ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനത്തെ നടുക്കി ഭീകരാക്രണം നടത്തിയവരുടെ സംസ്‌കാര കർമങ്ങൾക്കു നേതൃത്വം നല്‌കേണ്ടെന്നു മുസ്ലിം പുരോഹിതന്മാരുടെ തീരുമാനം. ലണ്ടനിലെ ഇമാമുമാർ ഒരുമിച്ചു ചേർന്നാണ് തീരുമാനം എടുത്തത്. ഭീകരവാദത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നതിനെ പിന്തുണയ്ക്കില്ലെന്നും പുരോഹിതർ വ്യക്തമാക്കി.

ശനിയാഴ്ച രാത്രിയാണ് ലണ്ടനെ നടുക്കിയ ഭീകരാക്രമണം നടന്നത്. ലണ്ടൻ ബ്രിജിലൂടെ അതിവേഗത്തിൽ വാഹനമോടിച്ച് കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചും തുടർന്ന് കാറിൽനിന്നിറങ്ങി കത്തിക്കു കുത്തിയും നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 48 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഖുറം ഭട്ട്, റാച്ചിദ് റാഡൗനെ, യൂസെഫ് സാഗ്ബാ എന്നിവരാണ് ആക്രമണം നടത്തിയത്. മൂന്നു പേരെയും പൊലീസ് വെടിവച്ചു കൊന്നു.

ഇതിനു പിന്നാലെയാണ് 130 ഇമാമുമാരും മറ്റു മതങ്ങളിലെ പുരോഹിതരും യോഗം ചേർന്ന് ഭീകരരുടെ അന്ത്യകർമങ്ങൾ നിർവഹിക്കേണ്ടെന്നു തീരുമാനിച്ചത്. ആക്രമണത്തെ അപലപിച്ച യോഗം, ഭീകരവാദം ഇസ്ലാമിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നതു തടയാനായി തങ്ങൾ പ്രവർത്തിക്കുമെന്നും പുരോഹിതർ വ്യക്തമാക്കി.

ഭീകരരുടെ അന്ത്യ കർമ്മങ്ങൾക്കു നേതൃത്വം നല്കരുതെന്ന് യോഗത്തിൽ പങ്കെടുക്കാത്ത പുരോഹിതരോടും അഭ്യർത്ഥിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. ദുഷ്പ്രവർത്തികൾ ചെയ്യുന്നവർക്ക് മതപരമായ അന്ത്യകർമ്മങ്ങൾക്ക് അവകാശമില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. ഭിന്നിപ്പും അസഹിഷ്ണുതയും ഉപേക്ഷിക്കണമെന്നും ഭീകരവാദമടക്കമുള്ള പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും കിഴക്കൻ ലണ്ടനിലെ മുസ്ലിം സെന്ററിന്റെയും മോസ്‌ക്കിന്റെയും ചെയർമാനായ മുഹമ്മദ് ഹബീബുർ റഹ്മാൻ ആവശ്യപ്പെട്ടു.