തൃശൂർ : അഞ്ചുവർഷത്തിനകം കേരളത്തെ സമ്പൂർണ ശുചിത്വ നാടാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഉറവിട മാലിന്യത്തിനൊപ്പം കേന്ദ്രീകൃത ശാസ്ത്രീയ മാലിന്യപദ്ധതികൾ നടപ്പാക്കും. ജനങ്ങളെ ബോധവൽക്കരിച്ച് സുതാര്യമായി നടപ്പാക്കാനാവണം. നാലായിരം കോടികൂടി അമൃത് പദ്ധതിപ്രകാരം ലഭിക്കും. ഇതിൽ ശുചിത്വപദ്ധതികൾക്ക് മുൻഗണന നൽകും. 26 കോടി ചെലവിൽ കോർപറേഷനിൽ പൂർത്തിയാക്കിയ അമൃത് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂമി വാങ്ങി മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിച്ചശേഷമായിരിക്കണം കേന്ദ്രങ്ങളിലേക്ക് മാലിന്യങ്ങൾ എത്തിക്കേണ്ടത്. ശാസ്ത്രീയ സംവിധാനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനാവണം. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ സാമൂഹ്യ ശുചിത്വ അവബോധവും വളർത്തിയെടുക്കണം. കോർപറേഷനിൽ അമൃത് പദ്ധതികൾക്ക് അതിവേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ റവന്യുമന്ത്രി കെ രാജൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. മേയർ എം കെ വർഗീസ് അധ്യക്ഷനായി.