- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷെഡിന് സമാനമായ ചെറിയ വീട്; 20 വർഷമായിട്ടും തേയ്‌പ്പ് ഇനിയും പൂർത്തിയായിട്ടില്ല; വീട്ടിൽ ആകെയുള്ള ആഡംബരം ഒരു ടി വി മാത്രം; അജേഷും കുടുംബവും കഴിഞ്ഞത് തീർത്തും ദുരിത പൂർണമായ സാഹചര്യത്തിൽ; നേരിട്ടതിന്റെ ഞെട്ടൽ മാറാതെ കുഞ്ഞുങ്ങളും; പായിപ്രയിൽ മറുനാടൻ കണ്ട കാഴ്ച്ചകൾ
മൂവാറ്റുപുഴ: പ്രധാന റോഡിൽ നിന്നും ആരംഭിക്കുന്ന കോൺക്രീറ്റ് റോഡ്. വളഞ്ഞും പുളഞ്ഞും എത്തി അവസാനിക്കുന്നത് എസ് സി കോളനിയിൽ. റോഡിൽ നിന്നും ചെറിയ ഇറക്കം ഇറങ്ങി പാറക്കല്ലുകൾക്കു മുകളിലൂടെ വേണം വീട്ടിലെത്താൻ. വീടെന്ന് പറയാമെന്നെയുള്ളു, കാര്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത ഷെഡ് എന്നേ പറയാൻ ആകൂ. ആ വീട്ടിൽ ആകെയുള്ള ആഡംബരം ഒരു ടിവി മാത്രം. പണി തീർന്നിട്ട് 20 വർഷം പിന്നിട്ടെങ്കിലും തേയ്‌പ്പ് ഇനിയും പൂർത്തിയായിട്ടില്ല. സൗകര്യം കൂട്ടിയിട്ടുള്ളതാവട്ടെ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയും.
ഇന്നലെ മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് ജപ്തി ചെയ്ത പായിപ്ര വല്യപറമ്പിൽ അജേഷിന്റെ വീടിനെക്കുറിച്ച് ഒറ്റനോട്ടത്തിൽ പറയാവുന്നത് ഇതൊക്കെയാണ്. തീർത്തും ദരിദ്രപൂർണമായ സാഹര്യത്തിലായിരുന്നു ആ കുടുംബം കഴിഞ്ഞിരുന്നത്. ഇതിൽ നിന്നുതന്നെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനകകൾ വ്യക്തമാകും. പുറത്തറിയുന്നതിനേക്കാൾ മോശമാണ് കുടുംബത്തിന്റെ നിലവിലെ ജീവിത സാഹചര്യമെന്നും കൈത്താങ്ങാകേണ്ട ബാങ്കിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം തങ്ങളാരും പ്രതീക്ഷിച്ചില്ലന്നുമാണ് അടുത്ത ബന്ധുക്കളുടെയും പരിസരവാസികളുടെയും നേർസാക്ഷ്യവും.
അജേഷിന്റെ മക്കളായ നന്ദനയും നന്ദിതയും നന്ദശ്രീയും മാത്രം വീട്ടിലുള്ളപ്പോൾ ജപ്തി നടപടി പൂർത്തിയാക്കി സ്ഥലംവിട്ട ബാങ്ക് ജീവനക്കാരുടെയും പൊലീസിന്റെയും നടപടി മാത്യുകുഴൽ നാടൻ എംഎൽഎയാണ് പുറത്തുകൊണ്ടുവന്നത്. വൈകിട്ടോടെ വിവരമറിഞ്ഞ് എംഎൽഎ അജേഷിന്റെ വീട്ടിലെത്തുകയും ഏറെ നേരത്തെ ചർച്ചകളിലും ഇടപെടലുകളിലും പ്രശ്നം രമ്യതയിൽ പരിഹരിക്കാനാവാത്തതിനെത്തുടർന്ന് താഴ് പൊളിച്ച് കുട്ടികൾക്ക് വീടിനുള്ളിൽ പ്രവേശിക്കുന്നതിന് സാഹചര്യം ഒരുക്കുകയുമായിരുന്നു.
കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ എംഎൽഎ കുട്ടികളെ ആശ്വസിപ്പിച്ച്, വേണ്ടത് ചെയ്യാമെന്നും പറഞ്ഞാണ് മടങ്ങിയത്. രാവിലെ മാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെ സംഭവം ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴി തുറന്നു. എംഎൽഎ സംഭവം രാഷ്ട്രീയവൽക്കരിച്ചു എന്ന തരത്തിലാണ് രാവിലെ ബാങ്ക് പ്രസിഡന്റും കേരളബാങ്ക് ചെയർമാനുമായ ഗോപി കോട്ടമുറിക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയോടെ കുടുംബത്തിന് പുതിയ വീട് നിർമ്മിച്ചുനൽകുമെന്നും കടബാദ്ധ്യത തീർക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ സാമൂഹിക മാധ്യമം വഴി പ്രഖ്യപിച്ചു.വിമർശകരുടെ വായടപ്പിക്കുന്നതായി എം എൽ എയുടെ ഈ പ്രഖ്യാപനം എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
'ആവശ്യമുള്ളതെല്ലാം എടുത്ത് പുറത്തിറങ്ങാൻ പറഞ്ഞു'
എംഎൽഎയുടെ പ്രഖ്യാപനം രോഗത്തോട് മല്ലടിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽക്കഴിയുന്ന അജേഷിന് വലിയൊരളവിൽ ആശ്വസമായിട്ടുണ്ട്. കുറച്ച് സാവകാശം കിട്ടിയാൽ ബാങ്കിന്റെ കുടിശിക തീർക്കുമെന്ന് രാവിലെ മറുനാടനുമായി സംസാരിക്കവെ അജേഷ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്നലത്തെ സംഭവത്തിന്റെ ഞെട്ടലിൽ ആണ് കുഞ്ഞുങ്ങുലും. ആവശ്യമുള്ളതെല്ലാം എടുത്ത് വേഗം പുറത്തിറങ്ങാനാണ് ബാങ്കിൽ നിന്നെത്തിയവർ കുട്ടികളോടായി പറഞ്ഞത്. അവർ വല്ലാതെ ഭയന്നുപോയി.
അച്ഛനും അമ്മയും ഇവിടെ ഇല്ലന്നും ആശുപത്രിയിലാണെന്നും ഞങ്ങളെ ഇറക്കി വിടരുതെന്നും കരഞ്ഞുപറഞ്ഞിട്ടും അവർ വീടും പൂട്ടി താക്കോലുമായി സ്ഥലം വിട്ടു. പിന്നെ മെമ്പറും എം എൽ എയുമൊക്കെ വരുന്നവരെ പേടിച്ച് വീടിന് പുറത്തിരിക്കുകയായിരുന്നു. വീട് ജപ്തി ചെയ്യാൻ മൂവാറ്റുപുഴ അർബൻ ബാങ്കിൽ നിന്നും പൊലീസിനെയും കൂട്ടി ഉദ്യഗസ്ഥരെത്തിയ അവസരത്തിൽ വീട്ടിൽ നടന്നത് എന്തെല്ലാമായിരുന്നെന്ന് വിവരിക്കുകയായിരുന്നു,പായിപ്ര വല്യപറമ്പിൽ അജേഷിന്റെ മക്കളായ നന്ദനയും നന്ദിതയും.
ഇരട്ട സഹോദരിമാരായ ഇരുവരും ഏഴാം ക്ലാസ് വിദ്യാർത്ഥിനികളാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവരുടെ സഹോദരി നന്ദശ്രീയും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംഭവം കുട്ടികളിൽ വലിയ മാനസീക വിഷമമാണ് സൃഷ്ടിച്ചതെന്നും ഇപ്പോഴും അവർ ഇന്നലത്തെ സംഭവങ്ങളുടെ ആഘാതത്തിൽ നിന്നും മുക്തരായിട്ടില്ലന്നും ബന്ധുക്കൾ മറുനാടനോട് വ്യക്തമാക്കി.
എന്തുനടപടിയും നേരിടാൻ തയ്യാറെന്ന് മാത്യു കുഴൽനാടൻ
മാതാപിതാക്കൾ ഗുരുതരരോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുമ്പോൾ, മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കുട്ടികളുടെ നിസ്സഹായാവസ്ഥ കണ്ടാണ് വീടിന്റെ വാതിൽ തകർത്ത് കുട്ടികളെ പുനരധിവസിപ്പിച്ചതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ഇതിന്റെ പേരിൽ എന്തുനടപടി വന്നാലും നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പായിപ്ര സ്വദേശി അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്.
സർഫാസി നിയമത്തിന്റെ പേരിൽ 12 വയസ്സിന് താഴെയുള്ള മൂന്ന് പെൺകുട്ടികളെയും ഒരാൺകുട്ടിയെയും മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്ന സമയത്ത് വീട് ജപ്തി ചെയ്ത് പുറത്തിറക്കിവിടാൻ കഴിയില്ല. ഇവിടെ മാനുഷിക പരിഗണനയാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടായില്ല. ബാങ്കിൽനിന്ന് എത്തിയവരോട് അയൽവാസികൾ അടക്കമുള്ളവർ മാതാപിതാക്കൾ ആശുപത്രിയിലാണെന്നും സാവകാശം നൽകണമെന്നും പറഞ്ഞിരുന്നു. വിവരം അറിഞ്ഞ് എത്തിയ പഞ്ചായത്ത് മെമ്പർ 10 ദിവസത്തെ സാവകാശവും ചോദിച്ചു.
എന്നാൽ, കുട്ടികളെ ഇറക്കിവിട്ടശേഷം പിൻവാതിൽ ഇല്ലാതിരുന്ന വീടിന് ആക്രിക്കടയിൽനിന്ന് എത്തിച്ച താൽക്കാലിക വാതിൽ സ്ഥാപിച്ചശേഷം, മുൻവാതിൽ പൂട്ടി സീൽ ചെയ്യുകയായിരുന്നെന്ന് എംഎൽഎ പറഞ്ഞു. നാല് കുട്ടികളുടെയും പാഠപുസ്തകങ്ങൾ മാത്രം എടുക്കാനാണ് അനുവദിച്ചത്. വിവരമറിഞ്ഞ് എത്തിയ താൻ ബാങ്കിന്റെ ഉത്തരവാദപ്പെട്ടവരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ഉടൻ താക്കോലുമായി എത്തുമെന്ന് അവർ അറിയിച്ചെങ്കിലും എത്തിയില്ല. തുടർന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പൂട്ട് പൊളിച്ച് കുട്ടികളെ പുനരധിവസിപ്പിച്ചത്. താൻ ഇത് രാഷ്ടീയവത്കരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.