ലഖ്‌നൗ: മുസ്ലീങ്ങൾ രാക്ഷസന്മാരാണെന്നും രാവണന്റെ പിന്തുടർച്ചക്കാരാണെന്നും അന്തിമ യുദ്ധത്തിന് സമയമായെന്നും സംഘപരിവാർ യോഗത്തിൽ ആക്രോശം.

ആഗ്രയിലെ ഖത്തേരിയയിൽ കൊല്ലപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ അരുൺ മാഹുറിന്റെ അനുസ്മരണച്ചടങ്ങാണ് സംഘപരിവാർ നേതാക്കളുടെ കടുത്ത വിദ്വേഷ പ്രസംഗത്തിന് വേദിയായത്. കേന്ദ്ര എച്ച്ആർഡി സഹമന്ത്രിയും ആഗ്ര എംപിയുമായ രാം ശങ്കർ ഖത്തേരിയയും ഫത്തേപ്പുർ സിക്രി എംപി ബാബു ലാലും മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്ന യോഗത്തിലാണ് ഇതു സംഭവിച്ചതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

യോഗത്തിൽ പ്രസംഗിച്ചവരെല്ലാം മുസ്ലീങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയായിരുന്നു. മുസ്ലീങ്ങളെ തുടച്ചുനീക്കുമെന്നും ഇതിനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞുവെന്നും പ്രാസംഗികർ മുന്നറിയിപ്പ് നൽകി. മാഹൂറിന്റെ മരണാനന്തരച്ചടങ്ങുകൾ അവസാനിക്കുന്നതിന് മുമ്പ് പ്രതികാരം വീട്ടിയിരിക്കുമെന്നാണ് വെല്ലുവിളി. മാഹൂറിന്റെ രക്തസാക്ഷിത്വത്തിന് തലയോട്ടികൾകൊണ്ട് മറുപടി പറയുമെന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി അശോക് ലവാണിയ പറഞ്ഞു.

ഉത്തർപ്രദേശിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ ആയുധം കൊണ്ട് നേരിടണമെന്നായിരുന്നു ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗിന്റെ ആവശ്യം. തോക്കുകളും മൂർച്ചയുള്ള കത്തികളുമെടുക്കുക. തിരഞ്ഞെടുപ്പ് 2017-ൽ വരികയാണ്. അതിനുമുമ്പ് നമ്മുടെ കരുത്ത് തെളിയിക്കേണ്ടത് ആയുധങ്ങൾ കൊണ്ടാണെന്ന് എംഎൽഎ പ്രഖ്യാപിക്കുന്നു.

കനത്ത സുരക്ഷയിൽ നടന്ന യോഗത്തിൽ വിഎച്ച്പി ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിനും ബജ്‌റംഗ് ദൾ നേതാക്കളും പങ്കെടുത്തിരുന്നു. മുസ്സഫർനഗറിലെ കലാപം ഓർമയില്ലേയെന്ന് സുരേന്ദ്ര ജയിൻ അധികൃതരോട് ചോദിച്ചു. ആഗ്രയെ മുസ്സഫർനഗറാക്കി മാറ്റരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മന്ത്രി ഖത്തേരിയയും ഒട്ടും കുറച്ചില്ല. പ്രാർത്ഥന കഴിഞ്ഞ് മടങ്ങിവരവെ ഒരാൾ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇതിനെ ചെറുത്തില്ലെങ്കിൽ മാഹുറിനെ നഷ്ടപ്പെട്ടതുപോലെ മറ്റുള്ളവരെയും നഷ്ടപ്പെടാൻ തുടങ്ങും. മറ്റൊരാൾകൂടി നഷ്ടപ്പെടുന്നതിന് മുമ്പ് സ്വയം ശക്തിയാർജിക്കുകയും അതെത്രയാണെന്ന് ശത്രുക്കളെ കാണിച്ചുകൊടുക്കുകയും വേണമെന്ന് ഖത്തേരിയ പറഞ്ഞു.

മാഹുറിന്റെ കൊലയാളികളെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താൻ മന്ത്രിയായെന്ന് കരുതി തന്റെ കൈകൾ ആരും കെട്ടിയിട്ടില്ലെന്നുംഅദ്ദേഹം അധികൃതർക്ക് മുന്നറിയിപ്പ് നൽകി.