ന്യൂഡൽഹി: സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ നിരവധി നടക്കുന്ന കാലമാണ് ഇപ്പോൾ. ഇതിന്റെ ഭാഗമായാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യം ഉന്നയിച്ചുള്ള നിയമ നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയതും. എന്നാൽ, സംസ്ഥാന സർക്കാറും ദേവസ്വം ബോർഡും ഇതിനെ അനുകൂലിക്കാൻ തയ്യാറായിരുന്നില്ല. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഈ വിഷയത്തിൽ പുരോഗമന വാദികളായ എല്ലാവരുടെയും പിന്തുണ കിട്ടി. ഇപ്പോൾ മുസ്ലിം മതത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കയാണ് ഒരു യുവതി.

തലാഖ് ചൊല്ലിയുള്ള മൊഴിചൊല്ലൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു മുസ്ലിം വനിത സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടി. ശയരാ ഭാനുവെന്ന സ്ത്രീയാണ് കോടതിയെ സമീപിച്ചത്. മൂന്നു തവണ തലാക്ക് പറയുന്നതും നിക്കാഹ് ഹലാലയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ഒരു മുസ്ലിം വനിത സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഭരണഘടനാ വിരുദ്ധവും സമത്വം സ്വാതന്ത്യം എന്നീ മൗലികാവകാശങ്ങളെ ലംഘിക്കുന്നതു മൂലവുമാണ് ഇവ രണ്ടും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അവർ പറയുന്നത്.

ജസ്റ്റിസുമാരായ അനിൽ ആർ ദേവ്, ആദർശ് കെ ഗോയൽ എന്നിവരുടെ ബെഞ്ച് പരാതി സ്വീകരിച്ചു. തന്റെ അഭിഭാഷകരായ അമിത് സിങ് ഛാദാ, ബാലാജി ശ്രീനിവാസൻ എന്നിവർവഴി സമർപ്പിച്ച ഹർജിയിൽ തലാഖ്ഈബിദാദ്(മൂന്നു തവണ തലാക്ക് പറയുന്നത്), ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതും സൗദി അറേബ്യ, പാക്കിസ്ഥാൻ, ഇറാഖ് തുടങ്ങി പല മുസ്ലിം രാഷ്ട്രങ്ങളിൽ നിരോധിച്ചിട്ടും ഇന്ത്യൻ മുസ്വീം സ്ത്രീകൾ ഇപ്പോളും ഇത്തരത്തിലുള്ള നിയമങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ശരയ്യ ഭാനു പറയുന്നു.

ഇസ്ലാം മതത്തിലോ, മതഗ്രന്ഥമായ ഖുറാനിലോ ഈ നിയമങ്ങൾക്ക് ഒരു അടിസ്ഥാനവും നൽകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതി ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനോട് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. തന്റെ ഭർത്താവ് മൂന്ന് തവണ മൊഴിചൊല്ലി ഒഴിവാക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ചും അവർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓർമ്മക്കുറവിനുള്ള മരുന്ന നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ആരോഗ്യപരമായി പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് തലാഖ് ചൊല്ലി ഭർത്താവ് ഒഴിവാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടനയിലെ മുസ്ലിം വ്യക്തിനിയമത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് അവരുടെ ഹർജി. 1939ൽ പാസാക്കിയ മുസ്ലിം വിവാഹ നിയമം റദ്ദു ചെയ്യണമെന്നും യുവതി ആവശ്യപ്പെടുന്നു. ഇത് മുസ്ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുരിതം സമ്മാനിക്കുന്നതാണെന്നുമാണ് ഭാനു ചൂണ്ടിക്കാട്ടുന്നത്.

മുസ്ലിം വിവാഹ നിയമങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് യുവതി രംഗത്തെത്തിയതോടെ മുസ്ലിം സത്രീകളുടെ വിവാഹ നിയമത്തിനായി പോരാടിയ ഷബാനു ബീഗം കേസിന് തുല്യമായ മറ്റൊരു കേസ് കൂടിയാണ് ഉരുത്തിരിയുന്നത്. ഷാബാനു കേസ് ഉയർത്തിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുവാൻ എന്ന അവകാശപ്പെട്ട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ് വിവാഹമുക്തകളായ മുസ്‌ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമം 1986 മെയ് മാസം 19 ആം തിയ്യതി ഈ നിയമം നിലവിൽ വന്നു. വിവാഹ മുക്തയായ മുസ്ലിം യുവതിക്ക് ഭർത്താവ് ചെലവിന് നൽകണമെന്ന് വ്യക്തമാക്കുന്നതായിരുന്നു നിയമം. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് എതിരായായിരുന്നു നിയമം.