- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബച്ചനെ ചെക്ക് കൊടുത്ത് പറ്റിച്ചു; മുകേഷിനെ മുന്നിൽ നിർത്തി പിണറായിയെ കബളിപ്പിച്ചു; ആദിവാസികളെ ചതിച്ചത് റവന്യൂ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചും; കോടികളുണ്ടാക്കിയത് ബിഡിജെഎസ് സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച നേതാവ്; മുട്ടിൽ മരംമുറിയിൽ അഗസ്റ്റിൻ സഹോദരങ്ങളെ രക്ഷിക്കാൻ നടക്കുന്നത് വമ്പൻ ഗൂഢാലോചന
കോഴിക്കോട്; വയനാട് മുട്ടിൽ ഈട്ടി മരം വെട്ടലിന്റെ പിന്നാമ്പുറം ചികയുമ്പോൾ അന്വേഷണം എങ്ങുമെത്താതിന്റെ കാരണം വ്യക്തം. ആദിവാസികളെ പ്രതികളാക്കി കേസെടുത്തതും വമ്പന്മാരെ രക്ഷപ്പെടുത്താൻ ത്നെ. ആദിവാസികൾ ചതിയിൽ പെട്ടവാരാണെന്ന് അറിഞ്ഞിട്ടും അവരേയും കുടുക്കി. കേസിൽ സാക്ഷികളില്ലാതാകുമ്പോൾ യഥാർത്ഥ കുറ്റക്കാർ രക്ഷപ്പെടും. കള്ളക്കളിയിലെ സത്യം പുറത്തു പറഞ്ഞ മരംവെട്ടി കരാറുകാരനെ ഭീഷണിയും പെടുത്തുന്നു.
മുട്ടിൽ മരംമുറിക്കൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി കരാറുകാരൻ രംഗത്തു വന്നിരുന്നു. മൂന്ന് വർഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റർ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. മരം മുറിക്കാൻ അനുമതിയുണ്ടെന്ന് കാട്ടി വ്യാജരേഖകൾ തൊഴിലാളികളെ കാണിച്ചായിരുന്നു മരംമുറിയെന്ന് കരാറുകാരൻ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ ഇടയ്ക്ക് സ്ഥലത്ത് എത്തിയെന്നും പ്രദേശത്തെ വൈദ്യുതി വിഛേദിച്ചാണ് പദ്ധതി നടത്തിയതെന്നും ഇയാൾ പറഞ്ഞു. മുട്ടിൽ മരംമുറി വിവാദമായതോടെ ഹംസയെ വനംവകുപ്പ് ചോദ്യം ചെയ്യാനായി വിളിച്ചപ്പോൾ മുഖ്യപ്രതികളുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായി. കൂടെ നിന്നാൽ ഒന്നിച്ച് രക്ഷപെടാമെന്നായിരുന്നു പ്രതികൾ പറഞ്ഞത്. ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ഡിഎഫ്ഒ, റെയ്ഞ്ച് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നെന്ന് മൊഴി നൽകാൻ സമ്മർദമുണ്ടായതായും ഹംസ വെളിപ്പെടുത്തി. അങ്ങനെ എല്ലാ അർത്ഥത്തിലും തന്ത്രവും ഭീഷണിയുമായി നിറയുകയാണ് യഥാർത്ഥ പ്രതികൾ.
മരക്കച്ചവടം ചെയ്ത റോജി അഗസ്റ്റിൻ, സഹോദരൻ ആന്റോ അഗസ്റ്റിൻ, കർഷകർ എന്നിവർ അടക്കം 42 പേർക്കെതിരേ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. ഭൂമിയുടെ ഉടമസ്ഥരിൽ 15 ആദിവാസി വിഭാഗക്കാരുമുണ്ട്. റോജി തങ്ങളെ തെറ്റിദ്ധരിപ്പിച്ച് മരം കച്ചവടം ചെയ്തതാണെന്ന് ഭൂവുടമകൾ വനംവകുപ്പിന് മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ആദിവാസികളെ കേസിൽ പ്രതികളാക്കി. ഇതാണ് ഉന്നതര രക്ഷിക്കാനുള്ള നീക്കത്തിന് തെളിവ്. ഇതോടെ സാക്ഷികൾ ഇല്ലാ കേസായി ഇതു മാറും. കോടതിയിൽ കേസെത്തുമ്പോൾ പ്രതികളാരും തങ്ങളെ പ്രശ്നത്തിലാക്കുന്ന മൊഴികൾ കൊടുക്കില്ല. അങ്ങനെ യഥാർത്ഥ പ്രതികൾ രക്ഷപ്പെടും.
അപ്പിളിനെയും സാംസ്ങ്ങിനെയും തോൽപ്പിക്കുന്ന അത്യാധുനിക സ്മാർട്ട് ഫോണുകൾ രംഗത്തിറങ്ങുമെന്ന് പറഞ്ഞാണ് വയനാട് സ്വദേശികളായ റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നീ സഹോദരന്മാർ 2016ൽ രംഗത്തുവന്നത്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ അതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീട് ബാങ്കുകാർ ജപ്തി ചെയതിരുന്നു. ഇങ്ങനെയുള്ളവരാണ് 3000 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാതാക്കളെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഇവർ പിന്നീട് പലരേയും പറ്റിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. ഈ മാംഗോ തട്ടിപ്പിലെ രണ്ടു പേരാണ് മരംമുറി വിവാദത്തിലും നിറയുന്നത്.
2016 മാർച്ചിൽ ആന്റാ അഗസ്റ്റിനും സഹോദരങ്ങളും ചേർന്ന് മാംഗോ എന്ന പേരിൽ മൊബൈൽ ഫോൺ വിപണിയിലിറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുറത്തിറക്കുന്നതിനു തൊട്ടുമുമ്പ് ബാങ്കിനെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ ആന്റോയെ അറസ്റ്റ് ചെയ്തിരുന്നു. ആപ്പിളിനെ വെല്ലുന്ന സ്മാർട്ട് ഫോണെന്ന അവകാശവാദവുമായി രംഗത്തത്തെിയ മാംഗോ ഫോൺ ഉടമകൾ ഫ്രാഞ്ചൈസി വഴിയും മറ്റും വൻ തട്ടിപ്പിനാണ് പദ്ധതിയിട്ടത്. മറുനാടന്റെ ഇടപെടലിൽ അത് വലിയ തോതിൽ നടക്കാതെ പോയി എന്നതാണ് വസ്തുത.
മരംമുറിയിൽ നടന്നത് വമ്പൻ അട്ടിമറി
വയനാട് അടക്കം വിവിധ ഭാഗങ്ങളിൽനിന്നു സർക്കാരിൽ നിക്ഷിപ്തമായ കോടികൾ വിലമതിക്കുന്ന വൃക്ഷങ്ങൾ വെട്ടിവീഴ്ത്തിയതിനു പിന്നിൽ ഉന്നതതല ഗൂഢാലോചനയെന്നു സംശയം. കർഷക താൽപര്യം മറയാക്കി നടത്തിയ മരംമുറിക്ക് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നിൽ ഉന്നത വനം- റവന്യൂ ഉദ്യോഗസ്ഥരും മരലോബിയും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം.
റവന്യു വകുപ്പ് 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിന്റെ ബലത്തിലാണ് വയനാട്ടിൽ വ്യാപകമായി ഈട്ടി എന്ന 'രാജകീയ മരം' വെട്ടിയതെന്നും മൂന്നു മാസം മാത്രം പ്രാബല്യത്തിലുണ്ടായിരുന്ന ഈ ഉത്തരവിനെ കുറിച്ചാണ് പ്രാഥമികമായി അന്വേഷിക്കേണ്ടതെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2000 മാർച്ചിലാണ് മരംമുറിക്കാനുള്ള ആദ്യ ഉത്തരവ് ഇറങ്ങിയത്. 1964 ലെ ഭൂപതിവു ചട്ടം പ്രകാരം സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ നിന്ന്, സർക്കാരിൽ നിക്ഷിപ്തമായ 10 ഇനം മരങ്ങളിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതായിരുന്നു റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവ്. ഇതിനെതിരേ തൃശൂരിലെ പരിസ്ഥിതി സംഘടന നൽകിയ ഹർജിയിൽ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. വയനാട് സ്വദേശിയുടെ അപ്പീലിൽ ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി.
തുടർന്ന് 2020 ഒക്ടോബറിൽ റവന്യു വകുപ്പ് രണ്ടാമതൊരു ഉത്തരവിറക്കി. ഇതു ദുർവ്യാഖ്യാനം ചെയ്താണ് വയനാട്, ഇടുക്കി, തൃശൂർ ജില്ലകളിൽ കോടികളുടെ മരം മുറിച്ചത് സർക്കാർ പതിച്ചു നൽകിയശേഷം ഭൂമിയിൽ സ്വയം കിളിർത്തതും ഭൂമിയുടെ ഉടമസ്ഥർ നട്ടുപിടിപ്പിച്ചതുമായ മരങ്ങൾ മാത്രംമുറിക്കാൻ അനുമതി നൽകുന്നതായിരുന്നു രണ്ടാമത്തെ സർക്കാർ ഉത്തരവ്. മരംമുറി തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്നും ഈ ഉത്തരവിൽ പറഞ്ഞിരുന്നതാണ് ഗൂഢാലോചനാ സംശയം ബലപ്പെടുത്തുന്നത്. ഉത്തരവിന്റെ സാധുതയെയും ദോഷത്തെയും കുറിച്ച് ജില്ലാ കലക്ടർമാർ അറിയിച്ചിട്ടും 3 മാസത്തിനു ശേഷമാണ് അതു റദ്ദാക്കിയത്.
ഒക്ടോബർ 24നു പുറപ്പെടുവിച്ച ഉത്തരവിൽ 'ഭൂമി പതിച്ചുനൽകുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും' വെട്ടാൻ കർഷകന് അവകാശം നൽകുന്നു എന്നൊരു വാക്കുണ്ട്. ഈ ഉത്തരവിലെ 'ചന്ദനം ഒഴികെയുള്ള മരങ്ങൾ' എന്ന പ്രയോഗമാണ് പ്രശ്നം. കൈവശഭൂമിക്ക് പട്ടയം നൽകുമ്പോൾ സർക്കാരിലേക്ക് റിസർവ് ചെയ്യുന്നത് ചന്ദനം, തേക്ക്, ഈട്ടി, ഇരുൾ, തേമ്പാവ്, ചെമ്പകം, ചടച്ചി, കമ്പകം, ചന്ദനവേമ്പ്, ചീനി, വെള്ളകിൽ, എബണി തുടങ്ങി 12 ഇനം മരങ്ങളാണ്.
ഈ ഇനം മരങ്ങൾ, പട്ടയ ഉടമയ്ക്ക് പണം അടച്ച് സ്വന്തമാക്കാനോ, മുറിക്കാനോ സാധിക്കില്ല. ജന്മം ഭൂമിയിലാണെങ്കിൽ ഈ ഇനങ്ങളിൽ ചന്ദനം ഒഴികെയുള്ളത് അനുമതിയോടെ മുറിക്കുകയും ചെയ്യാം. അതായത് പട്ടയം നൽകിയ ശേഷം വളർന്നതാണെങ്കിൽ വെട്ടാം. ഒക്ടോബറിലെ റവന്യു ഉത്തരവിൽ 'വൃക്ഷവില അടച്ചതിൽ ചന്ദനം ഒഴികെയുള്ളത് വെട്ടാം' എന്ന് എഴുതിച്ചേർത്തതോടെ, പട്ടയഭൂമിയിലെ ഈട്ടിയും തേക്കുമെല്ലാം വെട്ടാമെന്ന വിലയിരുത്തൽ എത്തി. ഇതു കാണിച്ചാണ് വയനാട്ടിലെ സംഘം വിവിധ പട്ടയ ഉടമകൾക്ക് ചെറിയ തുക അഡ്വാൻസ് നൽകി മരങ്ങൾ വാങ്ങിക്കൂട്ടിയത്.
വനംവകുപ്പിന്റെ പരിശോധനയിൽ ഈ മരങ്ങളൊന്നും വെട്ടാൻ പറ്റുന്ന ഗണത്തിൽ പെടുന്നവയല്ല എന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബറിലെ ഉത്തരവ് പിൻവലിച്ചു കൊണ്ട് റവന്യു വകുപ്പിൽ നിന്ന് ജനുവരി അവസാനം ഇറക്കിയ ഉത്തരവിൽ 'ഷെഡ്യൂൾ ചെയ്ത മരങ്ങൾ വ്യാപകമായി വെട്ടിയെടുത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്' എന്നാണ് കാരണം പറഞ്ഞിരിക്കുന്നത്. ഉത്തരവ് നിയമവിരുദ്ധമെന്ന് ഇതിൽ നിന്നു വ്യക്തം.
വെട്ടിയത് നൂറിലേറെ വർഷം പഴക്കമുള്ള ഈട്ടിമരം
വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ പട്ടയ ഭൂമിയിൽ വളരുന്ന നൂറിലേറെ വർഷം പഴക്കമുള്ള ഈട്ടിമരങ്ങളാണ് വെട്ടിയത്. റവന്യു വകുപ്പ് 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിനെ തുടർന്നാണ് മരംമുറി വ്യാപകമായത്. എറണാകുളത്തേക്കു കടത്തിയ ഈട്ടിത്തടിയെക്കുറിച്ച് മില്ലുടമ വിവരം നൽകിയതിനെ തുടർന്ന് വയനാട്ടിൽ നിന്നെത്തിയ വനപാലകർ ഇതു പിടികൂടുകയായിരുന്നു. കടത്തു സംഘത്തിനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ മറ്റൊരു കേസിൽ കുടുക്കാൻ ഉന്നത ഉദ്യോഗസ്ഥൻ തന്നെ പിന്നീട് രംഗത്തിറങ്ങി. ഇതാണ് മരം കടത്തിയവരുടെ സ്വാധീനം.
1964 ലെ ചട്ടപ്രകാരം കേരളത്തിൽ 15 ലക്ഷത്തോളം ഏക്കർ ഭൂമി പതിച്ചു നൽകിയിട്ടുണ്ടെന്നാണ് കണക്ക്. നാമാത്ര തുകയ്ക്ക് കച്ചവടക്കാർക്കു മരം വിറ്റ ആദിവാസികൾ അടക്കമുള്ളവർ നിയമനടപടികളിൽ കുരുങ്ങിയപ്പോൾ വഴിവിട്ട നീക്കത്തിനു ചുക്കാൻ പിടിച്ച ഉന്നതർ ഇപ്പോഴും കാണാമറയത്താണ്. മേപ്പാടി റേഞ്ച് ഓഫീസർ സമീറിന്റെ ഇടപെടലിൽ മുറിച്ചമരം കണ്ടുകെട്ടിയതോടെ ഈ ഉദ്യോഗസ്ഥനെ തുരത്താനായിരുന്നു മരംലോബിയുടെ ശ്രമം. മേപ്പാടി റേഞ്ചിനു കീഴിലുള്ള മണിക്കുന്ന് മലയിൽ നടന്ന വീട്ടി മരംമുറിയിൽ വനപാലകർക്ക് പങ്കുണ്ടെന്ന, മുട്ടിൽ മരംമുറികേസ് പ്രതികളിൽ ചിലരുടെ ആരോപണത്തെ തുടർന്ന് കോഴിക്കോടുനിന്ന് ഡി.എഫ്.ഒ. തസ്തികയിലുള്ള ഉദ്യോഗസ്ഥൻ വയനാട്ടിലേക്ക് അന്വേഷണത്തിനെത്തിയത് പ്രതികൾ വിട്ടുനൽകിയ സ്വകാര്യ വാഹനത്തിലായിരുന്നു.
ഈ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽ, വനംവകുപ്പ് അനുമതി നൽകിയതിലും കൂടുതൽ കുറ്റി മരങ്ങൾ മുറിച്ചുവെന്നാണ് കണ്ടെത്തിയത്. സൗത്ത് വയനാട് ഡി.എഫ്.ഒ. അടക്കമുള്ളവരുടെ പേര് മണിക്കുന്നുമല മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പരാമർശിച്ചിരുന്നു. റേഞ്ച് ഓഫീസർ സമീറിനെയാണ് ഈ അന്വേഷണത്തിലൂടെ മരംലോബി ലക്ഷ്യമാക്കിയത്. മരംമുറിക്കേസ് വഴിതിരിച്ചുവിടാനും പുകമറ സൃഷ്ടിക്കാനും ചില മാധ്യമ പ്രവർത്തകരെ മുന്നിൽ നിർത്തി മരം ലോബി നീക്കങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്. കേസ് ഒതുക്കാൻ വനംമന്ത്രിയെ പ്രതികൾ എറണാകുളത്ത് സന്ദർശിച്ചെന്ന ആക്ഷേപമാണ് പട്ടികയിൽ ഒടുവിലത്തേത്.
പിന്നിൽ അഗസ്റ്റിൻ സഹോദരങ്ങൾ
വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നും ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും അറസ്റ്റിലായിട്ടുണ്ട്. പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും നൽകിയിരുന്നു. മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ മുൻപേജിൽ ഫുൾപേജ് പരസ്യവും നൽകി. എന്നാൽ, ഈ മാധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. ഇതോടെ സ്വയം കബളിപ്പിക്കപ്പെട്ട മാധ്യമങ്ങളും മൗനത്തിലായി. മാധ്യമങ്ങളെ അടക്കം പണം കൊടുക്കാതെ കബളിപ്പിക്കുകയും സംസ്ഥാനത്തുടനീളം നിരവധി പേരെ പറ്റിക്കകുകയും ചെയ്ത ആളുകളാണ് ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും. ലക്ഷങ്ങളുടെ പരസ്യങ്ങൾ നൽകിയതിനാൽ ഈ തട്ടിപ്പുകൾ ആരും വാർത്തയാക്കിയില്ല. ഈ ഘട്ടത്തിലാണ് മറുനാടൻ ഈ ഗ്രൂപ്പിന്റെ കള്ളത്തരം പുറത്തു കൊണ്ടു വന്നത്. ദക്ഷിണ കൊറിയയിലും ചൈനയിലുമായി 10,000 കോടിയുടെ മൊബൈൽ ഫാക്ടറി തുടങ്ങിയെന്നതും കള്ളമാണെന്ന് തെളിഞ്ഞു.
ഇതിനിടെ വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത ഫോൺ മാംഗോ ഫോണെന്ന് പറഞ്ഞ് ഫോൺ പുറത്തിറക്കി. ഫോണിന്റെ ലോഞ്ചിങ് ദിവസം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ തന്നെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം നൽകി. പക്ഷെ ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെ തുടർന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന എം ഫോൺ ലോഞ്ചിങ് ചടങ്ങിൽ വച്ച് കമ്പനി ഉടമകളായ ജോസ് കുട്ടി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും പൊലീസ് അറസ്റ്റു ചെയ്യകയായിരുന്നു. ഇതോടെ ലോഞ്ചിങ് കുളമായി. പിന്നീട് ദുബായിൽ ലോഞ്ചിങ് നടത്തി മുഖം രക്ഷിക്കാൻ ശ്രമിച്ചു. പിന്നീട് രാഷ്ട്രീയത്തിൽ ചുവടു വച്ച് വിശുദ്ധനാകാനുള്ള നീക്കം നടത്തി.
വയനാട്ടിൽ തുഷാറിന്റെ ബിഡിജെഎസിന് വലിയ സ്വാധീനമോ നേതാക്കളോ ഇല്ല. ഇത് മനസ്സിലാക്കി ആന്റോ അഗസ്റ്റിൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തിയതോടെ തുഷാറിന് തന്നെ ഇവിടെ മത്സരിക്കേണ്ടി വന്നു. അന്ന് തുഷാറിനൊപ്പം ആന്റോയും പ്രചരണത്തിൽ സജീവമായി. പിന്നീട് കേരളാ കോൺഗ്രസ് പിസി തോമസ് പക്ഷത്തേക്ക് മാറി. ഇടതുപക്ഷ സർക്കാരിനെതിരെ സമരത്തിലും ഭാഗമായി.
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് മർദ്ദിച്ചു, ജപ്തി കഴിഞ്ഞപ്പോൾ ഡ്രൈവറെ ജീപ്പിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചു
നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വയനാട്ടിലെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തതിന് മാംഗോ മുതലാളിമാർ അറസ്റ്റിലായിരുന്നു. ഇവരെ അറസ്റ്റു ചെയ്ത ശേഷം വീണ്ടും ജപ്തി നടപടികൾ ഉദ്യോഗസ്ഥർ പിന്നീട് പൂർത്തിയാക്കുകയും ചെയ്തു. അതിന്റെ അഗസ്റ്റിൻ സഹോദരന്മാരുടെ കലി മുഴുവൻ ജപ്തിക്ക് ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊണ്ടുപോയ പാവപ്പെട്ട ഒരു പിക്ക്അപ്പ് ഡ്രൈവർക്കെതിരെയാണ് ഉണ്ടായത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് വീട്ടിലെ സാധനങ്ങൾ കൊണ്ടുപോയ മുഹമ്മദ് ഷെജീദിനെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്ന കാണിച്ച് ഷെജീദ് പൊലീസിൽ പരാതി നൽകിയിരുന്നു. ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് ഷെജീദിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
2016 സെപ്റ്റംബറിലാണ് സ്വദേശിയായ ഷെജീദിനെതിരെ വധശ്രമം ഉണ്ടായത്. വൈകീട്ട് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് പോകുന്ന സമയതതാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ജീപ്പിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. കെഎൽ. 60.ബി 7331 ജീപ്പിലെത്തിയാണ് ആന്റോ സഹോദരന്മാർ ഷെജീദിനെ ആക്രമിച്ചത്. നാല് പേർ ജീപ്പിലുണ്ടായിരുന്നു. ആന്റോ അഗസ്റ്റിനായിന്നു ഈ സമയം ജീപ്പോടിച്ചിരുന്നതെന്നാണ് ഷെജീദ് നൽകിയ പരാതിയിൽ പറയുന്നത്. ബൈക്കിൽ ഇടിക്കുമെന്ന് ഉറപ്പായതോടെ ഷെജീദ് സൈഡിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. വീഴ്ച്ചയിൽ യുവാവിന് പരിക്കും പറ്റി. തന്റെ അമ്മാവൻ കുഞ്ഞു മൊയ്തീനോട് തന്നെ തട്ടിക്കളയുമെന്ന് ജോസുകുട്ടി അഗസ്റ്റിൻ ഭീഷണിപ്പെടുത്തിയതായും ഷെജീദ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 30ാം തീയതി ആന്റോ അഗസ്റ്റിന്റ് വീട് ഡെപ്യൂട്ടി തഹസിൽദാരും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് ജപ്തിയ ചെയ്തപ്പോൾ സാധനങ്ങൾ കൊണ്ടുപോയത് ഷെജീദിന്റെ വാഹനത്തിലായിരുന്നു. അന്ന് തന്നെ വീട്ടിൽ കയറിയ ഷെജീദിനെ വെറുതേ വിടില്ലെന്ന് മാംഗോ മുതലാളിമാർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. നേരത്തെ ജപ്തിക്കെത്തിയപ്പോൾ മാംഗോ മുതലാളിമാർ സ്ഥലത്ത് വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. ഉദ്യോഗസ്ഥരെ പൂട്ടിയിട്ടും സഹായികളെ കൂട്ടി ഉദ്യോഗസ്ഥരെ കായികമായി നേരിട്ട മാംഗോ മുതലാളിമാരെ അടക്കി നിർത്താൻ വലിയ പൊലീസ് സന്നാഹവും സ്ഥലത്തെത്തുകയുമുണ്ടായി. നാല് വനിതാ പൊലീസുകാരടക്കം ആറ് പൊലീസുകാർക്കും റവന്യു ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ ആന്റോ അഗസ്റ്റിൻ, അമ്മ ഇത്താമ്മ അഗസ്റ്റിൻ, ടെസ്സി റോജി , ഇവരുടെ സഹായികളായ രമേഷ് , ചന്ദ്രൻ , ജനാർദനൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു.
മീനങ്ങാടി, കമ്പളക്കാട് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരായ രജിത, സുലോചന, ഐഷ, ഐഷാബി എന്നിവർക്കും ജോസഫ്, ബാബുരാജ് എന്നീ സീനിയർ സിവിൽ പൊലീസ് ഓഫിസർമാർക്കുമാണ് പരിക്കേറ്റത്. നേരത്തെ നടത്തിയ കാർ ബിസിനസ്സുമായി ബന്ധപ്പെട്ടാണു വാണിജ്യനികുതി കുടിശ്ശികയായത്. കാർഷിക നികുതിയും കുടിശ്ശികയുണ്ടായിരുന്നു. നിരവധി തവണ നോട്ടീസ് നൽകിയിട്ടും തുക അടക്കാത്തതിനാലാണു ജപ്തി നടപടികളിലേക്കു നീങ്ങിയത്. സംഘം വീട്ടുമുറ്റത്ത് കടന്നയുടൻ വീട്ടുകാർ ഗേറ്റ് പൂട്ടി ആക്രമി ക്കുകയായിരുന്നു. പിന്നീടു കമ്പളക്കാട് സ്റ്റേഷനിൽനിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഗേറ്റിന്റെ പൂട്ടു തകർത്താണ് അന്ന് റവന്യു, പൊലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. തുടർന്ന് ആന്റോ അഗസ്റ്റിയനെ അറസ്റ്റ് ചെയ്തു. പൊലീസ് ജീപ്പിൽ ഇയാൾ പൊലീസുകാരെ ആക്രമിക്കുകയും വയർലെസ് സെറ്റ് തകർക്കുകയും ചെയ്തിരുന്നു.
കേരളത്തിന് അകത്തും പുറത്തുമായുണ്ടായിരുന്നത് നിരവധി കേസുകൾ
കൂടാതെ നിരവധി ബാങ്കുകളെയും കബളിപ്പിച്ചതിന് ഇവർക്കെതിരെ കേസുണ്ടായിരുന്നു. കൂടാതെ ക്രിമിനൽ കേസുകളും ഇവർക്കെതിരെയുണ്ട്. ഇങ്ങനെയുള്ള ഭൂതകാലം ഉള്ളവരാണ് സച്ചിൻ ടെണ്ടുൽക്കറെയും അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡർമാരാക്കി മൊബൈൽ ഫോൺ കമ്പനിയുണ്ടാക്കിയെന്ന് അവകാശപ്പെടുന്നത്. മറുനാടൻ മലയാളി അന്ന് നടത്തിയ അന്വേഷണത്തിലാണ് മാംഗോ മൊബൈൽ കമ്പനി ഉടമകളായ റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ എന്നവരുടെ പേരിൽ പ്രമുഖ ബാങ്കുകളെ പോലും കബളിപ്പിച്ച കേസിൽ നിയമ നടപടി നേരിടുന്നവരാണെന്ന് വ്യക്തമായത്.
ഒരുകാലത്ത് ഒരു പ്രമുഖ ചാനലിൽ ഏറ്റവും കൂടുതൽ പരസ്യം നൽകി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടോഴ്സ് കമ്പനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഏഷ്യൻ മോട്ടോഴ്സിന്റെ പരസ്യങ്ങൾ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. ഒരു ചാനലിന്റെ സ്ഥിരം പരസ്യദാതാക്കളായിരുന്നു ഇവർ. ഇങ്ങനെ പരസ്യങ്ങളിൽ നിറഞ്ഞു നിന്ന ഈ കമ്പനിക്ക് ഇപ്പോൾ എന്തു സംഭവിച്ചു എന്നുപോലും ആർക്കും അറിവില്ല. ഈ കമ്പനിയെ കൂടാതെ ഏഷ്യൻ ടിമ്പർ ഡിപ്പോ, ഏഷ്യൻ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് കേസുകളാണ് സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉള്ളത്.
2014ൽ ഇവരുടെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഏഷ്യൻ മോട്ടേഴ്സ് എന്ന കമ്പനിക്കും ഡയറക്ടർമാരിൽ ഒരാളായ ആന്റോ ആഗസ്റ്റിനും എതിരായി കേരള ഹൈക്കോടതിയിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. കളമശ്ശേരി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും ഇവരുടെ സ്ഥാപനത്തിലേക്ക് വിൽപ്പനക്കായുള്ള വണ്ടികൾ വാങ്ങാനുള്ള ലോണിനായി ഒരു പ്രോപ്പർട്ടി ജാമ്യം കാണിച്ചു കോടികൾ വായ്പ്പയെടുത്തു. ഇതോടൊപ്പം ജാമ്യമായി കൊടുത്ത അതേ പ്രോപ്പർട്ടി ജാമ്യം വച്ചു ബാങ്ക് ഓഫ് ബറോഡയിൽ നിന്നും ഇവർ ലോൺ എടുക്കുകയുമായിരുന്നു. ഫലത്തിൽ രണ്ട് ബാങ്കുകളെ മനപ്പൂർവ്വം കബളിപ്പിക്കാൻ ശ്രമിച്ചെന്നതായിരുന്നു ഇവരുടെ പേരിലുള്ള കുറ്റം. ജാമ്യം കൊടുത്ത വണ്ടികൾ തന്നെ റീസെയിലിന് വേണ്ടി വാങ്ങിയതാണെന്നും ബാങ്കുകൾക്ക് വ്യക്തമായിരുന്നു. ഈ കേസ് ഹൈക്കോടതി വരെയാണ് മാംഗോ മൊബൈൽസ് ഉടമകളെ എത്തിച്ചത്.
പിണറായിയേയും സച്ചിനേയും ബച്ചനേയും പറ്റിച്ചു
നടനും ഇടതു എംഎൽഎയുമായ മുകേഷിന്റെ ബന്ധുക്കളെ മുന്നിൽ നിർത്തി പിണറായിയെ ചതിക്കാനും നീക്കം നടത്തി. മുകേഷിന്റെ ബന്ധുവിന്റെ സ്ഥാപനം എന്ന നിലയിൽ ഓൺലൈൻ പത്രത്തിന്റെ ഉദാഘാടനത്തിന് വരാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഏൽക്കുകയും ചെയ്തു. അതിനിടയിൽ ആവേശം കയറിയ സഖാക്കൾ അഗസ്റ്റിൻ സഹോദരന്മാർ നേരിട്ട് പത്രക്കാരോടും മറ്റും തന്റെ ഓൺലൈൻ പത്രത്തെക്കുറിച്ച പറഞ്ഞതായും ആവരെ ക്ഷണിച്ചതുമാണ് പുലിവാലായത്. ഇവർ നേരിട്ട് രംഗത്തിറങ്ങി പത്രക്കാരെ ക്ഷണിക്കാൻ തുടങ്ങിയതോടെ വിവരം മുഖ്യമന്ത്രിയുടെ ചെവിയിൽ എത്തുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു ഇത്.
ആദിവസം എറണാകുളത്തെ മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി ഈ ഉദ്ഘാടനം ആയിരുന്നു. അഗസ്റ്റിൻ സഹോദരന്മാരാണ് ഇതിന്റെ പിന്നിലെന്ന വിവരം ലഭിച്ച മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം തലേന്നു രാത്രിയിൽ ഇന്റലിജൻസ് റിപ്പോർട്ട് നൽകിയതോടെ അവസാന നിമിഷം പിണറായിയ പിന്മാറുകയാിരുന്നു. വിവരം മറച്ചുവച്ചതിന് മുകേഷിനോട് മുഖ്യമന്ത്രി നീരസം പ്രകടിപ്പിക്കുകയും ചെയ്തു. മാംഗോ ഫോണുമായി ബന്ധപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ അവകാശപ്പെട്ടത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് പേരുകളായ അമിതാഭ് ബച്ചനും സച്ചിൻ ടെണ്ടുൽക്കറും തങ്ങളുടെ ബ്രാൻഡ് അംബാസിഡർമാരാണ് എന്നായിരുന്നു.
അന്ന് പത്രവാർത്തകൾ കണ്ട് അമിതാഭ് ബച്ചനെയും സച്ചിൻ തെണ്ടുൽക്കറുടെയും ഓഫീസുകളുമായി മറുനാടൻ ബന്ധപ്പെടുകയുണ്ടായി. മുംബൈയിൽ അറിയപ്പെടുന്ന ബിസിനസ്സ് ജേർണലിസ്റ്റുകളും ഇക്കാര്യത്തിൽ ഞങ്ങളെ സഹായിച്ചു. സച്ചിന്റെ ഓഫീസിൽ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നാണ് അറിയിച്ചത്. സച്ചിൻ സംഗതി അറിഞ്ഞില്ലെങ്കിലും അമിതാബ് ബച്ചന്റെ ഓഫീസ് ചർച്ച നടത്തിയ കാര്യം തള്ളിയതുമില്ല. കൊച്ചിയിലെ പുഷ് എന്ന ഏജൻസി വഴി അമിതാബ് ബച്ചന്റെ ഓഫീസ് മാംഗോ ഫോണുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഒമ്പത് കോടി രൂപയാണ് അമിതാബിന് നൽകാമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റത്. അഡ്വാൻസായി 1.9 കോടിയുടെ ചെക്കും നൽകി. എന്നാൽ അമിതാബിന്റെ ഓഫീസ് ഈ ചെക്ക് സമർപ്പിച്ചപ്പോൾ പണം ഇല്ലാത്തതുകൊണ്ട് അത് മടങ്ങുകയാണ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ