- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം; എന്റെ വാക്ക് വിശ്വസിക്കാൻ വയ്യെങ്കിൽ നിങ്ങൾ സമരം തുടരുക; മുഖ്യമന്ത്രിയുടെ താക്കീതിന് മുമ്പിൽ ബസ് ഉടമകൾ വാശി ഉപേക്ഷിച്ചു; ഗതാഗത മന്ത്രിയെ നോക്കുകുത്തിയാക്കി ചർച്ചയ്ക്ക് മുൻകൈ എടുത്തത് എംവി ജയരാജൻ; കലിപ്പ് തീർക്കാൻ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് സമരം തീർന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനായിരുന്നു ഇതിന് മുൻകൈ എടുത്തത്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന്റെ അണിയറ പ്രവർത്തനം കാര്യക്ഷ്മമാക്കാൻ ബസ് സമരം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ജയരാജൻ തിരിച്ചറിഞ്ഞു. ഇതാണ് മുഖ്യമന്ത്രിയുടെ ചർച്ചയ്ക്ക് കാരണമായത്. ബസ് ഉടമകളോട് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. താൻ പറയുന്നത് മുഖവിലയ്‌ക്കെടുക്കാൻ പറ്റില്ലെങ്കിൽ സമരം തുടരാനും നിർദ്ദേശിച്ചു. ഈ വാക്കുകളാണ് ബസ് ഉടമകളെ സമ്മർദ്ദത്തിലാക്കിയത്. ഇതോടെ സമരവും പിൻവലിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജു അടക്കമുള്ളവർ ചർച്ചയ്‌ക്കെത്തി. മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമായിരുന്നു ചർച്ച. സമരം തുടങ്ങിയ ശേഷം ആദ്യമായിട്ടായിരുന്നു ചർച്ച. 30ന് ഇടതുമുന്നണി യോഗമുണ്ടെന്നും നയപരമായ തീരുമാനം ആയതിനാൽ മുന്നണിയുടെ പച്ചക്കൊടി ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാം... എന്റെ വാക്ക് വിശ്വസിക്കാൻ വയ്യെങ്കിൽ നിങ്ങൾ സമരം തുടരുക... മുഖ്യമന്ത്രിയുടെ താക്കീതിന് മുമ്പിൽ ബസ് ഉടമകൾ വാശി ഉപേക്ഷിക്കുകയായിരുന്നു. എന്നും ബസ് ഉടമകളുമായി നല്ല ബന്ധം എംവി ജയരാജനുണ്ട്. ഈ നയതന്ത്ര മികവാണ് പ്രശ്‌ന പരിഹാരം സാധ്യമാക്കിയത്. ഇത് ഗതാഗത മന്ത്രി ആന്റണി രാജു പോലും പ്രതീക്ഷിച്ചില്ല. ഈ സാഹചര്യത്തിലാണ് ഒരു ഉറപ്പും നൽകാതെയാണ് ബസ് ഉടമകൾ സ്വന്തം ഇഷ്ടപ്രകാരം സമരം പിൻവലിച്ചുവെന്ന വാദം ചർച്ചയാക്കിയത്.
30ന് യുഡിഎഫ് യോഗം ചേരുന്നുണ്ടെന്നും അതിൽ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബസ് ഉടമകൾ പറയുന്നു. നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും ഈ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിൽ വ്യക്തത ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി കൃത്യമായി തന്നെ പറഞ്ഞുവെന്ന് ബസ് ഉടമകൾ പറയുന്നു. നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരമാണ് പിൻവലിച്ചത്.
ബസ് ഉടമകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്കു പിന്നാലെയാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ ചാർജ് 6 രൂപയാക്കുക, ഒരു കിലോമീറ്റർ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നൽകുക തുടങ്ങിയവയാണ് പ്രധാനമായി ഉടമകൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന പൊതു പണിമുടക്കിൽ പങ്കെടുക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.
യാത്രക്കൂലി കൂട്ടുമെന്ന സർക്കാർ നേരത്തേ നൽകിയ ഉറപ്പിനപ്പുറം ഒന്നും നേടാനാകാതെ സ്വകാര്യ ബസ് ഉടമകൾ സമരത്തിൽനിന്നു തലയൂരിയെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. ചാർജ് കൂട്ടുന്നതു പരിഗണനയിലാണെന്നു നേരത്തേ പറഞ്ഞതിനപ്പുറം ഒരുറപ്പും പുതുതായി നൽകിയിട്ടില്ലെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം, നേരത്തേ പറഞ്ഞതനുസരിച്ച് ചാർജ് വർധിപ്പിക്കാൻ തന്നെയാണു സർക്കാർ തീരുമാനം. എൽ.ഡി.എഫിലും മന്ത്രിസഭയിലും ചർച്ച ചെയ്തതിനു ശേഷം പ്രഖ്യാപനമുണ്ടാകും.
മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് 1.10 രൂപ ഉയർത്തണം, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ആറു രൂപയാക്കണം തുടങ്ങിയവയാണു ബസ ്ഉടമകളുടെ പ്രധാന ആവശ്യങ്ങൾ. കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശിപാർശ നടപ്പാക്കാത്തതിലും അവർക്കു പ്രതിഷേധമുണ്ട്. രാമചന്ദ്രൻ നായർ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചുള്ള നിരക്കുവർധന ഉണ്ടാകുമെന്നു സർക്കാർ അറിയിച്ചെങ്കിലും പ്രഖ്യാപനം വൈകിയതാണ് സമരത്തിലേക്കു നയിച്ചതെന്നാണു ബസ് ഉടമകളുടെ ന്യായീകരണം. ചാർജ് കൂട്ടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ