പത്തനംതിട്ട: തെറ്റായ റിപ്പോർട്ട് നൽകിയെന്ന പരാതിയുമായി മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ സ്‌കാനിങ് സെന്ററിനെതിരേ യുവാവ്. കൈപ്പട്ടൂർ സ്വദേശിയായ 24 വയസുകാരനാണ് പരാതിക്കാരൻ. അപ്പൻഡിസൈറ്റിസിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ആദ്യം പത്തനംതിട്ടയിലെ ഒരു സ്‌കാനിങ് സെന്ററിൽ ഇയാൾ അൾട്രാസൗണ്ട് സ്‌കാനിങ് നടത്തിയിരുന്നു.

ഇടതു വശത്തെ കിഡ്നി ദൃശ്യമാകുന്നില്ലെന്ന് സ്‌കാനിങ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതുമായി യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ കണ്ടു. റിപ്പോർട്ടിന്റെ സാധുത ഉറപ്പു വരുത്തുന്നതിനായി ഡോക്ടർ എംആർഐ സ്‌കാനിങ്ങിന് അയച്ചു. മുത്തൂറ്റ് മെഡിക്കൽ സെന്ററിലെ സ്‌കാനിങ് യൂണിറ്റിലാണ് യുവാവ് പരിശോധന നടത്തിയത്. ഇരുകിഡ്നിയും യഥാസ്ഥാനത്തുണ്ടെന്ന റിപ്പോർട്ടാണ് ലഭിച്ചത്.

ഇതു കണ്ട ഡോക്ടർ ഞെട്ടി. ജനറൽ ആശുപത്രിയിലെ തന്നെ സ്‌കാനിങ് സെന്ററിൽ ഒരു തവണ കൂടി സ്‌കാൻ ചെയ്തപ്പോൾ ഇടതു കിഡ്നിയില്ലെന്ന് സ്ഥിരീകരിച്ചു. ചിലരിൽ ജന്മനാ ഇങ്ങനെ കണ്ടുവരാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. തെറ്റായ റിപ്പോർട്ട് നൽകിയ സ്‌കാനിങ് സെന്ററുമായി യുവാവ് ബന്ധപ്പെട്ടു. പരിശോധിച്ച് മറുപടി നൽകാമെന്ന് അറിയിച്ചു.

അതിന് ശേഷം വീണ്ടും വിളിച്ചപ്പോൾ തങ്ങൾക്ക് റിപ്പോർട്ട് മാറിയതാണെന്നും ഇടതു കിഡ്നി ഇല്ലെന്നും അറിയിച്ചു. അങ്ങനെ കാണിച്ചു കൊണ്ടുള്ള ഇമെയിലും യുവാവിന് നൽകി. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഗുരുതരമായ അശ്രദ്ധയും പിഴവുമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും പത്തനംതിട്ട എസ്‌പിക്കും പരാതി നൽകിയതായും യുവാവ് പറഞ്ഞു.