- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടിൽ മരംമുറി കേസിൽ മൂന്നു പ്രതികളും അറസ്റ്റിൽ; പിടിയിലായത് റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും; വലയിലാക്കിയത് കുറ്റിപ്പുറം പാലത്തിൽ വച്ച് തിരൂർ ഡിവൈഎസ്പി; അറസ്റ്റ് വിവരം ഹൈക്കോടതിയിൽ അറിയിച്ച് സർക്കാർ
കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തെന്നു സർക്കാർ ഹൈക്കോടതിയിൽ. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിപ്പുറം പാലത്തിൽ വച്ച് തിരൂർ ഡിവൈഎസ്പിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്.
മരം മുറിക്കേസിലെ മുഖ്യ സൂത്രധാരൻ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കുമായി സംസ്ഥാന വ്യാപക തെരച്ചിലാണ് നടത്തിയത്. ഇവരുടെ വയനാട് വാഴവറ്റയിലെ വീട്ടിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വനം വകുപ്പ്, ക്രൈംബ്രാംഞ്ച്, വിജിലൻസ് എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഇന്നലെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചികുന്നു.പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അഭിപ്രായപ്പെട്ടു. അന്വേഷണം സിബിഐ.യെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റുചെയ്യാൻ വൈകിയതാണ് കോടതിയെ ചൊടിപ്പിച്ചത്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികളെ പിടികൂടാൻ കഴിയാത്തതെന്ന വാദം കോടതി തള്ളി. 701 കേസുകളാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാൾ ജാമ്യം നേടിയിരുന്നു എന്ന ദുർബലമായ വാദമാണ് എജിയുടെ ഭാഗത്ത് നിന്ന് മറുപടിയായി ഉണ്ടായത്. ഇത് 'യൂണിവേഴ്സൽ പ്രതിഭാസ'മാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം.
മരം മുറി സംബന്ധിച്ച് മറ്റൊരു നിരീക്ഷണവും കോടതി നടത്തി. 300ൽ അധികം മരങ്ങൾ നഷ്ടപ്പെട്ടു. ഇത് കർഷകർ നട്ട മരങ്ങളല്ല. നടന്നിരിക്കുന്നത് വളരെ കൃത്യമായ മോഷണമാണ്. എന്നിട്ടും എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന ചോദ്യം കോടതി ആവർത്തിച്ചുചോദിച്ചിരുന്നു.
അതേസമയം, വിവാദ ഉത്തരവിന്റെ മറവിൽ എൽഎ പട്ടയഭൂമിയിലെ ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയ രണ്ടു പേരെ അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട മുട്ടിൽ സ്വദേശി അബ്ദുൾ നാസർ, അമ്പലവയൽ സ്വദേശി അബൂബക്കർ എന്നിവരാണ് പിടിയിലായത് ഇവർ മരക്കച്ചവടക്കാരാണ്.
ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് രൂക്ഷ വിമർശനമേറ്റതിന് പിന്നാലെയാണ് നടപടികൾ തുടങ്ങിയത്
മറുനാടന് മലയാളി ബ്യൂറോ