കുവൈത്ത്: മുസ്ലിം ഉമ്മത്ത് ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ചർച്ച സംഗമം സംഘടിപ്പിച്ചു. മുസ്ലിം വിശ്വാസാചാരങ്ങളും സ്വത്വവും നിലനിർത്തി ഒരു ഇന്ത്യക്കാരനായി അഭിമാനത്തോടെ ജീവിക്കാനുള്ള പൗര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടണം. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കമായി മാറിയ മുസ്ലിം ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കാൻ ഇതുവരെ രാജ്യം ഭരിച്ച കക്ഷികൾ മുന്നോട്ട് വന്നില്ലെന്നും ഏറ്റവും അസഹീനമായ അവഗണനക്കും നിന്ദക്കും ഇരയാകുന്ന അനുഭവങ്ങൾ മുമ്പത്തേക്കാൾ വർധിക്കുന്നു എന്നതാണ് സമീപകാല ചരിത്രമെന്ന് ഐ.ഐ.സി ചർച്ച സംഗമം അഭിപ്രായപ്പെട്ടു.

'ഹൃദയത്തെ അറിയുക, ഹൃദയ വസന്തം തീർക്കുക' എന്ന വിഷയത്തിൽ അബ്ദുൽ അസീസ് സലഫിയും 'പ്രതിസന്ധികളിൽ പതറാതെ' എന്ന വിഷയത്തിൽ ആദിൽ സലഫിയും ക്ലാസുകളെടുത്തു. ദഅ്വ പഠന സെഷനിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

എൻജി. അബ്ദുല്ലത്തീഫ്.സി.കെ, സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, വീരാൻ കുട്ടി സ്വലാഹി എന്നിവർ ചർച്ചയിൽ വിഷയം അവതരിപ്പിച്ചു പ്രസംഗിച്ചു. മനാഫ് മാത്തോട്ടം മോഡറേറ്ററായിരുന്നു. ജോ. സെക്രട്ടറി എൻജി. അൻവർ സാദത്ത്, ഓർഗനൈസിങ് സെക്രട്ടറി യൂനുസ് സലീം, അഷ്‌റഫ് മേപ്പയ്യൂർ, സൈദ് മുഹമ്മദ് റഫീഖ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ അടക്കാനി എന്നിവർ പങ്കെടുത്തു. റാസി അബ്ദുറഹിമാൻ ഖിറാഅത്ത് നടത്തി.