- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറിക്കേസിൽ ഡിഎഫ്ഒ ധനേഷ് പണം വാങ്ങിയിട്ടില്ല; തിരുത്തി മുഖ്യപ്രതി റോജി അഗസ്റ്റിൻ; മറ്റ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവുണ്ടെന്നും ആരോപണം; പച്ചക്കള്ളമെന്ന് പ്രകൃതി സംരക്ഷണസമിതി സെക്രട്ടറി എൻ.ബാദുഷ
വയനാട്: മുട്ടിൽ മരംമുറിക്കേസിൽ ഡിഎഫ്ഒ ധനേഷ് പണം വാങ്ങിയിട്ടില്ലെന്ന് മുഖ്യപ്രതി റോജി അഗസ്റ്റിൻ. ഒരു ന്യൂസ് ചാനലിലെ ചർച്ചയിലാണ് റോജിയുടെ തിരുത്ത്. എന്നാൽ, മറ്റ് ഉദ്യോഗസ്ഥർ പണം വാങ്ങിയതിന് തെളിവുണ്ടെന്ന് റോജി അഗസ്റ്റിൻ ആരോപിച്ചു. കൈക്കൂലിക്കാര്യം പരാമർശിക്കുന്നതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുമായുള്ള ഫോൺസംഭാഷണങ്ങളും റോജി നേരത്തെ പുറത്തുവിട്ടിരുന്നു.
മുട്ടിലിൽ മരം മുറിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് 25 ലക്ഷത്തോളം രൂപ കോഴ നൽകിയതായാണ് റോജി അഗസ്റ്റിൻ നേരത്തെ ആരോപിച്ചത്. ഡിഎഫ്ഒയ്ക്ക് പത്തുലക്ഷവും റേഞ്ച് ഓഫിസർക്ക് അഞ്ചുലക്ഷവും നൽകി. വനം ഓഫിസ് സ്റ്റാഫിനും പണം നൽകി. ഇവരാരും തന്റെ മുഖത്തുനോക്കി പണം തന്നില്ലെന്ന് പറയില്ലെന്നു റോജി പറഞ്ഞിരുന്നു. റവന്യൂ ഉദ്യോഗസ്ഥർക്ക് പണം നൽകിയിട്ടില്ലെന്നും റോജി പറഞ്ഞു.
സ്വന്തം പറമ്പിലെ 14 കുറ്റിയടക്കം 56 കുറ്റി മരങ്ങൾ മുറിച്ചു. താനും പിതാവും നട്ടുവളർത്തിയ മരങ്ങളാണ് മുറിച്ചത്. വനം മന്ത്രിയെ കണ്ടിട്ടില്ലെന്നും റോജി പറയുന്നു. ആവശ്യമായ രേഖകൾ നൽകിയിരുന്നു. ഒരു നിയമവും ലംഘിച്ചിട്ടില്ല. മുറിച്ച് 20 ദിവസം കഴിഞ്ഞാണ് മരം കയറ്റിക്കൊണ്ട് പോയത്. അന്വേഷണ ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയാണ് കേസെടുത്തത്. വനത്തിൽ നിന്ന് മരം മുറിച്ചെന്നാണ് കേസെടുത്തതെന്നും റോജി. ഡിപ്പോ ലൈസൻസ് ഉപയോഗിച്ച് പെരുമ്പാവൂരിലേക്കാണ് മരം എത്തിച്ചതെന്നും റോജി വെളിപ്പെടുത്തിയിരുന്നു.
അതേ സമയം റോജി അഗസ്റ്റിന്റെ ആരോപണങ്ങൾ വയനാട് പ്രകൃതിസംരക്ഷണസമിതി തള്ളി. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കുറിച്ച് റോജി പച്ചക്കള്ളം പറയുന്നുവെന്ന് സെക്രട്ടറി എൻ.ബാദുഷ പറഞ്ഞു. ആദിവാസി ഭൂമിയിലെ മരങ്ങൾ തുച്ഛമായ വിലയ്ക്ക് വാങ്ങി റോജി അവരെ വഞ്ചിച്ചെന്നും ബാദുഷ കൂട്ടിച്ചേർത്തു.
വയനാട്ടിൽ 600 കോടിയുടെ മരം മുറിച്ചെന്നാണ് റോജി അഗസ്റ്റിൻ നേരത്തെ വെളിപ്പെടുത്തിയത്. മുട്ടിലിലേത് കൂടാതെ വയനാട്ടിൽ 600 കോടിയുടെ മരം മുറി നടന്നു. ഒരു നിയമവും ലംഘിക്കാതെയാണ് മരംമുറിച്ചതെന്നും റോജി അവകാശപ്പെട്ടു. കർഷകരെ വഞ്ചിച്ചിട്ടില്ല. അവർ ആവശ്യപ്പെട്ട പണം നൽകിയാണ് മരം മുറിച്ചതെന്നും റോജി അവകാശപ്പെട്ടിരുന്നു. ആരോപണവിധേയനായ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും. ഇതു വരെ നേരിൽ കണ്ടിട്ടില്ലെന്നും റോജി പറഞ്ഞിരുന്നു.
അതിനിടെ തൃശൂരിലെ റവന്യൂ പട്ടയഭൂമിയിൽനിന്ന് മുറിച്ചു കടത്തിയ മരം മലപ്പുറത്തുനിന്ന് പിടികൂടി. 13 കഷണം ഈട്ടിത്തടിയും 83 കഷണം തേക്കു മരവും മലപ്പുറം വാണിയമ്പലത്തെ മില്ലിൽനിന്നാണ് കണ്ടെടുത്തത്. തൃശൂരിൽനിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് വനം ഉദ്യോഗസ്ഥർ വാണിയമ്പലത്തെത്തി പരിശോധന നടത്തിയത്.
ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ സമയത്ത് മുറിച്ചു കടത്തിയ മരങ്ങളാണിത്. എന്നാൽ അനധികൃതമായി തടി വാങ്ങിയിട്ടില്ലെന്നും രേഖകളെല്ലാം കൃത്യമാണന്ന് ഉറപ്പാക്കിയ ശേഷമാണ് മില്ലിൽ തടിയിറക്കാൻ സമ്മതിച്ചതെന്നും മില്ലുടമ പറഞ്ഞു.
ന്യൂസ് ഡെസ്ക്