ന്യൂഡൽഹി: മുത്തലാഖ് നിരോധന ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കും. കേന്ദ്ര സർക്കാരിന് രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനാണ് നീക്കം. കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും തൃണമൂൽ കോൺഗ്രസ് നേതാവ് സുഗേന്ദു ശേഖറും അവതരിപ്പിച്ച പ്രമേയത്തെ തുടർന്നാണ് തീരുമാനം സെലക്ട് കമ്മിറ്റിക്ക് വിടാൻ ആലോചന നടക്കുന്നത്.

മുസ്ലിം വിഭാഗത്തിൽ മുത്തലാഖ് അനുഷ്ഠിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്നതിനൊപ്പം ഇത് ക്രിമിനൽ കുറ്റമാക്കാനുമുള്ള ഭേദഗതി ലോക്സഭാ അംഗീകരിച്ചിരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള മുഖ്യപ്രതിപക്ഷം ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് ശക്തമായ ഭൂരിപക്ഷമുള്ളതിനാൽ ബിൽ ലോക്സഭയിൽ പാസാക്കാനായി. എന്നാൽ, ഇത് രാജ്യസഭയിൽ എത്തിയപ്പോൾ പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് സെലക്ട് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ചത്.

മുത്തലാഖ് സംബന്ധിച്ച് സർക്കാർ നിലപാട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നിയമമന്ത്രി രവിശങ്കർ പ്രസാദും ലോക്സഭയിൽ അറിയിച്ചിരുന്നു. രാജ്യത്തിന് മുന്നേറ്റമുണ്ടാകുന്ന നിയമനിർമ്മാണത്തെ പ്രതിപക്ഷം എതിർക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. എല്ലാ പ്രധാന പാർട്ടികളിലെയും പ്രതിനിധികളാണ് സെലക്ട് കമ്മിറ്റിയിൽ ഉള്ളത്. മുത്തലാഖ് വിഷയത്തിൽ സെലക്ട് കമ്മിറ്റി റിപ്പോർട്ട് ബജറ്റ് സമ്മേളനത്തിൽ അറിയിക്കും.