ലണ്ടൻ: ഇസ്ലാമിക് സ്‌റ്റേറ്റും അൽഖ്വായ്ദയുമടക്കമുള്ള ഭീകരസംഘടനകൾ ലോകത്ത് ഭീതിപരത്താൻ തുടങ്ങിയതോടെ സംശയത്തിന്റെ നിഴലിലായത് മുസ്ലിം മതവിശ്വാസികളാണ്. പാശ്ചാത്യ ലോകത്ത് മുസ്ലീങ്ങളെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. ഈ സംശയം ദൂരീകരിക്കാൻ, ഇന്ന് ഒരുകോടിയോളം അഹമ്മദീയ വിശ്വാസികൾ അവരവരുടെ രാജ്യത്തോടുള്ള കൂറ് വ്യക്തമാക്കി പ്രതിജ്ഞയെടുക്കും. ബ്രിട്ടനിലെ 30,000-ത്തോളം വരുന്ന അഹമ്മദീയരും ഇതിന്റെ ഭാഗമാകും.

ഉച്ചയ്ക്ക് ഒരുമണിക്കാണ് ആഗോളതലത്തിൽ ഈ പ്രതിജ്ഞ. ആഗോളതലത്തിൽ നടക്കുന്ന മൂന്നുദിവസത്തെ ജൽസ സലാന എന്ന സമ്മേളനത്തിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുക്കൽ. ഇക്കൊല്ലം ഭീകരവാദത്തിനെതിരേയാണ് അഹമ്മദീയർ കൈകോർക്കുന്നത്. ഇസ്ലാം മതത്തിന്റെ നിലനിൽപ്പിനെത്തന്നെ ഭീകരവാദം ചോദ്യം ചെയ്യുകയാണെന്ന് സമ്മേളനം വിലയിരുത്തി.

സമാധാനമെന്നാണ് യഥാർഥ ഇസ്ലാമിന്റെ അർത്ഥമെന്ന് അഹമ്മദീയ വിഭാഗത്തിന്റെ നേതാക്കളിലൊരാളായ ഫറൂഖ് അഫ്താബ് പറഞ്ഞു. അള്ളാഹുവിനോടും അതോടൊപ്പംതന്നെ അവരവരുടെ രാജ്യത്തോടുമുള്ള കൂറ് വ്യക്തമാക്കുന്നതിനാണ് പ്രതിജ്ഞയെടുക്കൽ. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ നിർണായക കാൽവെയ്‌പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സമാധാനം പുലർത്തുന്നതിന് യോജിച്ച് പ്രവർത്തിക്കുന്നവരാണ് അഹമ്മദീയർ. എന്നാൽ, പാക്കിസ്ഥാനിൽ, മുസ്ലീങ്ങളെന്ന് അവകാശപ്പെടുന്നതിൽ അഹമ്മദീയർക്ക് വിലക്കുണ്ട്. പലയിടത്തും പാക്കിസ്ഥാൻകാരായ ഭീകരർ അഹമ്മദീയർക്കെതിരെ ആക്രമണങ്ങളും നടത്താറുണ്ട്.

കഴിഞ്ഞവർഷം ഗ്ലാസ്‌ഗോയിൽ അഹമ്മദീയ വിഭാഗത്തിന്റെ വക്താവ് ആസാദ് ഷായെ കൊലപ്പെടുത്തിയത് ഇത്തരത്തിലൊരു ആക്രമണത്തിലായിരുന്നു. ഇസ്ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ചാണ് 32-കാരനായ തൽവീർ അഹമ്മദ് ആസാദ് ഷായെ കൊലപ്പെടുത്തിയത്. ബ്രി്ട്ടനിലെ മുസ്ലിം കൗൺസിൽ ആക്രമണത്തെ അപലപിച്ചെങ്കിലും അഹമ്മദീയരെ മുസ്ലീങ്ങളാണെന്ന് പ്രഖ്യാപിക്കാൻ വിസമ്മതിച്ചു.