- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി അദ്ധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിക്കൽ; ഡി.വൈ.എഫ്.യുടെ സ്ഥാപക അംഗവും ആദ്യ സംസ്ഥാന പ്രസിഡന്റും; തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്കുള്ള മൂന്നാം വരവ് മന്ത്രിയായി; സിപിഎമ്മിന്റെ താത്വിക മുഖമായി മാറിയ കായികാധ്യാപകൻ ഇനി പിണറായി മന്ത്രിസഭയിൽ 'രണ്ടാമൻ'
തിരുവനന്തപുരം: പഠിച്ചതും പഠിപ്പിച്ചതുമൊക്കെ കായികമാണെങ്കിലും രാഷ്ട്രീയത്തിൽ ആ വഴിക്കു പോകാതെ താത്വികം മാത്രം പറയുന്നൊരു രാഷ്ട്രീയ നേതാവ്. പതിനെട്ടടവും പോരാതെ വരുന്നിടങ്ങളിൽ ചിലപ്പോഴൊക്കെ പാർട്ടി പയറ്റുന്ന ആ പത്തൊൻപതാം അടവാണ് എം വി ഗോവിന്ദൻ. സിപിഎമ്മിന്റെ താത്വിക മുഖമായി മാറിയ ആ കായികാധ്യാപകൻ ഇനി പിണറായി മന്ത്രിസഭയിലെ 'കരുത്തുറ്റ' മന്ത്രിയാകും.
തോമസ് ഐസകും, കെ കെ ശൈലജയും, ജി സുധാകരനുമടക്കം 'പഴയ' മുഖങ്ങളെ പാർട്ടി ഗാലറിയിൽ ഇരുത്തിയതോടെ ഇത്തവണ അധികാരത്തിന്റെ കളത്തിലിറങ്ങി കരുത്ത് തെളിയിക്കാൻ മന്ത്രിസഭയിലെ രണ്ടാമനായാണ് തളിപ്പറമ്പിൽ നിന്നും എം വി ഗോവിന്ദൻ മാസ്റ്റർ എത്തുന്നത്.
എൽ.ഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ അദ്ദേഹം മന്ത്രിസഭയിലെത്തുമെന്നതും നേരത്തെ തന്നെ ഉറപ്പായിരുന്നു. സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായ എം വി ഗോവിന്ദൻ മാസ്റ്റർ ഇത്തവണ തളിപ്പറമ്പിൽനിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു എം വി മാധവി ദമ്പതികളുടെ മകനായ എം വി ഗോവിന്ദൻ (65) 1970ലാണു പാർട്ടി മെംബറായത്. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റായും പിന്നീടു സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി നിയമിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി. എം വി രാഘവന്റെ ബദൽരേഖാ കാലത്ത് ഉള്ളിൽ സന്ദേഹങ്ങളുണ്ടായെങ്കിലും പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1986 ലെ മോസ്കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.
തളിപ്പറമ്പ് ഇരിങ്ങൽ യു.പി. സ്കൂളിൽ കായികാധ്യാപകനായിരുന്നു എം വി ഗോവിന്ദൻ മാസ്റ്റർ. മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായതോടെ സ്വയം വിരമിച്ചു. സിപി.എം. കാസർകോട് ഏരിയാ സെക്രട്ടറിയായും കണ്ണൂർ, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.
കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ പാർട്ടിയുടെ കാസർകോട് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഭവിച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ.ശ്യാമളയാണ് ഭാര്യ. സംവിധായകൻ ജി.എസ്. ശ്യാംജിത്ത്, അഡ്വ. ജി.എസ്.രംഗീത് എന്നിവർ മക്കൾ.
തളിപ്പറമ്പ് നിയമസഭാ സീറ്റ് വിവാദത്തിലും കീഴാറ്റൂർ വയൽക്കിളി സമരത്തിലുമെല്ലാം പാർട്ടിയുടെ താത്വിക മുഖവുമായി പത്തൊൻപതാമത്തെ അടവുമായി ഗോവിന്ദൻ മാഷ് എത്തി പരിഹാരത്തിന് ശ്രമിച്ചിരുന്നു.
ഇരിങ്ങൽ സ്കൂളിലെ ആ പഴയ പി.ടി. മാഷ് ഇടത് മന്ത്രിസഭയിലെ രണ്ടാമനായി മാറുമ്പോൾ സിപിഎമ്മിന്റെ ഭൂപടത്തിൽ കണ്ണൂരിന്റെ ഇടത്തിന് ഒരു തുടം കൂടി ചുവപ്പേറുകയാണ്
ന്യൂസ് ഡെസ്ക്