- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് 19 ടെസ്റ്റ് സേവനം സൗജന്യമായ് ലഭ്യമാക്കുന്ന മുത്തൂറ്റ് സ്നേഹാശ്രയ മൊബൈൽ ലാബിന് തുടക്കം കുറിച്ചു
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ആരംഭിച്ച മുത്തൂറ്റ് സ്നേഹാശ്രയ മൊബൈൽ വാനിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയ്ൻ, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കോവിഡ് രോഗത്തിന്റെ പ്രാഥമികപരിശോധനയായ ആൻഡ്‌റിബോഡി സ്‌ക്രീനിങ് നടത്തുന്നതിനായാണ് മൊബൈൽ യൂണിറ്റ് ഉപയോഗിക്കുന്നത്. ആന്റിബോഡി സ്‌ക്രീനിംഗിൽ പോസിറ്റീവ് ആകുന്നവരെയും, അസുഖ ലക്ഷണമുള്ള വ്യക്തികളെയും കേരള സർക്കാർ അംഗീകാരമുള്ള ഐസിഎംആർ അംഗീകരിച്ച ലാബുകളിൽ ആന്റിജൻ ടെസ്റ്റിനു വിധേയരാക്കുന്നതാണ്. ആന്റിജൻ പരിശോധനയ്ക്കായി ചെലവാകുന്ന തുകയും മുത്തൂറ്റ് ഫിനാൻസ് തന്നെ വഹിക്കുന്നതാണ്. പൂർണ്ണമായും സൗജന്യമായ് ഈ സേവനം ലഭ്യമാക്കുവാൻ മുത്തൂറ്റ് ഫിനാൻസ് ഉദ്ദേശിക്കുന്നത്.
ഈ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ സപ്പോർട്ട് നൽകുന്നത് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ കുടുബക്ഷേമ മന്ത്രാലയത്തിനു കീഴിൽ വരുന്ന എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ്. ഹിന്ദുസ്ഥാൻ ലറ്റെക്സ് ലിമിറ്റഡ് എന്ന പേരിൽ ആണ് ഈ സ്ഥാപനം മുൻപ് അറിയപ്പെട്ടിരുന്നത്. നാഷണൽ ഹെൽത്ത് മിഷനുമായ് സഹകരിച്ച് പല സംസ്ഥനങ്ങളിലും ഹെൽത്ത് കെയർ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു പൊതുമേലാ സംരംഭമാണ് എച്ച്എൽഎൽ. കേരളത്തിൽ ഫാർമസി, ലബോറട്ടറി & ഇമേജിങ് സേവനങ്ങളും ഇവർ നൽകിവരുന്നു. കേരള സർക്കാരുമായി സഹകരിച്ച് ഇതിനോടകം തന്നെ കേരള പൊലീസിനും, തൃക്കാക്കര മുനിസിപാലിറ്റിയിലെ സ്റ്റാഫിനും കോവിഡ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തിയ ഒരു പ്രവത്തിപരിചയം എച്ച്എൽഎല്ലിന് ഉള്ളത് മുത്തൂറ്റ് ഫിനാൻസിന്റെ ഈ സംരംഭത്തിൻ ഒരു മുതൽക്കൂട്ടാണ്.
മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായ് ആണ് റാപ്പിഡ് കോവിഡ് ആന്റിബോഡി സ്‌ക്രീനിങ് ആൻഡ് ആന്റിജൻ ടെസ്റ്റ് എന്ന ഈ മൊബൈൽ ലാബ് യൂണിറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ കൊച്ചി കോർപ്പറേഷനു കീഴിൽ വരുന്ന എല്ലാ ശുചീകരണതൊഴിലാളികൾക്കും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പിന്നീട് മറ്റ് സന്നദ്ധ സംഘടനകളുമായ് സഹകരിച്ച് കേരളത്തിൽ മുഴുവൻ ഈ സംരംഭം വ്യാപിപ്പിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത് എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് മുത്തൂറ്റ് ഗ്രുപ്പ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചു.
കോവിഡ് റിലീഫ് പ്രവർത്തങ്ങളിൽ മുത്തൂറ്റ് ഗ്രൂപ്പ് മുൻകരുതലിന് പ്രധാന്യം നൽകിക്കൊണ്ട് ഇതുപോലൊരു പ്രവർത്തനം ആരംഭിച്ചത് അഭിനന്ദാർഹമാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സൗമിനി ജെയ്ൻ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൽ എല്ലാം പാലിച്ചുകൊണ്ട് തന്നെ ആയിരിക്കും ഈ ടെസ്റ്റുകൾ നടത്തുന്നത്. വിദഗ്ദ്ധരായ മൂന്ന് ലാബ് ടെക്നിഷ്യൻസും, ഒരു മെയിൽ നഴ്സും ആണ് ഈ മൊബൈൽ യൂണിറ്റിൽ ഉള്ളത്. കുറഞ്ഞത് 40,000 ടെസ്റ്റുകളെങ്കിലും നടത്തുവാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. പൂർണ്ണമായും സൗജന്യമായാണ് ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
മുൻ മേയർ ടോണി ചമ്മണി, മുത്തൂറ്റ് ലീഷർ ആൻഡ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ എംഡി, ജോർജ്ജ് എം ജോർജ്ജ്, എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്. നോഡൽ ഓഫീസർ ഡോ. റെജി കൃഷ്ണ, മാനേജർ (ഫാർമ) കൃഷ്ണ മോഹൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.