- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ ഇറക്കുമെന്ന് വീമ്പിളക്കി; കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്തു; സച്ചിനേയും ബച്ചനേയും പിണറായിയേയും പറ്റിച്ചു; അഗസ്റ്റിൻ സഹോദരങ്ങളുടേത് തട്ടിപ്പിന്റെ ബിസിനസ്സ് യാത്ര
കോഴിക്കോട്: വയനാട്ടിലെ മുട്ടിൽ ഈട്ടിമരം കൊള്ളകേസിൽ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ അഴിമതിയാണിത്. മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളിൽ കുടുങ്ങിയ വ്യവസായികളാണ് ഈ വിവാദത്തിലും പ്രതിസ്ഥാനത്ത് എന്നാണ് സൂചന. ഉന്നത സ്വാധീനമുള്ളവാണ് ഇവർ. അതുകൊണ്ട് തന്നെ ദീർഘകാലം ഒളിവിൽ കഴിയാനായി. പിടി തോമസിന്റെ ഇടപെടലാണ് മുട്ടിൽ മരംമുറിയിൽ നിർണ്ണായകമായത്.
വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയെക്കുറിച്ചുള്ള വിവരങ്ങളാണ് പി.ടി തോമസ് പുറത്തുവിട്ടത്. അഴിമതിയെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ഒരു ചാനലിന്റെ എംഡിയാണ് ഈ വലിയ കൊള്ളയുടെ പിന്നിലെന്ന് കേൾക്കുന്നുവെന്നും പിടി തോമസ് ആരോപണം ഉന്നയിച്ചിരുന്നു. ആ ചാനലിന്റെ എഡിറ്റർ വിളിച്ചു പറഞ്ഞിട്ടാണ് വനം കൊള്ള നടത്തിയവർ വനം മന്ത്രിയെ സന്ദർശിച്ചതെന്നും പിടി തോമസ് ആരോപിച്ചു. ഇതോടെയാണ് കേസിന് പുതിയ മാനം വന്നത്. പിന്നീട് 24 ന്യൂസിലെ ദീപക് ധർമ്മടവും പ്രതിസ്ഥാനത്തായി.
അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ 2016ൽ രംഗത്തുവന്നത്. ഈ തട്ടിപ്പു വീരന്മാർ ഒരുമിച്ച് ഇന്നലെ കസ്റ്റഡിയിൽ ആി. നിരവധി കേസുകളിൽ പ്രതിയായ സഹോദരന്മാർ. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് കുറച്ചു കാലം മുമ്പ് രംഗത്തുവന്നത്. അന്നും മറുനാടൻ മലയാളി സത്യം പുറത്തു കൊ്ണ്ടുവന്നു.
ഇത് പിന്നീട് വിവാദങ്ങളും ചർച്ചകളുമായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയിൽ മത്സരിക്കാനും ആന്റോ അഗസ്റ്റിൻ ശ്രമിച്ചിരുന്നു. ഈ വിവാദത്തിൽ പെട്ട റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് വനം വകുപ്പിനെ ഇപ്പോൾ വെട്ടിലാക്കുന്ന കേസിലും പ്രതികൾ. ചില മാധ്യമ പ്രവർത്തകരുടെ പിന്തുണയിൽ നടത്തിയ തട്ടിപ്പ്. പ്രധാനപ്രതികളായ റോജി അഗസ്റ്റിയനും ആന്റോ അഗസ്റ്റിയനും ചേർന്നാണ് മുമ്പ് മാംഗോ മൊബൈലിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കിയത്.
അഗസ്റ്റിൻ സഹോദരങ്ങൾ എന്നും വില്ലന്മാർ
വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നും ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും അറസ്റ്റിലായിട്ടുണ്ട്. മാംഗോ ഫോൺ എന്ന പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാധ്യമങ്ങളും മൗനത്തിലായി.
മാധ്യമങ്ങളെ അടക്കം പണം കൊടുക്കാതെ കബളിപ്പിക്കുകയും സംസ്ഥാനത്തുടനീളം നിരവധി പേരെ പറ്റിക്കകുകയും ചെയ്ത ആളുകളാണ് ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും. ലക്ഷങ്ങളുടെ പരസ്യങ്ങൾ നൽകിയതിനാൽ ഈ തട്ടിപ്പുകൾ ആരും വാർത്തയാക്കിയില്ല. ഈ ഘട്ടത്തിലാണ് മറുനാടൻ ഈ ഗ്രൂപ്പിന്റെ കള്ളത്തരം പുറത്തു കൊണ്ടു വന്നത്. ദക്ഷിണ കൊറിയയിലും ചൈനയിലുമായി 10,000 കോടിയുടെ മൊബൈൽ ഫാക്ടറി തുടങ്ങിയെന്നതും കള്ളമാണെന്ന് തെളിഞ്ഞു.
ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. ഫോണിന്റെ ലോഞ്ചിങ് ദിവസം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നൽകി. പക്ഷെ ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെ തുടർന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന എം ഫോൺ ലോഞ്ചിങ് ചടങ്ങിൽ വച്ച് കമ്പനി ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും പൊലീസ് അറസ്റ്റു ചെയ്യകയായിരുന്നു. ഇതോടെ ലോഞ്ചിങ് കുളമായി. പിന്നീട് ദുബായിൽ ലോഞ്ചിങ് നടത്തി മുഖം രക്ഷിക്കാൻ ശ്രമിച്ചു. പിന്നീട് രാഷ്ട്രീയത്തിൽ ചുവടു വച്ച് വിശുദ്ധനാകാനുള്ള നീക്കം നടത്തി.
വയനാട്ടിൽ തുഷാറിന്റെ ബിഡിജെഎസിന് വലിയ സ്വാധീനമോ നേതാക്കളോ ഇല്ല. ഇത് മനസ്സിലാക്കി ആന്റോ അഗസ്റ്റിൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെ തുഷാറിന് തന്നെ ഇവിടെ മത്സരിക്കേണ്ടി വന്നു. അന്ന് തുഷാറിനൊപ്പം ആന്റോയും പ്രചരണത്തിൽ സജീവമായി. പിന്നീട് കേരളാ കോൺഗ്രസ് പിസി തോമസ് പക്ഷത്തേക്ക് മാറി. ഇടതുപക്ഷ സർക്കാരിനെതിരെ സമരത്തിലും ഭാഗമായി.
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് മർദ്ദിച്ചു, ജപ്തി കഴിഞ്ഞപ്പോൾ ഡ്രൈവറെ ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു
നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വയനാട്ടിലെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തതിന് മാംഗോ മുതലാളിമാർ അറസ്റ്റിലായിരുന്നു. ഇവരെ അറസ്റ്റു ചെയ്ത ശേഷം വീണ്ടും ജപ്തി നടപടികൾ ഉദ്യോഗസ്ഥർ പിന്നീട് പൂർത്തിയാക്കുകയും ചെയ്തു. അതിന്റെ അഗസ്റ്റിൻ സഹോദരന്മാരുടെ കലി മുഴുവൻ ജപ്തിക്ക് ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊണ്ടുപോയ പാവപ്പെട്ട ഒരു പിക്ക്അപ്പ് ഡ്രൈവർക്കെതിരെയാണ് ഉണ്ടായത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് വീട്ടിലെ സാധനങ്ങൾ കൊണ്ടുപോയ മുഹമ്മദ് ഷെജീദിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്ന കാണിച്ച് ഷെജീദ് പൊലീസിൽ പരാതി നൽകിയിരുന്നു. ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് ഷെജീദിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
2016 സെപ്റ്റംബറിലാണ് സ്വദേശിയായ ഷെജീദിനെതിരെ വധശ്രമം ഉണ്ടായത്. വൈകീട്ട് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുന്ന സമയതതാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ജീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. കെഎൽ. 60.ബി 7331 ജീപ്പിലെത്തിയാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ആക്രമിച്ചത്. നാല് പേർ ജീപ്പിലുണ്ടായിരുന്നു. ആന്റോ അഗസ്റ്റിനായിന്നു ഈ സമയം ജീപ്പോടിച്ചിരുന്നതെന്നാണ് ഷെജീദ് നൽകിയ പരാതിയിൽ പറയുന്നത്. ബൈക്കിൽ ഇടിക്കുമെന്ന് ഉറപ്പായതോടെ ഷെജീദ് സൈഡിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. വീഴ്ച്ചയിൽ യുവാവിന് പരിക്കും പറ്റി. തന്റെ അമ്മാവൻ കുഞ്ഞു മൊയ്തീനോട് തന്നെ തട്ടിക്കളയുമെന്ന് ജോസുകുട്ടി അഗസ്റ്റിൻ ഭീഷണിപ്പെടുത്തിയതായും ഷെജീദ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 30ാം തീയതി ആന്റോ അഗസ്റ്റിന്റ് വീട് ഡെപ്യൂട്ടി തഹസിൽദാരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ജപ്തിയ ചെയ്തപ്പോൾ സാധനങ്ങൾ കൊണ്ടുപോയത് ഷെജീദിന്റെ വാഹനത്തിലായിരുന്നു. അന്ന് തന്നെ വീട്ടിൽ കയറിയ ഷെജീദിനെ വെറുതേ വിടില്ലെന്ന് മാംഗോ മുതലാളിമാർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. നേരത്തെ ജപ്തിക്കെത്തിയപ്പോൾ മാംഗോ മുതലാളിമാർ സ്ഥലത്ത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ഉദ്യോഗസ്ഥരെ പൂട്ടിയിട്ടും സഹായികളെ കൂട്ടി ഉദ്യോഗസ്ഥരെ കായികമായി നേരിട്ട മാംഗോ മുതലാളിമാരെ അടക്കി നിർത്താൻ വലിയ പൊലീസ് സന്നാഹവും സ്ഥലത്തെത്തുകയുമുണ്ടായി. നാല് വനിതാ പൊലീസുകാരടക്കം ആറ് പൊലീസുകാർക്കും റവന്യു ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ ആന്റോ അഗസ്റ്റിൻ, അമ്മ ഇത്താമ്മ അഗസ്റ്റിൻ, ടെസ്സി റോജി , ഇവരുടെ സഹായികളായ രമേഷ് , ചന്ദ്രൻ , ജനാർദനൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.
മീനങ്ങാടി, കമ്പളക്കാട് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരായ രജിത, സുലോചന, ഐഷ, ഐഷാബി എന്നിവർക്കും ജോസഫ്, ബാബുരാജ് എന്നീ സീനിയർ സിവിൽ പൊലീസ് ഓഫിസർമാർക്കുമാണ് പരിക്കേറ്റത്. നേരത്തെ നടത്തിയ കാർ ബിസിനസ്സുമായി ബന്ധപ്പെട്ടാണു വാണിജ്യനികുതി കുടിശ്ശികയായത്. കാർഷിക നികുതിയും കുടിശ്ശികയുണ്ടായിരുന്നു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും തുക അടക്കാത്തതിനാലാണു ജപ്തി നടപടികളിലേക്കു നീങ്ങിയത്. സംഘം വീട്ടുമുറ്റത്ത് കടന്നയുടൻ വീട്ടുകാർ ഗേറ്റ് പൂട്ടി ആക്രമി ക്കുകയായിരുന്നു. പിന്നീടു കമ്പളക്കാട് സ്റ്റേഷനിൽനിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഗേറ്റിന്റെ പൂട്ടു തകർത്താണ് അന്ന് റവന്യു, പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആന്റോ അഗസ്റ്റിയനെ അറസ്റ്റ് ചെയ്തു. പൊലീസ് ജീപ്പിൽ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയും വയർലെസ് സെറ്റ് തകർക്കുകയും ചെയ്തിരുന്നു.
കേരളത്തിന് അകത്തും പുറത്തുമായുണ്ടായിരുന്നത് നിരവധി കേസുകൾ
കൂടാതെ നിരവധി ബാങ്കുകളെയും കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസുണ്ടായിരുന്നു. കൂടാതെ ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ഇങ്ങനെയുള്ള ഭൂതകാലം ഉള്ളവരാണ് സച്ചിൻ ടെണ്ടുൽക്കറെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കി മൊബൈൽ ഫോൺ കമ്പനിയുണ്ടാക്കിയെന്ന് അവകാശപ്പെടുന്നത്. മറുനാടൻ മലയാളി അന്ന് നടത്തിയ അന്വേഷണത്തിലാണ് മാംഗോ മൊബൈൽ കമ്പനി ഉടമകളായ റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ എന്നവരുടെ പേരിൽ പ്രമുഖ ബാങ്കുകളെ പോലും കബളിപ്പിച്ച കേസിൽ നിയമ നടപടി നേരിടുന്നവരാണെന്ന് വ്യക്തമായത്.
ഒരുകാലത്ത് ഒരു പ്രമുഖ ചാനലിൽ ഏറ്റവും കൂടുതൽ പരസ്യം നൽകി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടോഴ്സ് കമ്പനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഏഷ്യൻ മോട്ടോഴ്സിന്റെ പരസ്യങ്ങൾ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. ഒരു ചാനലിന്റെ സ്ഥിരം പരസ്യദാതാക്കളായിരുന്നു ഇവർ. ഇങ്ങനെ പരസ്യങ്ങളിൽ നിറഞ്ഞു നിന്ന ഈ കമ്പനിക്ക് ഇപ്പോൾ എന്തു സംഭവിച്ചു എന്നുപോലും ആർക്കും അറിവില്ല. ഈ കമ്പനിയെ കൂടാതെ ഏഷ്യൻ ടിമ്പർ ഡിപ്പോ, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉള്ളത്.
2014ൽ ഇവരുടെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടേഴ്സ് എന്ന കമ്പനിക്കും ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കളമശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും ഇവരുടെ സ്ഥാപനത്തിലേക്ക് വിൽപ്പനക്കായുള്ള വണ്ടികൾ വാങ്ങാനുള്ള ലോണിനായി ഒരു പ്രോപ്പർട്ടി ജാമ്യം കാണിച്ചു കോടികൾ വായ്പ്പയെടുത്തു. ഇതോടൊപ്പം ജാമ്യമായി കൊടുത്ത അതേ പ്രോപ്പർട്ടി ജാമ്യം വച്ചു ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഇവർ ലോൺ എടുക്കുകയുമായിരുന്നു. ഫലത്തിൽ രണ്ട് ബാങ്കുകളെ മനപ്പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചെന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം. ജാമ്യം കൊടുത്ത വണ്ടികൾ തന്നെ റീസെയിലിന് വേണ്ടി വാങ്ങിയതാണെന്നും ബാങ്കുകൾക്ക് വ്യക്തമായിരുന്നു. ഈ കേസ് ഹൈക്കോടതി വരെയാണ് മാംഗോ മൊബൈൽസ് ഉടമകളെ എത്തിച്ചത്.
പിണറായിയേയും സച്ചിനേയും ബച്ചനേയും പറ്റിച്ചു
നടനും ഇടതു എംഎൽഎയുമായ മുകേഷിന്റെ ബന്ധുക്കളെ മുന്നിൽ നിർത്തി പിണറായിയെ ചതിക്കാനും നീക്കം നടത്തി. മുകേഷിന്റെ ബന്ധുവിന്റെ സ്ഥാപനം എന്ന നിലയിൽ ഓൺലൈൻ പത്രത്തിന്റെ ഉദാഘാടനത്തിന് വരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഏൽക്കുകയും ചെയ്തു. അതിനിടയിൽ ആവേശം കയറിയ സഖാക്കൾ അഗസ്റ്റിൻ സഹോദരന്മാർ നേരിട്ട് പത്രക്കാരോടും മറ്റും തന്റെ ഓൺലൈൻ പത്രത്തെക്കുറിച്ച പറഞ്ഞതായും ആവരെ ക്ഷണിച്ചതുമാണ് പുലിവാലായത്. ഇവർ നേരിട്ട് രംഗത്തിറങ്ങി പത്രക്കാരെ ക്ഷണിക്കാൻ തുടങ്ങിയതോടെ വിവരം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു ഇത്.
ആദിവസം എറണാകുളത്തെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി ഈ ഉദ്ഘാടനം ആയിരുന്നു. അഗസ്റ്റിൻ സഹോദരന്മാരാണ് ഇതിന്റെ പിന്നിലെന്ന വിവരം ലഭിച്ച മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തലേന്നു രാത്രിയിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെ അവസാന നിമിഷം പിണറായിയ പിന്മാറുകയാിരുന്നു. വിവരം മറച്ചുവച്ചതിന് മുകേഷിനോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയും ചെയ്തു. മാംഗോ ഫോണുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ അവകാശപ്പെട്ടത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് പേരുകളായ അമിതാഭ് ബച്ചനും സച്ചിൻ ടെണ്ടുൽക്കറും തങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരാണ് എന്നായിരുന്നു.
അന്ന് പത്രവാർത്തകൾ കണ്ട് അമിതാഭ് ബച്ചനെയും സച്ചിൻ തെണ്ടുൽക്കറുടെയും ഓഫീസുകളുമായി മറുനാടൻ ബന്ധപ്പെടുകയുണ്ടായി. മുംബൈയിൽ അറിയപ്പെടുന്ന ബിസിനസ്സ് ജേർണലിസ്റ്റുകളും ഇക്കാര്യത്തിൽ ഞങ്ങളെ സഹായിച്ചു. സച്ചിന്റെ ഓഫീസിൽ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നാണ് അറിയിച്ചത്. സച്ചിൻ സംഗതി അറിഞ്ഞില്ലെങ്കിലും അമിതാബ് ബച്ചന്റെ ഓഫീസ് ചർച്ച നടത്തിയ കാര്യം തള്ളിയതുമില്ല. കൊച്ചിയിലെ പുഷ് എന്ന ഏജൻസി വഴി അമിതാബ് ബച്ചന്റെ ഓഫീസ് മാംഗോ ഫോണുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഒമ്പത് കോടി രൂപയാണ് അമിതാബിന് നൽകാമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റത്. അഡ്വാൻസായി 1.9 കോടിയുടെ ചെക്കും നൽകി. എന്നാൽ അമിതാബിന്റെ ഓഫീസ് ഈ ചെക്ക് സമർപ്പിച്ചപ്പോൾ പണം ഇല്ലാത്തതുകൊണ്ട് അത് മടങ്ങുകയാണ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ