യോർക്ക്: ശിരോ വസ്ത്രം ധരിച്ചെത്തിയ വനിതയെ അമേരിക്കയിലെ വാഷിങ്ടണിലുള്ള ബാങ്കിൽ നിന്നും പുറത്താക്കിയതായി പരാതി. യുവതി സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കി പ്രതികരിച്ചതോടെ ഇക്കാര്യം ലോകമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

വാഷിങ്ടണിലെ സൗണ്ട് ക്രെഡിറ്റ് യൂണിയൻ ബാങ്കിന്റെതാണ് നടപടി. വെള്ളിയാഴ്ച കാർ ലോൺ അടയ്ക്കാൻ ബാങ്കിലെത്തിയ ജമീല മുഹമ്മദെന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ബാങ്കിലെത്തിയ യുവതിയോട് ശിരോ വസ്ത്രം ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ജീവനക്കാർ ആവശ്യപ്പെട്ടതായാണ് പരാതി. പിന്നീട് തന്നോട് പുറത്തു പോകാൻ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.

അതേസമയം,ബാങ്കിനുള്ളിൽ തൊപ്പി, ശിരോവസ്ത്രം, സൺഗ്ലാസുകൾ എന്നിവ പാടില്ലെന്നാണ് നിയമമെന്ന് അധികൃതർ പറയുന്നു. ബാങ്കിൽ വരുന്നവരുടെ സുരക്ഷയെ കരുതി ഇത്തരം നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്നുമാണ് അധികൃതരുടെ നിലപാട്.

എന്നാൽ, താൻ ഒരു സ്വെറ്ററും ശിരോവസ്ത്രവും ധരിച്ചിരുന്നെന്നും വെള്ളിയാഴ്ച പ്രാർത്ഥനാ ദിവസമായതിനാലാണ് ശിരോവസ്ത്രം ധരിച്ചതെന്നും ജമീല പറയുന്നു.

ബാങ്ക് നിയമങ്ങൾ പാലിക്കാൻ താൻ തയാറാണെന്നും പക്ഷേ, ബാങ്കിൽ തൊപ്പി ധരിച്ചുവന്ന മറ്റൊരാൾക്ക് ഒരു പ്രശ്‌നവുമില്ലാതെ സേവനങ്ങൾ നൽകിയപ്പോഴാണ് തന്നെ പുറത്താക്കിയതെന്നും യുവതി വാദിക്കുന്നു.

തന്റെ മുഖം മറച്ചിട്ടില്ല, തല മാത്രമാണ് മറച്ചത്. ബാങ്കിൽ നിന്നും പുറത്താക്കിയ നടപടി വംശീയാധിക്ഷേപമാണെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചതോടെ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.