കോഴിക്കോട്: മുട്ടിൽ മരം മുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് കൂടുതൽ കുരുക്ക്. പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വം സജീവമായി രംഗത്തുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം എടുക്കും വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നാണ് അനൗദ്യോഗിക നിർദ്ദേശം. ഇതു കാരണമാണ് അറസ്റ്റ് നീളുന്നത്. ഇതിനിടെയിലും വനം വകുപ്പ് കുരുക്കു മുറുക്കുകയാണ്.

സംസ്ഥാന ജൈവ വൈവിധ്യ നിയമത്തിന്റെ 7, 24 വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ബത്തേരി കോടതിയിൽ റിപ്പോർട്ട് നൽകി. ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ അനുമതി ഇല്ലാതെ ഈട്ടിമരം മുറിച്ചതാണു കുറ്റം. 3 വർഷം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത വകുപ്പുകളാണിത്. സർക്കാർ ഉത്തരവുള്ളതിനാൽ മരം മുറിച്ചുവെന്നതാണ് പ്രതികളുടെ നിലപാട്. ഇതിനിടെയാണ് പുതിയ വകുപ്പുകൾ എത്തുന്നത്.

പ്രതികളെ രക്ഷിക്കാൻ മാധ്യമ പ്രവർത്തകരുടെ ലോബിയും സജീവമാണ്. ഇതും അറസ്റ്റ് വൈകിപ്പിക്കുന്നുണ്ട്. എങ്ങനേയും ഹൈക്കോടതിയിൽ നിന്ന് ജാമ്യം ഒപ്പിച്ചെടുക്കാനാണ് തന്ത്രമൊരുക്കുന്നത്. അതിനിടെയാണ് വനംവകുപ്പിലെ ഉദ്യോഗസ്ഥർ പുതിയ നിയമ നീക്കം നടത്തുന്നത്. ഇതിൽ ഹൈക്കോടതി എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

കർഷകരെ സംരക്ഷിക്കുകയും ഇടനില നിൽക്കുന്ന കച്ചവടക്കാരെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ബയോ ഡൈവേഴ്‌സിറ്റി ആക്ട്. 2002 ൽ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഈ നിയമം ഉപയോഗിച്ച് കേസെടുക്കാനുള്ള അധികാരം വനം റേഞ്ച് ഓഫിസർമാർക്ക് ലഭിച്ചത് 2016 മുതലാണ്. കർഷകരെ ആക്ടിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽ മുട്ടിൽ കേസിൽ പ്രതികളായ 3 സഹോദരന്മാർക്കും ഇടനിലക്കാർക്കും എതിരെയാണ് ഈ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

മുട്ടിൽ മരം മുറിയിൽ വനം വകുപ്പിന്റെ കേസുകൾ ദുർബലമായിരുന്നു. 43 കേസുകളിൽ 2 കേസുകൾ മാത്രമാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം എടുത്തിരുന്നത്. മറ്റു കേസുകളിൽ എല്ലാം പരമാവധി 100 രൂപ പിഴയും 6 മാസം തടവുമാണു ശിക്ഷ. ഈ സ്ഥാനത്താണു കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തുന്നത്. ഇതോടെ ഹൈക്കോടതിയിൽ ജാമ്യം നേടുക പ്രതികൾക്ക് അസാധ്യമായി മാറുകയും ചെയ്തു. കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്.

സംസ്ഥാനത്തു പട്ടയഭൂമിയിലെ അനധികൃത മരംമുറി പ്രാഥമിക വിലയിരുത്തലുകൾക്കെല്ലാം അപ്പുറമെന്നു വനം വകുപ്പ് അന്വേഷണ സംഘങ്ങൾ കണ്ടെത്തി. ഏറ്റവും കൂടുതൽ മരംമുറി നടന്നതായി കരുതുന്ന ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ റിപ്പോർട്ട് ഇനിയും വനംവകുപ്പ് ആസ്ഥാനത്ത് ലഭിച്ചിട്ടില്ല.ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ക്രോഡീകരിച്ചു മന്ത്രിക്കു റിപ്പോർട്ട് നൽകും.