മസ്‌കത്ത്: റമ്ദാൻ സമയത്ത് സർവ്വീസുകൾ കൂടുതൽ സുഗമമാക്കാൻ മുവാസലത്ത്. റമദാനിൽ മസ്‌കത്തിലെ റൂട്ടുകളിൽ അർധരാത്രി വരെ സർവിസ് നടത്താനും സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റംവരുത്താനുമാണ് തീരുമാനം.

രാവിലെ 6.30ന് സർവിസ് ആരംഭിക്കുന്നതിനൊപ്പം ഓരോ 15, 20 മിനിറ്റുകളിൽ ബസ് ലഭ്യമാകുന്ന വിധത്തിലായിരിക്കും സമയക്രമം. മസ്‌കത്ത് ഗവർണറേറ്റിന് പുറത്തേക്കുള്ള സർവിസുകളിലെ ആളുകളുടെ ടിക്കറ്റ് നിരക്കിലും ഷിപ്പിങ് സർവിസ് ഫീസിലും 20 ശതമാനം ഇളവ് നൽകുമെന്നും ദേശീയ പൊതുഗതാഗത കമ്പനി അറിയിച്ചു.

റമദാനിൽ യാത്രാസൗകര്യം സുഗമമാക്കുക ലക്ഷ്യമിട്ടാണ് മറ്റു ഗവർണറേറ്റുകളിലേക്കുള്ള സർവിസിന് 20 ശതമാനം നിരക്കിളവ് ഏർപ്പെടുത്തിയത്. റമദാനിലെ ജോലിക്കാരുടെ സമയക്രമം കണക്കിലെടുത്ത് മസ്‌കത്തിൽനിന്ന് ബർക്ക, സമാഈൽ, റുസ്താഖ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മറ്റ് സർവിസുകളുടെ സമയക്രമത്തിൽ മാറ്റമൊന്നുമില്ല.