കോഴിക്കോട്: ഇരകളുടെ പക്ഷത്ത് നിന്ന് നീതി ഉറപ്പുവരുത്തേണ്ട പൊലീസ് സംവിധാനം പ്രതികളുടെ പക്ഷത്തുനിന്ന് അനീതിക്ക് കൂട്ടുനിൽക്കുന്നത് പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. എസ് ഡി പി ഐ ക്രിമിനലുകളാൽ കൊല ചെയ്യപ്പെട്ട വേളത്തെ നസിറുദ്ദീന്റെ ഘാതകരെയും നാദാപുരത്ത് പട്ടാപകൽ സി പി എം ക്വൊട്ടേഷൻ സംഘത്താൽ വധിക്കപ്പെട്ട അസ്‌ലമിന്റെ കൊലപാതകികളെയും സംരക്ഷിക്കുന്ന സമീപനമാണ് കേരള പൊലീസിന്റേതെന്നും സമ്മേളനം കുറ്റപ്പെടുത്തി. പൊലീസ് സംവിധാനത്തെ രാഷ്ട്രീയ ഉപകരണമാക്കുന്ന മാർക്‌സിസ്റ്റ് സർക്കാറിന്റെ നീക്കം നിയമവാഴ്ചക്ക് ഭീഷണിയാണെന്നും കെ ടി അബ്ദുറഹിമാൻ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

സമുദായത്തിനകത്തെ പരസ്പര ആശയ സംവാദങ്ങളിലൂടെ വളരുകയും വികസിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിനുള്ളത്. ഇതിന് പ്രതലം ഒരുക്കിയാണ് സമുദായത്തിന്റെ പുരോഗതിക്കായുള്ള അക്ഷീണ പ്രയത്‌നങ്ങൾ ലീഗ് നടത്തിയിട്ടുള്ളത്. സുന്നിസലഫി ചിന്താധാരകളാണ് മുഖ്യമായും ഇവ്വിധം കേരള മുസ്‌ലിംങ്ങൾക്കിടയിൽ വേരൂന്നിയിട്ടുള്ളത്. ഈ സമവാക്യങ്ങളെ വിവേകപൂർവ്വം സമീപിക്കുവാനും മുന്നോട്ടുള്ള ഗതി ശരിയാംവണ്ണം ഉറപ്പിക്കുവാനുമാണ് കാലം ആവശ്യപ്പെടുന്നതെന്നും ഐസിസ് വാർത്തകളുടെ പശ്ചാത്തലത്തിൽ സമ്മേളനം വിലയിരുത്തി.

രണ്ട് ചിന്താധാരകൾക്കപ്പുറം തുണ്ടം തുണ്ടമായി സംഘടനകൾ വേർപിരിയുന്നത് നിരാശയോടെ മാത്രമേ നോക്കിക്കാണാനാകൂ. കേട്ടുകേൾവിയില്ലാത്ത പുതിയ വെല്ലുവിളികൾ തരണം ചെയ്യേണ്ട ഘട്ടത്തിലെങ്കിലും പൊറുക്കാനും മറക്കാനും ഐക്യപ്പെട്ട് മുന്നോട്ട് പോകാനും സമുദായത്തിന് ഉൾക്കാഴ്ചയോടെ ദിശാബോധം നൽകാനും സമുദായ നേതൃത്വം മുന്നോട്ട് വരേണ്ടതുണ്ടെന്ന് എം എ സമദ് അവതരിപ്പിച്ച സമ്മേളനം ആവശ്യപ്പെട്ടു.

അമേരിക്കൻ തെരെഞ്ഞെടുപ്പ് ഫലം ലോകത്ത് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണുണ്ടാക്കിയത്. സാമാധാന കാംക്ഷികളായ എല്ലാവർക്കും സ്വാസ്ഥ്യം നഷ്ടപ്പെടുന്ന ഇടമായി ലോകം മാറിയെന്ന തോന്നലുണ്ട്. അമേരിക്കയിലെ വിദ്യാർത്ഥികളും ജനങ്ങളും സ്ഥാനാരോഹണങ്ങളുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ ശബ്ദങ്ങൾ ട്രംപിന് കാര്യങ്ങൾ എളുപ്പമാവില്ല എന്ന സൂചനയാണ് നൽകുന്നത്. വംശവെറിക്കും സ്ത്രീ വിരുദ്ധതക്കും എതിരായ പ്രക്ഷോഭങ്ങളുടെ തുടക്കമായി ഇതിനെ വിലയിരുത്താവുന്നതാണെന്ന് കെ.എം അബ്ദുൽഗഫൂർ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

ഫാസിസത്തിന്റെ ബാഹ്യലക്ഷണങ്ങളിലൊന്നായ ഉന്മൂലന നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെ എൻ യുവിലെ വിദ്യാർത്ഥിയായ നജീബിന്റെ തിരോധാനത്തിലൂടെ പുറത്തുവന്നത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ വ്യക്തിയെ തന്നെ അപ്രത്യക്ഷമാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടിക്കെതിരായ പ്രതിഷേധങ്ങൾ രാജ്യമെമ്പാടും ഉയരുന്നു. സംഘ്പരിവാറിന്റെ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പിക്കെതിരായി നിലപാടെടുക്കുകയും അവരിൽ നിന്ന് മർദ്ദനമേൽക്കുകയും ചെയ്തതിന് ശേഷമാണ് നജീബിനെ കാണാതാവുന്നത്.

മകനെ തേടി വന്ന ഉമ്മയെ പോലും തെരുവിൽ വലിച്ചിഴച്ച പൊലീസ് നടപടി മനുഷ്യത്വ വിരുദ്ധവും ജനാധിപത്യ ഇന്ത്യക്ക് അപമാനകരവുമാണ്. നജീബിനെ കണ്ടെത്താനുള്ള പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പി കെ ഫിറോസിന്റെ പ്രമേയവും സമ്മേളനം അംഗീകരിച്ചു. ഏകീകൃത സിവിൽ കോഡിനെതിരെ സി പി എ അസീസും, ദലിത് ന്യൂനപക്ഷ പിന്നാക്ക കൂട്ടായ്മ ആഹ്വാനം ചെയ്തുള്ള അശ്‌റഫ് മടാൻ അവതരിപ്പിച്ച പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.