കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റദായം 25 ശതമാനം വർധിച്ച് 1735 കോടി രൂപയിലെത്തി. 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത് 1388 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആകെ വായ്പകൾ 29 ശതമാനം വർധനവോടെ 52,286 കോടി രൂപയിലുമെത്തിയിട്ടുണ്ട്. സംയോജിത ലാഭം 21 ശതമാനം വർധിച്ച് 1788 കോടി രൂപയിലും എത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ത്രൈമാസത്തിലെ സംയോജിത ലാഭം എട്ടു ശതമാനം വർധനവോടെ 930 കോടി രൂപയിലും എത്തിയിട്ടുണ്ട്.

സ്വർണ പണയത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന ത്രൈമാസ വർധനവായ 14 ശതമാനത്തോടെ 5739 കോടി രൂപയെന്ന നിലയിൽ എത്താനായെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം ജി ജോർജ്ജ് മുത്തൂറ്റ് പറഞ്ഞു. വായ്പാ ആസ്തികളുടെ കാര്യത്തിൽ 32 ശതമാനം വാർഷിക വളർച്ചയോടെ 47,016 കോടി രൂപയിലും എത്താനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ ഉപഭോക്താക്കളെ കൂട്ടിച്ചേർക്കുന്നതിനാലാണ് ഈ ത്രൈമാസത്തിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. 4.40 ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കൾക്കായി 3653 കോടി രൂപയും നിർജ്ജീവമായിരുന്ന 4.67 ലക്ഷം ഉപഭോക്താക്കൾക്കായി 3460 കോടി രൂപയും വായ്പയായി നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.