- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുട്ടിൽ മരംമുറി കേസ്: അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിച്ചു; ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചു; ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ; വനംവകുപ്പിന്റെ ശുപാർശ, സിസിഎഫിന്റെ അന്വേഷണ റിപ്പോർട്ടിന്മേൽ; ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സാജനെ സസ്പെൻഡ് ചെയ്യാൻ വനംവകുപ്പിന്റെ ശുപാർശ. സിസിഎഫിന്റെ അന്വേഷണ റിപ്പോർട്ടിലാണ് വനംവകുപ്പ് ചീഫ് സെക്രട്ടറിക്ക് ശുപാർശ കൈമാറിയത്. ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി.
അന്വേഷണം വഴി തെറ്റിക്കാൻ സാജൻ ശ്രമിച്ചതായും മുറിച്ച മരങ്ങൾ പിടിച്ചെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കുടുക്കാൻ സാജൻ ശ്രമിച്ചതായുമാണു റിപ്പോർട്ടിലെ കണ്ടെത്തൽ.
സിസിഎഫിന്റെ അന്വേഷണ റിപ്പോർട്ടിൽ സാജൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു നേരത്തേ കണ്ടെത്തിയിരുന്നു. വനം മാഫിയയ്ക്കായി വഴിവിട്ട സഹായങ്ങൾ ചെയ്യാനും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സാജൻ ശ്രമിച്ചതായാണ് കണ്ടെത്തിയത്.
മരംമുറി വിഷയത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു, ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചു എന്നിങ്ങനെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് എൻ.ടി സാജനെ സസ്പെൻഡ് ചെയ്യാൻ വനം വകുപ്പ് സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തത്. വിഷയത്തിൽ അന്തിമ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. സർക്കാർ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മുട്ടിൽ മരംമുറി വിവാദം ഉയർന്നുവന്ന സമയത്ത് മുഴുവൻ പ്രതിസ്ഥാനത്ത് എൻ.ടി സാജന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ അന്വേഷണങ്ങൾ പൂർത്തിയായ ശേഷമേ നടപടി എടുക്കാൻ സാധിക്കൂ എന്നതായിരുന്നു വനംവകുപ്പിന്റെ ആദ്യ നിലപാട്. എന്നാൽ വനംവകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിൽ സാജനെതിരെ കണ്ടെത്തലുകൾ ഉണ്ടായി.
15 കോടി രൂപയുടെ മരംകൊള്ള കണ്ടുപിടിച്ച സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് കുമാർ, മേപ്പാടി ഫോറസ്റ്റ് ഓഫിസർ എം.കെ.സമീർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി.അഭിലാഷ് എന്നിവരെ കള്ളക്കേസിൽ കുരുക്കി പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ഡിഎഫ്ഒയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതിനുവേണ്ടി മേപ്പാടി റേഞ്ച് ഓഫിസറുടെ താൽക്കാലിക ഡ്രൈവറെ ഭീഷണിപ്പെടുത്തി കള്ളമൊഴി കൊടുത്തതായും റിപ്പോർട്ടിലുണ്ട്.
സാജനു നേരെ സമാനമായ ആരോപണങ്ങൾ നേരത്തേയും ഉണ്ടായിരുന്നതായി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. കാസർകോട് റേഞ്ച് ഓഫിസറായിരിക്കെ നടന്ന അന്വേഷണത്തിലാണ് സാജനെതിരെ കണ്ടെത്തലുകളുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറികൾക്ക് വഴിവിട്ട സഹായം നൽകിയെന്നായിരുന്നു കണ്ടെത്തൽ.
മുട്ടിൽ മരം കൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനംവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് എൻ ടി സാജൻ. വയനാട്ടിൽ നിന്നും മുറിച്ച മരം പിടിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കള്ളക്കേസിൽ കുടുക്കാനും സാജൻ നീക്കം നടത്തിയെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. റേഞ്ച് ഓഫീസർ സമീർ സാജനെതിരെ പരാതി നൽകിയിരുന്നു. എൻ ടി സാജനെതിരെ വിജിലൻസ് വിഭാഗവും നേരെത്തെ റിപ്പോർട്ട് കൈമാറിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ