ന്യൂഡൽഹി: മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബിൽ ഇന്ന് രാജ്യസഭയിൽ. പ്രതിപക്ഷത്തിന് മേൽക്കൈയുള്ള രാജ്യസഭയിൽ എല്ലാ കണ്ണുകളും കോൺഗ്രസിനെയാണ് ഉറ്റുനോക്കുന്നത്. രാജ്യസഭയിൽ കൂടി പാസാക്കാനായാലേ ബിൽ നിയമമാകൂ. രാജ്യസഭയിൽ സർക്കാരിനു ഭൂരിപക്ഷം ഇല്ലെങ്കിലും കോൺഗ്രസ് ബില്ലിനെ അനുകൂലിക്കുന്നതിനാൽ ബിൽ അവിടെ പാസാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കിയുള്ള ബില്ലിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്നും ബിൽ പരിശോധിക്കുന്നത് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നുമാണു കോൺഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ആവശ്യപ്പെട്ടത്. വിവാഹവും വിവാഹ മോചനവും സിവിൽ വിഷയ മാണെന്നും അതിൽ ക്രിമിനൽ നടപടി ഉൾപ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും ഇക്കൂട്ടർ വാദിച്ചു. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിയാണ് ബിൽ പാസാക്കിയത്. ഇതേ ആവശ്യങ്ങൾ കോൺഗ്രസ് രാജ്യസഭയിലും ഉന്നയിച്ചേക്കും.

അണ്ണാ ഡിഎംകെ, ബിജു ജനതാദൾ, സമാജ്വാദി പാർട്ടി, ആർജെഡി തുടങ്ങിയവ ബില്ലിനെ എതിർക്കുന്നവരാണ്. ബില്ലിലൂടെ സ്ത്രീസമത്വമാണ് ലക്ഷ്യമാക്കുന്നതെന്നും മുത്തലാഖിന് ഇരയാകുന്ന സ്ത്രീകൾക്കും നീതി ലഭിക്കണമെന്നുമാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ വാദം.