- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുദിവസം മുമ്പേ സനു മോഹൻ ഫോൺ സ്വച്ച് ഓഫ് ചെയ്തു; കൊച്ചിയിൽ എത്തിയത് ഭാര്യയുടെ ഫോണുമായി; ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം രാത്രിയോടെ ആ ഫോണും സ്വിച്ച് ഓഫ്; കളമശേരി മുട്ടാർ പുഴയിൽ സനുവിന്റെ മകൾ വൈഗയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സനുവും കാറും എവിടെ എന്നറിയാതെ പൊലീസ്; ദുരൂഹത തുടരുന്നു
കൊച്ചി: കളമശേരി മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കുട്ടിയുടെ അച്ഛൻ സനുവിനെയും ഇവർ സഞ്ചരിച്ച വാഹനവും കണ്ടെത്താൻ കഴിയാത്തതാണ് ബന്ധുക്കളെയും പൊലീസിനെയും കുഴക്കുന്നത്. സനുമോഹൻ മകളുമൊന്നിച്ചു പുഴയിൽ ചാടിയതാണെന്നു പൊലീസ് സംശയിക്കുന്നു. കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ ബീറ്റ ഗ്രീൻ 6എയിൽ സനു മോഹന്റെ മകൾ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്. 40 കാരനായ സനു മോഹനെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
സമീപത്തുള്ള പുഴകളുടെയും തോടുകളുടെയുമെല്ലാം കടവുകളിലും തീരങ്ങളിലും പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ട്. കാറും ഇതുവരെ കണ്ടെത്താനായില്ല. ഇതിനിടെ ആലുവ പുഴയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അത് സനു അല്ലെന്നു വ്യക്തമായിട്ടുണ്ട്.
കങ്ങരപ്പടി ശ്രീഗോഗുലം ഹാർമണി ഫ്ളാറ്റിൽ ബീറ്റ ഗ്രീൻ 6 എയിലാണ് സനുവും കുടുംബവും അഞ്ചു വർഷമായി താമസിച്ചിരുന്നത്. ഞായറാഴ്ച വൈകുന്നേരം സനു ഭാര്യ രമ്യയെ ആലപ്പുഴയിലുള്ള ബന്ധു വീട്ടിൽ കൊണ്ടാക്കിയ ശേഷം മറ്റൊരു വീട്ടിൽ പോകുകയാണ് എന്നു പറഞ്ഞാണ് ഇറങ്ങിയത്. മകളെയും ഒപ്പം കൂട്ടിയായിരുന്നു യാത്ര. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതോടെ സംശയം തോന്നി വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
നാലു ദിവസമായി സനു സ്വന്തം ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുകയായിരുന്നു. കാണാതാകുന്ന ദിവസം ഭാര്യയുടെ ഫോണുമായാണ് കൊച്ചിയിലെത്തിയത്. രാത്രിയിൽ ഭാര്യാപിതാവിനെ വിളിച്ചിരുന്നതായും തുടർന്ന് ഫോൺ ഓഫായെന്നും പൊലീസ് പറയുന്നു. സനുവിന്റെ ബന്ധുവായ പ്രവീണാണ് കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തിരുന്ന സനു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് വിവരം. തന്റെ അക്കൗണ്ടിലൂടെ വലിയ തുകയുടെ ഇടപാടു നടന്നതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. അത് ശരിയായാൽ ഉടൻ പണം നൽകാമെന്നായിരുന്നു കടക്കാരോടു പറഞ്ഞിരുന്നത്. പണം കിട്ടാനുള്ള പലരും ഇവരുടെ ഫ്ളാറ്റിൽ വന്നിരുന്നതായും പറയുന്നു. ഇന്നലെ ഉച്ചയോടെ കണ്ടെടുത്ത വൈഗയുടെ മൃതദേഹം പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടു കൊടുത്തു. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണം സ്ഥിരീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ