പാട്‌ന: മതേതര ഇന്ത്യയിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് ഏതെങ്കിലും സ്ഥാനാർത്ഥി പറയുമെന്ന് കരുതുക പ്രയാസമാണ്. എന്നാൽ ബീഹാറിൽ ഒരു മുൻ എംഎൽഎയുടെ പ്രസംഗം കേട്ടാൽ ഞെട്ടും. മുസ്ലിംങ്ങളുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുകയാണ് പ്രദീപ് ജോഷി. സംഘപരിവാർ പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥിയുമല്ല പ്രദീപ്. സ്വതന്ത്രനായാണ് മത്സരം. എന്നാൽ ഹിന്ദു വർഗ്ഗീയത വോട്ടാക്കി മാറ്റുന്നതിൽ അഗ്രഗണ്യനാണ് ഇയാൾ.

തെരഞ്ഞെടുപ്പ് റാലികളിൽ ആദ്യം പറയുക. എന്റെ പ്രസംഗം കേൾക്കാൻ ഏതെങ്കിലും മുസ്ലിം ഉണ്ടോ? എങ്കിൽ ഉടൻ സ്ഥലം കാലിയാക്കുക. എനിക്ക് നിങ്ങളുടെ വോട്ട് വേണ്ടെന്നാകും. അതിന് ശേഷം ഹിന്ദു വർഗ്ഗീയ ആളിക്കത്തിച്ച് മുന്നേറും. പ്രധാനമന്ത്രി മോദി ബിഹാറിൽ നിറയുന്നതിനേയും പ്രതീക്ഷയോടെയാണ് ഇയാൾ കാണുന്നത്. ഹിന്ദു സേവാ ദള്ളിന്റെ ബാനറിൽ മത്സരിക്കുന്ന പ്രദീപ് ജോഷി തുണിക്കച്ചവടക്കാരനാണ്. 2005ൽ ആദ്യ അങ്കത്തിൽ ആർജെഡി മന്ത്രി ഇല്യാസ് ഹുസൈനെ 40,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രദീപ് തോൽപ്പിച്ചത്. കേസ് കാരണം 2010ൽ മത്സരിച്ചില്ല. പകരം ഭാര്യയെ സ്ഥാനാർത്ഥിയാക്കി. ജയിക്കുകയും ചെയ്തു.

ദ്ഹരിയിൽ വീണ്ടും താൻ ജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസവും പ്രദീപിനുണ്ട്. ഈ സാഹചര്യത്തിലാണ് മുസ്ലിം വോട്ട് വേണ്ടെന്ന് പ്രദീപ് തെരഞ്ഞെടുപ്പ് റാലികളിൽ തുറന്ന് പറയുന്നത്.