ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡൽഹിയിലെ രണ്ടാമത്തെ സ്‌കൂൾ അടുത്ത അധ്യയന വർഷം ആരംഭിക്കും. അളക്‌നന്ദയിൽ ആരംഭിക്കുന്ന ഈ സ്‌കൂൾ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജിന്റെ മകൻ പോൾ ജോർജിന്റെ പേരിലാണ് തുറക്കുന്നത്.

പോൾ ജോർജ് ഗ്ലോബൽ സ്‌കൂൾ എന്നായിരിക്കും പേര്. സ്‌കൂളിലേക്കുള്ള പ്രവേശന നടപടികൾ ഈ വർഷം ഡിസംബറിൽ ആരംഭിക്കും. വിദ്യാഭ്യാസ മേഖലയിൽ മുത്തൂറ്റ് ഗ്രൂപ്പ് നൽകുന്ന സേവനങ്ങൾ കൂടുതല്പേർക്കു ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് അളക്‌നന്ദയിൽ പുതിയ സ്‌കൂൾ ആരംഭിക്കുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി.

ഏകദേശം രണ്ട് ഏക്കൽ വിസ്തൃതിയിൽ നിർമ്മിക്കുന്ന പോൾ ജോർജ് ഗ്ലോബൽ  സ്‌കൂൾ സെന്റ് ജോർജ് എഡ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലെ രണ്ടാമത്തെ സ്‌കുളാണ്. നിലവിൽ അളക് നന്ദയിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് സ്‌കൂൾ കഴിഞ്ഞ വർഷമാണ് സുവർണ ജൂബിലി ആഘോഷിച്ചത്. സെന്റ് ജോർജ് സ്‌കൂളിനോട് ചേർന്നു തന്നെയായിരിക്കും പോൾ ജോർജ് ഗ്ലോബൽ സ്‌കൂളും ആരംഭിക്കുക.

വിദേശ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിക്കുന്ന സ്‌കൂൾ പൂർണമായും എയർ കണ്ടീഷൻ ചെയ്തതായിരിക്കും. കലാ കായിക വിനോദ പ്രവർത്തനങ്ങൾക്കുള്ള സൗകര്യവും ഒരുക്കുന്നുണ്ടെന്ന് ചെയർമാൻ അറിയിച്ചു.