ലക്‌നോ: നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായതുമുതലുള്ള റാലികളിലെയും പരിപാടികളിലേയും സ്ഥിര സാന്നിധ്യമാണ് പർദ്ദയണിഞ്ഞ് തട്ടമിട്ട് നിൽക്കുന്ന ഇവർ. ഉത്തരേന്ത്യയിൽ എവിടെയും നരേന്ദ്ര മോദിക്കും ആർ.എസ്.എസ്സിനും പിന്തുണയർപ്പിച്ചു പ്രകടനം നടത്തുകയും പ്രാർത്ഥനനടത്തുകയും പൂജനടത്തുകയും ചെയ്യുന്ന മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും ഇവരുണ്ടാകും.

എന്നാൽ ഇവരുടെ തട്ടമില്ലാത്ത ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ സംശയമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സംഘപരിവാർ സ്പോൺസേർഡ് പരിപാടിക്കു മാത്രമെ ഈ യുവതി ഹിജാബ് ധരിക്കാറുള്ളുവോയെന്ന ചോദ്യമാണ് ഉയരുന്നത്.

ബിജെപിയുടെ വിജയാഹ്ലാദപ്രകടനം, മോദിയുടെ റോഡ്ഷോക്ക് പൂക്കളെറിയൽ, രാഖികെട്ടൽ, യോഗി ആദിഥ്യനാഥിന്റെ വിജയാഘോഷം, മുത്തലാഖിനെതിരേ ഹനുമാൻ പൂജ, പശുസംരക്ഷണത്തിനുള്ള കൺവെൻഷൻ തുടങ്ങി പരിപാടി എന്തും ആവട്ടെ ഈ യുവതിയുടെ സാന്നിധ്യം നിർബന്ധമാണ്. ഇവരുടെ ഫോട്ടോ ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുമുണ്ട്.