തലശ്ശേരി: ഹിന്ദുത്വ രാഷ്ട്രിയത്തിന് വേണ്ടി റിസർച്ച് നടത്തുന്ന ഒരു കൂട്ടം ബൂർഷാ ചരിത്രകാരന്മാരുടെ കേന്ദ്രമായി മാറിക്കഴിഞ്ഞ ഐ.സി.എച്ച്.ആർ എന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് എന്ന സ്ഥാപനത്തിന്റെ പേര് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിന്ദുത്വ റിസർച്ച് എന്നാക്കി മാറ്റുന്നതാവും നല്ലതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ തലശേരിയിൽ പറഞ്ഞു

സാമ്യാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്ത് 1940 സെപ്റ്റംബർ 15ന് ജവഹർഘട്ടിൽ വെടിയേറ്റു മരിച്ച അബു -ചാത്തുക്കുട്ടി രക്തസാക്ഷികളുടെ സ്മരണകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പണ്ഡിറ്റ് ജവഹർലാൽ നെഹറുവിനെ ചരിത്രത്തിൽ നിന്നും മാറ്റി അവിടെ സവർക്കറെ പ്രതിഷ്ഠിക്കാനാണ് ശ്രമം  നാടിന്റെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണിപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് ജയരാജൻ കുറ്റപ്പെടുത്തി.

സമര ചരിത്രത്തെ പോലും ഇവർ വികലമാക്കുകയും വർഗ്ഗീയവൽക്കരിക്കുകയുമാണ്. അതിന്റെ ഭാഗമായാണ് 1921ൽ വാരിയംകുന്നത്തും ആലി മുസല്യാരും ഭഗത് സിംഗും നേതൃത്വം നൽകിയ മലബാർ കലാപത്തെ മാപ്പിള ലഹളയായി ചിത്രീകരിക്കുന്നത്. കയ്യൂർ സമരം ഉൾപ്പെടെ എല്ലാറ്റിനെയും തള്ളിപ്പറയുന്ന ഇവർ നാട് ഭരിക്കുമ്പോൾ യഥാർത്ഥ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരുടെ സ്മരണകൾ  കൂടുതൽ ഉയർത്തണമെന്നും ജയരാജൻ പറഞ്ഞു.

കൂടുതൽ ഉച്ചത്തിൽ അവർക്കായി മുദ്രാവാക്യം വിളിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അനുസ്മരണ സമ്മേളനത്തിൽ സിപിഎം നേതാക്കളായ അഡ്വ.പി.ശശി, എം.സി.പവിത്രൻ, പൊന്യം ചന്ദ്രൻ ,കാത്താണ്ടി റസാഖ്, വാഴയിൽ വാസു, വടക്കൻ ജനാർദ്ദനൻ, സുരാജ് ചിറക്കര ,എസ്.ടി.ജയ്‌സൺ, പ്രസന്ന എന്നിവർ പങ്കെടുത്തു.