പാലക്കാട് മുതലമടയിലെ ചപ്പക്കാട് ആദിവാസി കോളനിയിൽനിന്നു രണ്ടു യുവാക്കളെയാണ് ഓഗസ്റ്റ് 30ന് അർധരാത്രിയോടെ കാണാതായ .ുവാക്കളെ പറ്റിയുള്ള അന്വേഷണം എങ്ങും എത്തുന്നില്ല. ആരോ കൊന്ന് കുഴിച്ചു മൂടിയെന്നാണ് സംശയം. ഇവരുടെ തിരോദാനത്തെക്കുറിച്ച് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിനു സാധിച്ചിട്ടില്ല. രണ്ടു തവണ ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയുമെല്ലാം അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോകുമ്പോഴും സ്റ്റീഫൻ (28), മുരുകേശൻ (26) എന്നീ യുവാക്കൾ എങ്ങോട്ടുപോയി എന്ന ചോദ്യത്തിന് ഉത്തരമില്ല.

രണ്ടുപേരെയും രാത്രി ഒരുമിച്ചു കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞെങ്കിലും പിന്നീട് അവർ എങ്ങോട്ടുപോയെന്നോ അവർക്ക് എന്ത് സംഭവിച്ചെന്നോ ആർക്കും ഒരു വിവരവുമില്ല. പിറ്റേന്ന് മുഴുവൻ അന്വേഷിച്ചിട്ടും ഇരുവരെയും കുറിച്ച് ഒരു സൂചനയും ലഭിക്കാതെ വന്നതോടെയാണ് കോളനിവാസികൾ പൊലീസിനെ സമീപിക്കുന്നത്. എറണാകുളം ഡോഗ് സ്‌ക്വാഡിലെ ബെൽജിയൻ മെലിനോയ്‌സ് വിഭാഗത്തിൽപ്പെട്ട ലില്ലി, മെർഫി എന്നീ നായകൾ ചപ്പക്കാട്ടെ തോട്ടങ്ങളിൽ മണം പിടിച്ചു തിരച്ചിൽ നടത്തിയിട്ടും തുമ്പൊന്നും കിട്ടിയില്ല.

പ്രദേശത്ത് പല ഭാഗത്തും കള്ളു ചെത്തുന്ന തോപ്പുകളുണ്ട്. രാത്രികാലങ്ങളിൽ ഈ തോപ്പുകളിലെ തെങ്ങുകളിൽ കയറി കള്ള് കുടിക്കുന്ന സ്വഭാവം പ്രദേശവാസികൾക്കുണ്ടെന്ന് തോട്ടം ഉടമകൾ പലതവണ പരാതി ഉന്നയിച്ചിട്ടുണ്ട്. ഇവരെ കുടുക്കാനായി കള്ളുകുടങ്ങളിൽ വിഷം ചേർത്തു കെണിയൊരുക്കുന്ന രീതി ഉണ്ടെന്നും പറയപ്പെടുന്നു. ഇങ്ങനെ കള്ളു കുടിക്കാൻ കയറിയ ഇരുവർക്കും വിഷബാധ ഏറ്റിരിക്കാമെന്നും അങ്ങനെ അവർ മരിച്ചിരിക്കാമെന്നും ചില പ്രദേശവാസികൾ സംശയിക്കുന്നു. ഇവരെ തോട്ടത്തിൽതന്നെ കുഴിച്ചുമൂടിയതായും സംശയിക്കുന്നു.

തോട്ടത്തിലെ വൈദ്യുതവേലിയിൽനിന്നു ഷോക്കേറ്റു മരിച്ചിരിക്കാമെന്നും അതു മറച്ചുവയ്ക്കാൻ ഇവരുടെ ശരീരം തൊട്ടടുത്തെ കാട്ടിലോ അല്ലെങ്കിൽ പുറത്തെവിടെയെങ്കിലോ കൊണ്ടുപോയി നശിപ്പിച്ചിരിക്കാമെന്നുമാണ്. എന്നാൽ ഇതുവെറും ആരോപണം മാത്രമാണെന്നും അതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ട് യുവാക്കളെ കാണാതായിട്ട് 40 ദിവസം പിന്നിടുമ്പോഴും ഇവരുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കാനോ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനോ പ്രദേശവാസികളോ രാഷ്ട്രീയ പാർട്ടികളോ തയാറായിട്ടില്ല. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്.

പരാതി ലഭിച്ചയുടനെതന്നെ പൊലീസിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. 500 ഏക്കറോളം വരുന്ന വരുന്ന മുതലമടയിലെ തോട്ടങ്ങളിൽ ഇവർക്കായി തെരച്ചിൽ നടത്തി. സ്റ്റീഫനും മുരുകേശനും ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരായിരുന്നില്ല. മുരുകേശന് സ്വന്തമായി ഫോൺ പോലും ഇല്ലായിരുന്നു. സ്റ്റീഫനാകട്ടെ ഒരു സാധാരണ ഫോണാണ് ഉപയോഗിച്ചിരുന്നത്. വളരെ വിരളമായി മാത്രമേ ഇതിൽനിന്ന് ഔട്ട് ഗോയിങ് കോളുകൾ പോയിരുന്നുള്ളൂ. കാണാതായ ദിവസം വൈകിട്ടു മാത്രമാണ് അതിൽനിന്നു ഒരു കോൾ പോയത്.

കോൾ സ്വീകരിച്ച വ്യക്തിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും അതിൽ അസ്വഭാവികമായൊന്നും കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു തുടരന്വേഷണം. മുതലമട ഭാഗത്തുതന്നെയായിരുന്നു അവസാനമായി സ്റ്റീഫന്റെ ഫോൺ ശബ്ദിച്ചത്. പിന്നീട് അവിടെ വച്ച് സ്വിച്ച് ഓഫായി. ഫോൺ പ്രദേശത്തുതന്നെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു അടുത്ത സംശയം. പക്ഷേ, പ്രദേശം മുഴുവൻ പരിശോധിച്ചിട്ടും ഫോൺ കണ്ടെത്താനായില്ല.

തോട്ടങ്ങളുടെ മുക്കിലും മൂലയിലും രണ്ടുതവണയാണ് പൊലീസ് ഡ്രോൺ ഉപയോഗിച്ച് പ്രദേശത്തിന്റെ മുഴുവൻ ആകാശ ദൃശ്യങ്ങൾ പകർത്തിയത്. അത് വിദഗ്ധരുടെ സഹായത്തോടെ പലതവണ ഇഴകീറി പരിശോധിച്ചു. ഭൂമിക്കടിയിലെ മനുഷ്യ സാന്നിധ്യം ഉൾപ്പെടെ മണത്തു കണ്ടെത്താൻ പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ബെൽജിയൻ മെലിനോയ്‌സ് എന്ന പട്ടികൾ. വിദേശരാജ്യങ്ങളിലെ പല കുപ്രസിദ്ധ കേസുകളിലും തുമ്പുണ്ടാക്കിയതിന്റെ ഖ്യാതി ബെൽജിയൻ മെലിനോയ്‌സ് നായ്ക്കൾക്കുണ്ട്. ഇവർക്കും തുമ്പൊന്നും കണ്ടെത്താനായില്ല.

ലില്ലി, മെർഫി എന്നീ നായ്ക്കളാണ് കഴിഞ്ഞ ദിവസം ചപ്പക്കാട്ടെ തോട്ടങ്ങളിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയത്. മാന്തോപ്പുകൾ, കൃഷിയിടങ്ങൾ, മലയോര മേഖലകൾ തുടങ്ങി പൊലീസിനു സംശയം തോന്നുന്ന പ്രദേശങ്ങളിലെല്ലാം ഇവർ പാഞ്ഞെത്തി. എന്നാൽ സ്ഥല വിസ്തൃതി കണക്കിലെടുക്കുമ്പോൾ പ്രദേശം മുഴുവൻ ഓടിയെത്താൻ ഇവരെക്കൊണ്ടു സാധിക്കില്ല. പരിശോധിച്ച ഭാഗങ്ങളിൽനിന്നൊന്നും ഒരു തുമ്പും കണ്ടെത്താൻ ഇവർക്കു കഴിഞ്ഞില്ല. ഇതോടെ അന്വേഷണവും വഴിമുട്ടുകയാണ്.