത്തില്ലെന്ന് 130 ഇമാമുകൾ അറിയിച്ചു.

ഈസ്റ്റ് ലണ്ടൻ മോസ്‌കിലെ പുരോഹിതന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് മതത്തിന്റെ പേരിലുള്ള ഭീകര പ്രവർത്തനത്തിനെതിരെ രംഗത്തെത്തിയത്.

മനുഷ്യത്വത്തിന് ഏറെ പ്രാധാന്യം നൽകുന്നതാണ് ഇസ്ലാം മതവിശ്വാസമെന്നതിനാൽ കുറ്റവാളികൾക്ക് ഇസ്ലാമികരീതിയിലുള്ള സംസ്‌കാര പ്രാർത്ഥന നടത്താനാകില്ലെന്നും ഈസ്റ്റ് ലണ്ടൻ മോസ്‌കിന്റെയും ലണ്ടൻ മുസ്ലിം സെന്ററിന്റെയും ചെയർമാൻ മുഹമ്മദ് ഹബീബുർ റഹ്മാൻ പറഞ്ഞു. ഇത്തരം അക്രമ പ്രവർത്തനങ്ങൾ ഖുറാന്റെ വഴിയല്ലെന്നും നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ലണ്ടൻ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ബാർകിങ് സ്വദേശികളായ ഖുറാം ബട്ട്, റാഷിദ് റിദ്വോൻ എന്നിവരാണെന്നാണ് സ്‌കോർട്‌ലാണ്ട് യാർഡ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഖുറാം ബട്ട് പാക്കിസ്ഥാൻ വംശജനാണ്.

നേരത്തെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പന്ത്രണ്ട് പേരെ വെറുതെ വിട്ടു. മൂന്നാമത്തെ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വാനിൽ നിന്നും 12 പെട്രോൾ ബോംബുകളും കണ്ടെടുത്തിട്ടുണ്ട്.