- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകരയ്ക്ക് ബദൽ മുട്ടിൽ! ഈട്ടിമരം മുറി അന്വേഷണത്തിൽ കേന്ദ്ര ഏജൻസിയെ എത്തിക്കാൻ ബിജെപി നീക്കം; കേന്ദ്ര വനം മന്ത്രിയെ സുരേന്ദ്രൻ കാണുന്നത് സിബിഐ അന്വേഷണ ലക്ഷ്യത്തിൽ; മരംമുറിയിലെ അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിയും; മുഖ്യപ്രതി റോജി അഗസ്റ്റിൻ; മാംഗോ മുതലാളിമാരെ അറസ്റ്റ് ചെയ്യാതെ കള്ളക്കളിയും
കോഴിക്കോട്: മുട്ടിൽ മര കൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിൻ. എല്ലാ സഹായവും ചെയ്തു കൊടുത്തത് സഹോദരൻ ആന്റോ അഗസ്റ്റിനും. അതിനിടെ മുട്ടിൽ മരംമുറിയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളെ എത്തിക്കാനും നീക്കമുണ്ട്. ബിജെപിയാണ് ഈ നീക്കത്തിന് പിന്നിൽ. മുട്ടിൽ മരം മുറിയിൽ സിബിഐ അന്വേഷണത്തിനാണ് ശ്രമം. വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദേദ്കറിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പരാതി നൽകും.
നേരത്തെ മുട്ടിൽ മരം മുറിയിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് കേന്ദ്ര വനം മന്ത്രാലയത്തെ ഇടപെടിപ്പിക്കാനുള്ള ശ്രമം. കൊടകര കേസിൽ ബിജെപിയെ കേരളാ പൊലീസ് പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയെ കൊണ്ടു വരാനുള്ള നീക്കം. കേസിലെ പ്രതികളായ റോജി അഗസ്റ്റിനേയും ആന്റോ അഗസ്റ്റിനേയും ഇനിയും പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല.
മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് കേസിലെ പ്രതികളിൽ ഒരാളായ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിലെത്തിയത്.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നതർക്ക് ബന്ധമുണ്ടെന്നും മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതൊടൊപ്പം വനംവകുപ്പിന്റെ അന്വേഷണം മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. ഇത് അംഗീകരിച്ചുകൊണ്ടാണ് സ്റ്റേ ആവശ്യം നിരസിച്ചിരിക്കുന്നത്.
വയനാട്ടിൽ മാത്രം 37 കേസുകൾ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരൻ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊള്ള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയിൽ നിന്നും ഇയാൾ മരങ്ങൾ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിൻ ഒളിവിലാണ്.
2020 ഒക്ടോബർ 24ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വനവാസി-പിന്നാക്ക വിഭാഗങ്ങളുടെ പട്ടയഭൂമിയിൽ നിന്ന് 10 കോടിയുടെ 101 ഈട്ടി മുറിച്ചു കടത്തിയത്. തടി കടത്താൻ 14 അപേക്ഷകൾ മേപ്പാടി റേഞ്ച് ഓഫീസിൽ ലഭിച്ചു. മുട്ടിൽ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് അപേക്ഷ നൽകിയത്. ഇവർക്ക് റേഞ്ച് ഓഫീസർ കെ. ബാബുരാജ് അനുമതി നിഷേധിച്ചു.
ഭീഷണപ്പെടുത്തിയിട്ടും ബാബുരാജ് അനുമതി നൽകിയില്ല. ഡിസംബറിൽ ബാബുരാജ് വിരമിച്ചു. ജനുവരിയിൽ ചുമതലയേറ്റ സമീർ എം.കെ.യും അനുമതി നിഷേധിച്ചു. പക്ഷെ തടി പെരുമ്പാവൂരിലേക്ക് കടത്തി. 2021 ഫെബ്രുവരി മൂന്നിന് തടികൾ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയതായി വിവരം ലഭിച്ചതിനെതുടർന്ന് ഫെബ്രുവരി എട്ടിന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പെരുമ്പാവൂരിൽ ചെന്ന് തടികൾ പിടിച്ചെടുത്തു.
എന്നാൽ, അന്ന് കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി. സാജൻ പ്രതികൾക്കനുകൂലമായും, റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കും ഡിഎഫ്ഒക്കും എതിരായും നിലപാട് സ്വീകരിച്ചു. സാജനെതിരെ നടപടി സ്വീകരിക്കണമെന്ന ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടിലും നടപടിയുണ്ടായിട്ടില്ല. സാജനാണ് മുട്ടിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. ഒരു മാധ്യമ പ്രവർത്തകനും പിന്തുണയുമായി ഉണ്ടായിരുന്നു.
പതിച്ചു നൽകുന്ന സമയത്ത് വൃക്ഷവില അടച്ച് ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകനു മുറിച്ചെടുക്കാമെന്നും കർഷകനെ തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു വിവാദ ഉത്തരവ്. തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ ഇപ്രകാരം മുറിക്കാനാവില്ല എന്നിരിക്കെ ആയിരുന്നു ഇത്തരമൊരു ഉത്തരവ്. 2021 ഫെബ്രുവരി രണ്ടിന് വിവാദ ഉത്തരവ് റദ്ദാക്കി. പക്ഷെ, മരംമുറിയുമായി ബന്ധപ്പെട്ട് 42 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റുണ്ടായില്ല. പ്രതികളിൽ ഒരാൾക്ക് നിക്ഷേപമുണ്ടെന്ന് കരുതുന്ന ചാനലിലെ പ്രമുഖൻ മധ്യസ്ഥനായി ഇടനില ശ്രമങ്ങളും നടന്നു.
പ്രതികൾ മന്ത്രിയെ കണ്ടുവെന്നും കൂടിക്കാഴ്ച നടത്തിയെന്നും ആക്ഷേപമുയർന്നതോടെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതിരോധത്തിലായി. വനം വകുപ്പ് മേധാവിയോട് മന്ത്രി റിപ്പോർട്ടാവശ്യപ്പെട്ടു. തൃശൂർ, പാലക്കാട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലും മരംകൊള്ള നടന്നുവെന്ന് മനസ്സിലാക്കിയ മന്ത്രി തനിക്കിതിൽ പങ്കില്ലെന്ന് നിയമസഭയിൽ തുറന്നടിച്ചു. താൻ മെയ് 20 നാണ് വന്നതെന്നും തെരഞ്ഞെടുപ്പ് കാലത്താണ് ഇത് നടന്നതെന്നും മന്ത്രി പറഞ്ഞു. ഇതോടെ സിപിഐ മന്ത്രിമാർ പ്രതിക്കൂട്ടിലായി.
മറുനാടന് മലയാളി ബ്യൂറോ