ന്യൂഡൽഹി: മുത്തലാഖ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്നുമുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, രോഹിൻടൻ നരിമാൻ, യു.യു.ലളിത്, അബ്ദുൽ നസീർ എന്നിവരാണു മറ്റ് അംഗങ്ങൾ. ഒറ്റയിരുപ്പിൽ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന രീതി നിയമപരമായി സാധുവാണോ എന്നതാണു പരിശോധിക്കുന്നത്.

സുപ്രീം കോടതിക്ക് അവധിയാണെങ്കിലും നേരത്തേ തീരുമാനിച്ചതനുസരിച്ചാണു മുത്തലാഖ് കേസിൽ വാദം കേൾക്കുന്നത്. മുൻകേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിനെ ഈ കേസിൽ ജസ്റ്റിസുമാരെ സഹായിക്കാനുള്ള അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്.
മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിന്റെ നിലപാടിനെ അഖിലേന്ത്യാ മുസ്ലിം വ്യക്തിഗത നിയമ ബോർഡ് എതിർക്കുന്നു.

വ്യാഴാഴ്ചമുതൽ തുടർച്ചയായി വാദം കേൾക്കാനാണ് തീരുമാനം. തുടക്കത്തിൽ വിഷയങ്ങൾ തീരുമാനിക്കും. തുടർന്നാകും വിശദമായ വാദംകേൾക്കൽ. മുസ്ലിം വ്യക്തിനിയമങ്ങൾ പൗരന്റെ മനുഷ്യാവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ കോടതിക്ക് ഏതുഘട്ടംവരെ ഇടപെടാമെന്ന കാര്യത്തിൽ തീരുമാനത്തിലെത്താൻ ഭരണഘടനാബെഞ്ചിനെ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയും സഹായിക്കും.

മാർച്ച് 30-ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ ഭരണഘടനാെബഞ്ചിന് വിട്ടത്. മുത്തലാഖ് ഉൾപ്പെടെയുള്ള ആചാരങ്ങളുടെ നിയമവശങ്ങൾ മാത്രമാണ് പരിശോധിക്കുകയെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.